Wednesday, September 24, 2008

സുലൈമാന്‍

ഓര്‍മ്മച്ചെപ്പില്‍ നിന്നും പുനഃപ്രസിദ്ധീകരിച്ചത്.........



വീണ്ടും ഒരു റമദാന്‍മാസം കൂടി കടന്നുപോകുന്നു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ കഠിനമായ വേനല്‍ ശമിക്കുന്നതിനു മുമ്പാണ് റമദാന്‍ മാസം വന്നെത്തിയിരിക്കുന്നത്. പക്ഷേ വര്‍ഷങ്ങളായി എന്റെ ഓര്‍മ്മകളിലെ റമദാന് ഒരു തണുപ്പുകാലത്തിന്റെ പ്രതീതിയാണ്. ഇതിനു കാരണമുണ്ട്. 1992 ല്‍ ഞാന്‍ സൌദി അറേബ്യയിലെ ദമാമില്‍ ആദ്യമായി ജോലിക്കെത്തുമ്പോള്‍, ആ വര്‍ഷത്തെ റമദാന്‍ ഫെബ്രുവരിമാസത്തില്‍ ആയിരുന്നു - ഗള്‍ഫ് രാജ്യങ്ങളിലെല്ലാം തണുപ്പുകാലം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുന്ന സമയം. അവിടുന്നിങ്ങോട്ട് ഓരോ വര്‍ഷവും പത്തുദിവസം വീതം കുറഞ്ഞ് കുറഞ്ഞ് ഇപ്പോഴിതാ സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തിലെത്തിനില്‍ക്കുന്നു റമദാന്‍ മാസാരംഭം.


റമദാന്‍ നോമ്പ് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ത്തന്നെ “ഫീല്‍” ചെയ്യണമെങ്കില്‍ സൌദി അറേബ്യയില്‍ തന്നെ താമസിക്കണം എന്നാണ് എനിക്കു അനുഭവത്തില്‍നിന്നും തോന്നിയിട്ടുള്ളത്. സൌദി അറേബ്യയിലെ കര്‍ശനനിയമങ്ങള്‍ കാരണം അത് മനുഷ്യവാസയോഗ്യമായ ഒരു സ്ഥലമല്ലെന്ന പലര്‍ക്കും ഒരു ധാരണയുള്ളതിനാല്‍, പതിനാലുവര്‍ഷത്തെ അനുഭവത്തില്‍ നിന്ന് ഒരു കാര്യം ആദ്യമേ ഞാന്‍ പറയട്ടെ. ഇത് അതിശയോക്തിപരമായ ഒരു പ്രസ്താവന മാത്രമാണ്! കര്‍ശന നിയമങ്ങളും വ്യവസ്ഥകളും ഉണ്ട് എന്നതു സത്യം - പക്ഷേ അത് അവിടെ ജീവിക്കുന്നതിന് അത്രവലിയ തടസ്സമായി എനിക്കു വ്യക്തിപരമായി തോന്നിയിട്ടില്ല.


നാം ജീവിക്കുന്ന രാജ്യത്തെ നിയമങ്ങളുമായി രീതികളുമായി ഒത്തുപോകുവാന്‍ മനസുള്ള ആര്‍ക്കും പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടുകളും കൂടാതെ, കുറഞ്ഞ ജീവിതച്ചെലവില്‍ ജീവിക്കാന്‍ സാധിക്കുന്ന ഒരു രാജ്യമാണ് സൌദി - പ്രത്യേകിച്ചും കുടുംബത്തോടൊപ്പം. മാത്രവുമല്ല, “സ്വാതന്ത്ര്യം” എന്നത് നാം ഓരോരുത്തരും എന്താഗ്രഹിക്കുന്നു, അത് നിവര്‍ത്തിച്ചുകിട്ടാന്‍ എത്രത്തോളം സാധിക്കും എന്നതിനെ ആശ്രയിച്ചായതിനാല്‍ ഇത് തികച്ചും വ്യക്തിപരവുമാണ്.


മറ്റു ആഘോഷങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത സൌദിയില്‍ റമദാന്റെ ഒരു മാസക്കാലം ശരിക്കും ഒരാഘോഷവേളയാണ്! കടകളിലൊക്കെ ഒരു ഷോപ്പിംഗ് ഫെസ്റ്റിവല്‍ പോലെ വിലക്കുറവ്, പ്രത്യേക ഓഫറുകള്‍ തുടങ്ങിയ പ്രത്യേകതകള്‍. ഈ അവസരത്തില്‍ റോഡുകളും, കോര്‍ണിഷും (കടല്‍ത്തീരം) ദീപാലംകൃതമാക്കിയിരിക്കും. കടകളുടെയെല്ലാം പ്രവര്‍ത്തനസമയം തന്നെ വ്യത്യാസമാണ്. ഇഷാ നമസ്കാരത്തിനു ശേഷം തുറക്കുന്ന കടകളും ഷോപ്പിംഗ് സെന്ററുകളും റെസ്റ്ററന്റുകളും രാവേറെ വൈകി രണ്ടു-മൂന്നു മണിവരെ തുറന്നിരിക്കും. ഈ സമയം മുഴുവന്‍ നഗരം സജീവമായിരിക്കും.


അല്ലാത്ത അവസരങ്ങളില്‍ കൂടുതലും പുരുഷന്മാരെ മാത്രം കാണാവുന്ന ദമാം നഗരവീഥികളിലെല്ലാം ഷോപ്പിംഗിന് ഇറങ്ങുന്ന തദ്ദേശീയരായ കുടുംബങ്ങള്‍ - പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും - എല്ലാമായി ശബ്ദമുഖരിതമായിരിക്കും. അതോടൊപ്പം വിദേശികളും. ആകെ ഒരു ഉത്സവച്ഛായ. ഒരുവര്‍ഷത്തെ ആകെ കച്ചവടം നോക്കിയാല്‍, ബാക്കിയെല്ലാ മാസങ്ങളിലും കൂടിയുണ്ടാക്കുന്ന അത്ര വരുമാനം ഈ ഒരു മാസംകൊണ്ടു ഉണ്ടാക്കാം എന്ന് സ്വന്തമായി കടനടത്തുന്ന ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു.



മറ്റു ഗള്‍ഫ് നഗരങ്ങളെ അപേക്ഷിച്ച് സൌദിയിലെ മറ്റൊരു പ്രത്യേകത അവിടെയുള്ള മോസ്കുകളുടെ എണ്ണമാണ്. ഒരേ ചുറ്റുവട്ടത്തില്‍ തന്നെ ചെറുതും വലുതുമായി ഒരുപാടു പള്ളികള്‍. അതിനാല്‍ത്തന്നെ ബാങ്കുവിളിക്കുന്നത് ആരും കേള്‍ക്കാതെ പോകുന്ന പ്രശ്നമില്ല! പ്രാര്‍ത്ഥനാ സമയങ്ങളിലൊക്കെ കടകള്‍ അടവായിരിക്കുമെന്നതിനാല്‍ കൃത്യമായി ഈ സമയങ്ങള്‍ അവിടെ താമസിക്കുന്ന എല്ലാവര്‍ക്കും അറിയാം എന്ന പ്രത്യേകതയും ഉണ്ട്.


റമദാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പബ്ലിക്കായി ഭക്ഷണം കഴിക്കുവാനോ, പുകവലിക്കുവാനോ അനുവാദമില്ല. റെസ്റ്ററന്റുകള്‍ പകല്‍ സമയം തുറക്കുകയുമില്ല. റമദാനില്‍ അതിരാവിലെ സുബുഹി ബാങ്കുവിളിക്കുന്നതിനു മുമ്പായി ദമാമിലെ പ്രധാന മോസ്കില്‍നിന്നും ഒരു വെടിയൊച്ച മുഴങ്ങും. ഇത് സിറ്റിയുടെ എല്ലാഭാഗങ്ങളിലും പ്രതിധ്വനിക്കും. അതോടെ എല്ലാ പള്ളികളില്‍ നിന്നും ഒരേ സമയം ബാങ്കുവിളി മുഴങ്ങും. ജോലിസമയം പൊതുവേ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടുവരെയും, ചില കമ്പനികളില്‍ ഉച്ചയ്ക്ക് രണ്ടു വരെയും ആയിരിക്കും. റോഡില്‍ ട്രാഫിക് പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാല്‍ രണ്ടരയാവുമ്പോഴേക്ക് വീട്ടിലെത്തും. പിന്നെ വിശ്രമമാണ്, മഗ്രിബ് ബാങ്ക് വരെ. അപ്പോഴാണ് നോമ്പു തുറക്കുന്നത്.


ഇതിനു മുമ്പുതന്നെ കൊച്ചുകൊച്ചു കഫറ്റേരിയകളും, റെസ്റ്ററന്റുകളും നോമ്പുതുറക്കാനുള്ള ലഘുഭക്ഷണങ്ങളുമായി പ്രത്യേക കൌണ്ടറുകള്‍ തന്നെ സജ്ജീകരിച്ചിരിക്കും. രണ്ടു റിയാല്‍ കൊടുത്താല്‍ ഇഷ്ടം പോലെ വിഭവങ്ങള്‍. മിക്ക ദിവസങ്ങളിലും ഇതേ സാധനങ്ങള്‍ വീട്ടില്‍ വാങ്ങി നോമ്പില്ലാതെയുള്ള ഒരു നോമ്പുതുറ ഞങ്ങളും നടത്തുമായിരുന്നു.


നോമ്പ് തുറക്കാനുള്ള സമയമായാല്‍, റോഡിലൊന്നും ഒരു മനുഷ്യരേയും കാണാനാവാത്ത ഗള്‍ഫ് നഗരങ്ങള്‍ പക്ഷേ സൌദിയുടെ മാത്രം പ്രത്യേകതയാവാം. എനിക്ക് അത് എന്നും ഒരു വിസ്മയക്കാഴ്ച തന്നെയായിരുന്നു. ഇത്രയും തിരക്കേറിയ ഒരു നഗരം, അരമണിക്കൂര്‍ നേരത്തേക്ക് മനുഷ്യവാസമുണ്ടോ എന്നു തോന്നുമാറ് നിശബ്ദം, ശാന്തം! കൊച്ചു റെസ്റ്ററന്റുകളിലെല്ലാം, രണ്ടു റിയാല്‍ കൊടുത്താല്‍ അവിടെത്തന്നെ നോമ്പ് തുറക്കാനായി ഒരു ഇഫ്താര്‍ കിറ്റ് കൊടുത്തിരുന്നു - അവിടെയിരുന്നുതന്നെ കഴിക്കാം. മഗ്രിബ് ബാങ്കിനു മുമ്പുതന്നെ അവിടങ്ങളും ഫുള്‍ ആയിരിക്കും.



ഇതുകൂടാതെ സൌദിയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും പള്ളികളോടൊപ്പം സമൂഹനോമ്പുതുറയ്ക്കുള്ള ടെന്റുകളും ഉണ്ടായിരുന്നു - ഇപ്പോഴും ഉണ്ട്. തറയില്‍ വിരിച്ചിരിക്കുന്ന വലിയ കാര്‍പ്പെറ്റുകളില്‍ നിരനിരയായി ഇരുന്ന് നോമ്പുനോക്കുന്നവരെല്ലാം ഒന്നിച്ചാണ് ഈ ടെന്റുകളില്‍ നോമ്പു തുറക്കുക. അവിടെ ഓരോ ഭാഷക്കാര്‍ക്കായി പ്രത്യേകം സെക്ഷനുകള്‍ ഏര്‍പ്പെടുത്തി, ചെറിയ പ്രഭാഷണങ്ങളും ഇതോടോപ്പം നല്‍കിയിരുന്നു.


സുലൈമാനെപ്പറ്റി തലക്കെട്ടില്‍ പറഞ്ഞെങ്കിലും ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ. ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെ പെയ്ന്റര്‍ ആയിരുന്നു സുലൈമാന്‍. ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായി ഒരു മുതിര്‍ന്നയാള്‍ക്ക് എങ്ങനെ പെരുമാറാം എന്നതിന്റെ ആള്‍ രൂപം. തിരുവനന്തപുരത്തുകാരന്‍. വലിയ വിദ്യാഭ്യാസമൊന്നുമില്ല. ഗള്‍ഫില്‍ വന്ന് കഷ്ടപ്പെട്ട്, നാട്ടില്‍ കുടുംബത്തെ പരമാവധി നല്ലനിലയില്‍ താമസിപ്പിക്കാന്‍ പാടുപെടുന്ന ഒരു ശരാശരി പ്രവാസിയുടെ പ്രതിനിധി.


സുലൈമാന്റെ കഥകള്‍ ഏറെയാണ്. വീട്ടിലെ ദുരിതങ്ങള്‍, നാട്ടിലെ കഥകള്‍, ബാല്യകാലത്തെ വിശേഷങ്ങള്‍, ഉപ്പയുടെയും ഉമ്മയുടെയും കഥകള്‍ ഇങ്ങനെ എപ്പോള്‍ കണ്ടാലും സുലൈമാന് നൂറുകൂട്ടം പറയാനുണ്ടാവും. സുലൈമാന്‍ ഒരു ഡയബറ്റിക് പേഷ്യന്റ് ആയിരുന്നു. അതില്‍ മാത്രം ഡോക്ടര്‍മാര്‍ പറയുന്നതിലൊന്നും സുലൈമാന് ശ്രദ്ധയില്ല. എന്തുചെയ്യാം! “ഒരു കുഴപ്പവും ഇല്ല സാറേ.... എന്നായാലും മരിക്കും” സുലൈമാന്‍ പറയും.



റമാദിനിനോടനുബന്ധിച്ച് നോമ്പ് തുറക്കാനായി ടെന്റുകള്‍ ഉണ്ടാവും എന്നു പറഞ്ഞല്ലോ. വളരെ നല്ല മുന്തിയ ഇനം ഭക്ഷണമാണ് ഇത്തരം ടെന്റുകളില്‍ സൌദികള്‍ എത്തിക്കുന്നത്. എല്ലാവര്‍ക്കും വയറുനിറയെ തിന്നാന്‍ വിളമ്പിയാലും പിന്നെയും വളരെ ബാക്കിയാവും. തുച്ഛശമ്പളക്കാരായ ജോ‍ലിക്കാര്‍ക്ക് വലിയൊരു ആശ്വാസമാണ് ഇപ്രകാരമുള്ള ഇഫ്താര്‍ ടെന്റുകള്‍. അവിടെ മലയാളികള്‍ക്കായുള്ള സെക്ഷനിലെ സ്ഥിരം വോളന്റിയറായിരുന്നു സുലൈമാന്‍. മിക്ക ദിവസങ്ങളിലും നോമ്പുതുറയും കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴി സുലൈമാന്‍ ഞങ്ങളുടെ താമസസ്ഥലത്ത് ഒന്നു കയറിയിട്ടേ പോകൂ. കൈയ്യില്‍ വലിയൊരു പൊതിയും കാണും - നല്ല ബിരിയാണി! എന്താ അതിന്റെ ഒരു മണവും രുചിയും! ടെന്റിലെ ഭക്ഷണങ്ങള്‍ക്കിടയില്‍ നിന്നും ആദ്യമേ മാറ്റിവയ്ക്കുന്നതാണത്.



ഞങ്ങള്‍ സൌദിയില്‍നിന്നും ദുബായിലേക്ക് വന്നതിനു ശേഷവും സുലൈമാനുമായുള്ള സ്നേഹബന്ധത്തിനു കുറവൊന്നും വന്നില്ല. ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഫോണില്‍ വിളിക്കും. ഓണത്തിനും ക്രിസ്മസിനും ഒക്കെ ആശംസകള്‍ നേരുവാന്‍. ഈദിന് ഞങ്ങള്‍ അങ്ങോട്ടും വിളിക്കും. കഴിഞ്ഞ ഏപ്രിലില്‍ ഒരു ദിവസം, സൌദിയില്‍ നിന്നും ജാക്കിച്ചാന്‍ എന്നു ഞങ്ങള്‍ തമാശയ്ക്കു വിളിക്കുന്ന രാജന്‍ ചാക്കോച്ചായന്‍ വിളിച്ചു “എടാ, നമ്മുടെ സുലൈമാന്‍ മരിച്ചുപോയി..... “ ഒരു ഞെട്ടലോടെയാണതു കേട്ടത്.



പ്രമേഹം വളരെ മോശമായ അവസ്ഥയിലെത്തി, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായത്രെ. ചികിത്സയും വിശ്രമവുമായി വീട്ടില്‍ കഴിയുകയായിരുന്നു. അന്ന് കൂടെ താമസിച്ചിരുന്നവര്‍ ജോലികഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ശാന്തമായി കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നത്രേ. ഒരു ദിവസം എല്ലാവരും മരിക്കും, എങ്കിലും നാല്‍പ്പത്തിരണ്ടാം വയസില്‍തന്നെ മരണത്തിനു കീഴടങ്ങാനായിരുന്നുവല്ലോ സുലൈമാനേ നിന്റെ വിധി.


സുലൈമാനില്ലാത്ത ആദ്യ റമദാന്‍ കടന്നുപോകുന്നു. പക്ഷേ സൌദിയിലെ റമദാന്റെ ചിന്തകളോടൊപ്പം സുലൈമാനും എന്നും മനസ്സില്‍ മായാതെ ഉണ്ടാവും

Monday, September 22, 2008

അനുഗ്രഹങ്ങളുടെ രാവ്

വിശുദ്ധഖുര്‍ആന്റെ അവതരണ ആരംഭമാണ്‌ റമദാന്റെ പ്രത്യേകതകളില്‍ പ്രധാനം . ആ ആദ്യസൂക്തങ്ങള്‍‍ അവതരിച്ചതാകട്ടേ റമദാനിലെ 'ലൈലത്തുല്‍ ഖദര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുണ്യരാവിലും.

മക്കയിലെ സര്‍വ്വാദരണീയനായിരുന്നു അനാഥനായി വളര്‍ന്ന അല്‍-അമീന്‍. തന്റെ ചുറ്റും നടമാടുന്ന അനാചാരങ്ങളും വര്‍ണ്ണവിവേചനവും അടിമത്തവും എല്ലാം ഓര്‍ത്ത്‌ ആ വലിയ മനസ്സ്‌ എന്നും വേവലാതിപ്പെടാറുണ്ടായിരുന്നു. നല്‍പത്‌ വയസ്സ്‌ കലഘട്ടത്തില്‍ അവിടുന്ന് ജനങ്ങളില്‍ നിന്ന് അകന്ന് താമസിക്കുവാന്‍ ആഗ്രഹിച്ചു. ഇതിനായി മക്കയില്‍ നിന്ന് കുറച്ച്‌ അകലെ ജബലുന്നൂറില്‍ ആയിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹിറാ ഗുഹയാണ്‌ അവിടുന്ന് തിരഞ്ഞെടുത്തത്‌. ആ ദിവസങ്ങളില്‍ വീട്ടില്‍ വരാറില്ലാത്തതിനാല്‍, തന്റെ ഭര്‍ത്താവിനുള്ള ഭക്ഷണവുമായി അമ്പതിലധികം വയസ്സ്‌ പ്രായമുള്ള ഖദീജ മലകയറുമായിരുന്നു. അക്കാലത്ത്‌ അല്‍ അമീന്‍ ചില സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. അടുത്ത ദിവസങ്ങളില്‍ ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ അത്ഭുതമായി.


അങ്ങിനെയൊരിക്കല്‍ ഹിറയുടെ അരണ്ട വെളിച്ചത്തില്‍ ഒരു രൂപം പ്രത്യക്ഷപ്പെട്ടു... നിഷ്കളങ്കനായ അല്‍ അമീനോട്‌ 'വായിക്കാന്‍' ആവശ്യപ്പെട്ടു. ആ നിരക്ഷരന്‍ തന്റെ നിസ്സഹായത ആ രൂപത്തിന്റെ മുമ്പില്‍ വ്യക്തമാക്കി "ഞാന്‍ വായിക്കാന്‍ അറിയുന്നവനല്ല.." അതിന്‌ മറുപടി ഒരു ആലിംഗനമായിരുന്നു... ചോദ്യം ആവര്‍ത്തിക്കപ്പെട്ടു... ഉത്തരവും. മൂന്നാം പ്രാവശ്യം ചോദ്യത്തോടൊപ്പം രൂപം കൂട്ടിച്ചേര്‍ത്തു " വായിക്കുക സൃഷ്ടിച്ച രക്ഷിതാവിന്റെ നമത്തില്‍. നീ വായിക്കുക... നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ പഠിപ്പിച്ചവന്‍. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചു. (കൊണ്ടേയിരിക്കുന്നു.)


ഇത്‌ നബിതിരുമേനി ആവര്‍ത്തിച്ചു. ഇതായിരുന്നു വിശുദ്ധ വേദഗ്രന്ഥത്തിന്റെ ആദ്യ സൂക്തങ്ങള്‍. പിന്നീട്‌ ഇരുപത്തിമൂന്ന് വര്‍ഷം നീണ്ട ആ ജീവിതത്തിന്റേയും അവിടുന്ന് സൃഷ്ടിച്ച ഒരു സമൂഹത്തിന്റെയും അടിസ്ഥാനം അന്ന് ആ ഹിറഗുഹയ്കത്ത്‌ മുഴങ്ങിയ "വായിക്കുക..." എന്ന വാക്യത്തില്‍ ആരംഭിച്ച വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു. ആ ആദ്യക്ഷരങ്ങള്‍ മനുഷ്യന്‌ ദൈവത്തിന്റെ വരദാനമായി ലഭിച്ചത്‌ റമദാനിലെ അവസാനത്തെ പത്തിലെ ഒരു രാവിലായിരുന്നു.


അത്‌ കൊണ്ട്‌ തന്നെ അല്ലാഹു ആ രാവിനെ വിശേഷിപ്പിച്ചത്‌ 'ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ രാവ്‌' എന്നാണ്‌. റമദാനിലെ അവസാനപ്പത്തിലെ ഒറ്റയിട്ട രാവുകളില്‍ നിങ്ങള്‍ ആ രാവ്‌ പ്രതീക്ഷിക്കണം എന്ന് നബി തിരുമേനി അനുയായികളേ അറിയിച്ചിട്ടുണ്ട്‌.


ഒരിക്കല്‍ പത്നിയായ ആയിശ ചോദിച്ചു... "പ്രവാചകരേ... ലൈലത്തുല്‍ ഖദര്‍' ഏത്‌ ദിവസമാണെന്ന് ബോധ്യപ്പെട്ടാല്‍ ഞാന്‍ എന്ത്‌ ചെയ്യണം. തിരുമേനി (സ) മറുപടി നല്‍കി... "ആയിശാ നീ പ്രാര്‍ത്ഥിക്കണം... അല്ലാഹുവേ നീ മാപ്പ്‌ നല്‍കുന്നവനാണ്‌, നിനക്ക്‌ മാപ്പ്‌ നല്‍കുന്നത്‌ ഇഷ്ടമാണ്‌, അത്‌ കൊണ്ട്‌ എനിക്കും മാപ്പ്‌ നല്‍കേണമേ..."

ലൈലത്തുല്‍ ഖദറിന്റെ സൌഭാഗ്യം ലഭിക്കുന്ന ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടേ...
എഴുതിയത് : ഇത്തിരിവെട്ടം.

Wednesday, September 17, 2008

ബദര്‍ ദിനം.

സമാധാനത്തിന്റെ മതമാണ് ഇസ്ലാം. കാട്ടുനീതി നടപ്പിലാക്കിയിരുന്ന ഒരു സമൂഹത്തെ മാനവികതയുടെ പരമോന്നതിയിലേക്ക് കൈപിടിച്ചു ഉയര്‍ത്തിയ മതമാണ് ഇസ്ലാം. സഹജീവികളോടെന്ന പോലെ, മറ്റുജീവജാലങ്ങളോടും കാരുണ കാണിച്ച്, അവയെ അനാവശ്യമായി കൊല്ലാന്‍ പാടില്ല, വേദനിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്ന മതം. തന്റെ അധീനതയിലുള്ള ഒരു മരം തന്റെ നോട്ടക്കുറവു മൂലം ഉണങ്ങിപ്പോയാല്‍, അല്ലാഹുവിന്റെ മുന്നില്‍ അതിനു സമാധാനം പറയേണ്ടി വരും എന്നു പഠിപ്പിക്കുന്ന മതം. മുസ്ലിം, മറ്റുള്ളവരെ കാണുമ്പോള്‍ സാധാരണ ‘അസ്സലാമു അലൈക്കും’ എന്നാണ് പറയുന്നത്. നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ എന്നാണ്. ലോകത്തിന് സമാധാനമുണ്ടാകട്ടെ എന്നാണ്. ഇസ്ലാമിന്റെ പരമ പ്രധാനമായ ആരാധനയാണ് നമസ്കാരം. ആ നമസ്കാരത്തില്‍ പോലും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് സമാധാനത്തിനു വേണ്ടിയാണ്.

അപ്പോള്‍ യുദ്ധം ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അന്യമാണ്. ചരിത്രം പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാക്കാന്‍ കഴിയും. പ്രവാചകന്‍ മുഹമ്മദ് നബി (സ) നാല്പത് വയസ്സ് പൂര്‍ത്തിയായപ്പോള്‍ മക്കയിലാണ് ഉണ്ടായിരുന്നത്. അവിടെ നിന്നാണ് നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ചതും ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ തുടങ്ങിയതും. അന്നുവരെ ഏവര്‍ക്കും സമ്മതനായിരുന്ന, ഒരു ശത്രുപോലും ഇല്ലാതിരുന്ന പ്രവാചകര്‍ക്ക്, ഈ പ്രപചത്തിന്റെ നാഥന്‍ ഒരുവനാണ് അവനെ മാത്രം ആരാധിക്കുക എന്ന ഒരു പ്രബോധനവുമായി ജനങ്ങളിലേക്ക് കടന്നു വന്നപ്പോള്‍, ഒന്നിലധികം ദൈവങ്ങളെ ആരാധിച്ചു പോന്നിരുന്നവര്‍ സ്വാഭാവികമായി എതിര്‍ത്തു. മദ്യപാനവും വ്യഭിചാരവും എന്നു വേണ്ട മറ്റു അനാവശ്യ പ്രവര്‍ത്തനങ്ങളുമായി ജീവിച്ചു വന്ന ഒരു സമൂഹത്തിലേക്ക് ഏകനായ അല്ലാഹുവിനെ മാത്രം വിശ്വസിക്കുക, വ്യഭിചരിക്കാതിരിക്കുക, മദ്യപാന്മാരാവതിരിക്കുക, അക്രമിക്കാതിരിക്കുക, ആരെയും കൊല്ലാതിരിക്കുക... എന്ന സുന്ദരമായ സന്ദേശവുമായി നബി കടന്നു വന്നപ്പോള്‍ അവര്‍ മുഴുവന്‍ നബിക്കെതിരായി തിരിഞ്ഞു. നബിക്കെതിരെ വളരെ ക്രൂരമായ രീതിയില്‍ തന്നെ അക്രമങ്ങള്‍ അഴിച്ചുവിട്ടു. എല്ലാ എതിര്‍പ്പുകളേയും നബി സഹിച്ചു. അക്രമങ്ങള്‍ സഹിച്ചു. വളരെ സമാധാനപൂര്‍വ്വം ജീവിച്ചു. നുബുവത്ത് ലഭിച്ച് പതിമൂന്ന് വര്‍ഷക്കാലം നബി ഈ ശത്രുക്കളുടെ ഇടയിലായിരുന്നു. തന്റെ അനുചരന്മാരായവരോട് മറ്റുള്ളവര്‍ അക്രമിക്കുന്ന സമയത്ത് സംയമനം പാലിക്കാന്‍ നബി നിര്‍ദ്ദേശം നല്‍കിയിരുന്നു. എതിര്‍പ്പുകള്‍ സമാധാന പൂര്‍വ്വം നേരിടണമെന്നു പറഞ്ഞിരുന്നു. ഈ സമയത്ത് യുദ്ധങ്ങള്‍ക്ക് വളരെയധികം സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. അന്ന് അത് നബി ഉദ്ദേശിച്ചിട്ടുമില്ല അല്ലാഹു അനുവദിച്ചിട്ടുമില്ല.

നബിതിരുമേനി(സ) തന്റെ ജീവിതത്തിന്റെ അമ്പത്തിമൂന്ന് വര്‍ഷവും ചിലവഴിച്ചത് മക്കയിലാണ്. അതില്‍ പ്രവാചകത്വത്തിന് ശേഷം പതിമൂന്ന് വര്‍ഷം ക്രുരമായ മര്‍ദ്ദനങ്ങളും പീഡനങ്ങളും അസഹ്യമായപ്പോഴാണ് മദീനയിലേക്ക് പാലായനം ചെയ്തത്. ഇനിയും അവിടെ തുടര്‍ന്നാല്‍ ഒരു യുദ്ധം തന്നെ ഉണ്ടാവാനുള്ള സാദ്ധ്യത മുന്നില്‍ കണ്ട്, ആ യുദ്ധം ഒഴിവാക്കുന്നതിനായി നബിയും സഹചരും മദീനയിലേക്ക് യാത്രയായി, ആ യാത്രയെപറ്റി ശത്രു പക്ഷത്തിന് അറിവു ലഭിച്ചാല്‍ അവര്‍ തടയപ്പെടുമെന്നും അതൊരു രക്തചൊരിച്ചിലിന് കാരണമായേക്കാമെന്നും നബി മനസ്സിലാക്കി, ആരും അറിയാതെ രാവിന്റെ മറവില്‍ പാലായനം ചെയ്യുകയായിരുന്നു. പലായനത്തോടെ മദീന ഇസ്ലാമിന് വളക്കൂറുള്ള മണ്ണായി. അതോടെ മദീനയെ നശിപ്പിക്കുക എന്നത് മക്ക പ്രമാണിമാരുടെ ആവശ്യമായി.

മദീനയില്‍ നബി രണ്ട് വര്‍ഷം താമസിച്ചു. ഇസ്ലാമിക പ്രബോധന രംഗത്ത് മൊത്തം പതിനഞ്ച് വര്‍ഷം. ഇതു വരെ ഒറ്റ യുദ്ധം പോലും ഉണ്ടായിട്ടില്ല. നബിയും സഹായികളും മക്കവിട്ടപ്പോള്‍ ഉപേക്ഷിച്ചു പോന്ന സമ്പത്ത് ഉപയോഗിച്ച് കച്ചവടം ചെയ്ത് ആ ലാഭത്തില്‍ നിന്ന് മുസ്ലിംങ്ങള്‍ക്കെതിരെ യുദ്ധം നയിക്കാനായി മക്കക്കാര്‍ ഒരുങ്ങുന്നതറിഞ്ഞ് സിറിയയില്‍ നിന്ന് കച്ചവടം കഴിഞ്ഞ് മക്കയിലേക്ക് തിരിച്ച സംഘത്തെ തടയുവാന്‍, അവരില്‍ ഉപരോധം ഏര്‍പ്പെടുത്തി മക്കക്കാരുമായി ഒരു ഉടമ്പടി ഉണ്ടാക്കുന്നതിനുമായി നബിയും മുന്നൂറ്റി പതിമൂന്ന് സഹായികളും മദീനയുടെ അതിര്‍ത്തിയിലുള്ള ബദറില്‍ എത്തി. വിവരം അറിഞ്ഞ് കച്ചവടസംഘത്തെ സഹായിക്കന്‍ മക്കയില്‍ നിന്ന് പോഷക സൈന്യം എത്തി. കച്ചവട സംഘം രക്ഷപ്പെട്ടങ്കിലും മക്കാ പ്രമാണിമാരുടെ സൈന്യവും മുസ്ലിം സൈന്യവും തമ്മില്‍ മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ബദര്‍ മൈതാനിയില്‍ വെച്ച് ഏറ്റുമുട്ടി.

ഈ യുദ്ധത്തിലേക്ക് താനും അനുയായികളും നീങ്ങുമ്പോള്‍ നബി നടത്തിയ പ്രസംഗത്തില്‍, നമ്മുക്ക് യുദ്ധം ആവശ്യമായി വന്നിരിക്കുന്നെനും ഏതെങ്കിലും തരത്തില്‍ യുദ്ധം ഒഴിവാക്കാനാവുമെങ്കില്‍ അതാണ് നമുക്ക് നല്ലതെന്നും, ഒരിക്കലും ഒരു യുദ്ധത്തിനു വേണ്ടി നിങ്ങള്‍ ആഗ്രഹിക്കരുത് എന്നും പ്രത്യേകം പറഞ്ഞിരുന്നു. യുദ്ധം ചെയ്യുന്നവര്‍ക്ക് സഹായം ചെയ്യാനെത്തുന്ന ശത്രുപക്ഷത്തെ സ്ത്രീകളോടും കുട്ടികളോടും നിങ്ങള്‍ യുദ്ധം ചെയ്യരുതെന്നും പറഞ്ഞിരുന്നു. ഈ യുദ്ധത്തില്‍ ആയിരത്തില്‍ കവിയുന്ന ശത്രുസൈന്യവുമായി ഏറ്റുമുട്ടിയത് മുസ്ലിം പക്ഷത്തു നിന്നും മുന്നൂറ്റി പതിമൂന്നു പേരാണ്. യുദ്ധത്തില്‍ പതിനാല് മുസ്ലിങ്ങളും എഴുപത് ശത്രുക്കളും കൊലച്ചെയ്യപ്പെട്ടു. യുദ്ധത്തടവുകാരായി എഴുപത് മക്കകാര്‍ പിടിയിലായി. അവരെ മോചനദ്രവ്യം നല്‍കി സ്വതന്ത്രരാക്കി... അതിന് കഴിയാത്തവരെ മദീനയിലെ പത്ത് പേരെ സാക്ഷരരാക്കിയാല്‍ മോചനം വാഗ്ദാനം ചെയ്തു. ബദര്‍ യുദ്ധത്തോടെ മേഖലയിലെ ചോദ്യം ചെയ്യാപ്പെടനാവത്ത ശക്തിയായി മുസ്ലിങ്ങള്‍ വളര്‍ന്നു. റമദാന്‍ പതിനേഴിനായിരുന്നു ബദര്‍ യുദ്ധം ഉണ്ടായത്. ഇസ്ലാമിക യുദ്ധങ്ങളെ കുറിച്ച് പഠിച്ചാല്‍ ആത്മരക്ഷക്കായിരുന്നു ആയുധം എടുത്തതെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കുവാന്‍ കഴിയും.

ഒരു യുദ്ധം ഉണ്ടായ സമയത്ത് ഇസ്ലാം എടുത്ത മുന്‍‌കരുതലുകളാണിതെല്ലാം. ഇന്നു നടക്കുന്ന യുദ്ധങ്ങളില്‍ ഒരു നാടുമുഴുവന്‍ ചുട്ടുകരിക്കുന്ന, ശവങ്ങളുടെ ചാരക്കൂനയാക്കുന്ന തരം യുദ്ധം ഇസ്ലാമിന് എന്നും അന്യമാണ്. ഇസ്ലാം എന്നും യുദ്ധത്തിനും കൊലപാതകങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും എതിരാണ്. ഇസ്ലാം യുദ്ധത്തിന്റെ മതമാണ്, മുസ്ലിമുകളെല്ലാം തീവ്രവാദികളാണെന്ന് ഉറക്കെയുറക്കെ പറഞ്ഞ് അത് സത്യമാക്കിതീര്‍ക്കാന്‍ പ്രചരണങ്ങള്‍ നടത്തുന്ന ഈ കാലത്ത്, തീവ്രവാദി ആക്രമണങ്ങള്‍ നടത്തി, നാടെങ്ങും ബോബുകള്‍ പാകി സമൂഹത്തിന്റെ സമാധാനം നശിപ്പിച്ച്, ജനങ്ങളെ കാരണമില്ലാതെ കൊന്നൊടുക്കുന്ന രീതി ഒരിക്കലും ഇസ്ലാമിന്റേതല്ല. അതിനു തുനിഞ്ഞിറങ്ങിയവരെ കണ്ടു പിടിക്കുമെന്നും അവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും നമുക്കു പ്രത്യാശിക്കാം.

Wednesday, September 3, 2008

റമദാന്‍ മാസം

മനുഷ്യര്‍ക്ക് സന്മാര്‍ഗമായും സത്യാസത്യ വിവേചകമായും വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു സമ്മാനിച്ച മാസമാണ് റമദാന്‍. നന്മകള്‍ക്ക് പലഇരട്ടി പ്രതിഫലവും ലഭിക്കുന്ന മഹത്തായ മാസമാണ് നമ്മുടെ മേല്‍ തണലിടുന്നത്. നബി(സ) റമദാന്‍ സമാഗതമാവുന്ന അവസരത്തില്‍, അതിന്റെ അനുഗ്രഹങ്ങള്‍ ലഭ്യമാവുന്നതിന് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്താന്‍ ശിഷ്യന്മാരെ ഉപദേശിക്കുമായിരുന്നു. പുണ്യങ്ങള്‍ ചെയ്യുന്നതിലും റമദാന്റെ ഗുണഫലങ്ങള്‍ നേടിയെടുക്കുന്നതിലും മത്സരിച്ച് മുന്നേറേണ്ട വിലപ്പെട്ട ദിനരാത്രങ്ങളാണ് വന്നെത്തുന്നത്.

പ്രതിസന്ധിഘട്ടങ്ങള്‍ നേരിടുമ്പോള്‍ വ്രതമനുഷ്ഠിക്കാനാണ് ഖുര്‍ആനും സുന്നത്തും നമ്മോട് ആവശ്യപ്പെടുന്നത്. ആത്മനിയന്ത്രണം നേടിയെടുക്കാന്‍ സാധ്യമാവുന്ന ഇബാദത്താണ് വ്രതം. ആത്മനിയന്ത്രണമാണ് മനുഷ്യന് മഹത്വം സമ്മാനിക്കുന്നത്. മൃഗമായി അധഃപതിക്കുന്നതില്‍ നിന്നും മനുഷ്യനെ തടയുന്നത് ഈ മൂല്യമാണ്. നിങ്ങളില്‍ ശക്തിയുള്ളവന്‍, മല്ലയുദ്ധത്തില്‍ എതിരാളിയെ ഇടിച്ചുവീഴ്ത്തുന്നവനല്ലെന്നും കോപം വരുമ്പോള്‍ ശരീരത്തെ നിയന്ത്രിക്കുന്നവനാണെന്നും നബി(സ) പഠിപ്പിക്കുന്നു. അധഃപതനത്തിന്റെ അഗാധഗര്‍ത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള പാതയും പാഥേയവുമാണ് വ്രതം. ഇസ്ലാം സ്വീകരിച്ച പാശ്ചാത്യന്‍ ബുദ്ധിജീവികള്‍ വ്രതത്തിന്റെ ഈ ശക്തിയെ പ്രത്യേകം വിലയിരുത്തിയിട്ടുണ്ട്. ജീവിതത്തില്‍ വിജയം വരിക്കാനുള്ള ശരിയായവഴിയാണ് ആത്മനിയന്ത്രണം. ഭൂഖണ്ഡങ്ങള്‍ കീഴടക്കിയ മഹാരഥന്മാര്‍ പോലും ചിലപ്പോള്‍ സ്വന്തം ആഗ്രഹങ്ങളുടെയും ഇഛകളുടെയും മുമ്പില്‍ തോറ്റുപോകുന്നു. ശരീരത്തെയും മനസ്സിനെയും നാഥന്റെ മാര്‍ഗത്തില്‍ സമര്‍പ്പിച്ച് ശുദ്ധീകരിച്ചെടുക്കാന്‍ ഏറ്റവും നല്ല അവസരമാണ് പരിശുദ്ധ റമദാന്‍.

നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി അല്ലാഹു ആദരിച്ച സൃഷ്ടിയാണ് മനുഷ്യന്‍. സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലയില്‍ മനുഷ്യന്‍ നാഥന് വിധേയനാകുമ്പോഴാണ് അല്ലാഹുവിന്റെ പ്രതിനിധിയെന്ന പദവിയില്‍ അവന്‍ അവരോധിതനാവുന്നത്. അല്ലാഹുവിന്റെ സൃഷ്ടിജാലങ്ങളില്‍ ഉത്തമര്‍, അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. "ഈമാന്‍ കരസ്ഥമാക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ ശാശ്വത ജീവിതം നയിക്കുന്നവരാണ്.'' അല്ലാഹുവിനോടുള്ള സ്നേഹപ്രകടനത്തിന്റെ ഉദാത്തമായ മാര്‍ഗ്ഗമാണ് അനുസരണം. അനുസരണത്തിന്റെ പാരമ്യമാണ് നമസ്കാരം. അതിന്റെ തന്നെ മറ്റൊരു വശമാണ് വ്രതത്തില്‍ ഉള്‍ച്ചേരുന്നത്.

നശ്വരമായ ഐഹികജീവിതത്തോടുള്ള കൊതിമൂലം മണ്ണില്‍ മുഖംകുത്തി നടക്കേണ്ട ഗതികേടിലാണ് ഭോഗതൃഷ്ണ പുതിയ ലോകത്തിലെ മനുഷ്യനെ കൊണ്ടെത്തിച്ചിരിക്കുന്നത്. മനുഷ്യരാശി അല്ലാഹുവിലേക്കാണ് മുഖം തിരിക്കേണ്ടത് എന്ന സന്ദേശമാണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത്. "ലോക രക്ഷിതാവായ അല്ലാഹുവിന് ഞാനിതാ മുഖം തിരിച്ചിരിക്കുന്നു'' എന്ന ഖുര്‍ആന്‍ വാക്യം എല്ലാ നമസ്കാരങ്ങളിലും ഏറ്റുപറയുന്ന സത്യവിശ്വാസികള്‍ക്ക് അത് ജീവിതം കൊണ്ട് അന്വര്‍ഥമാക്കാനുള്ള അവസരമാണ് റമദാന്‍.

സ്വഭാവ സംസ്കരണം റമദാനില്‍ നമ്മുടെ ഉന്നമാകണം. ദുശ്ശീലങ്ങളുടെ അടിമകളാവേണ്ടവരല്ല. ഓരോ റമദാനിലും ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ നമുക്ക് കഴിയണം. അസത്യവാക്കും പ്രവൃത്തിയും ഉപേക്ഷിക്കലും വഴക്കിന് വരുന്നവരോട് 'ഞാന്‍ നോമ്പുകാരനാണ്' എന്ന് സൂക്ഷ്മതയോടെ പ്രതികരിക്കുന്നതും റമദാനില്‍ മാത്രം ശീലിച്ചവസാനിപ്പിക്കേണ്ട ശൈലിയുമല്ല.

"പുണ്യത്തിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ധര്‍മശാസനം നടത്തുകയും തിന്മ തടയുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍നിന്നുണ്ടാകട്ടെ'' (സൂറ ആലുഇംറാന്‍) എന്ന് നമ്മുടെ നിയോഗലക്ഷ്യത്തെ ഖുര്‍ആന്‍ അടിവരയിടുന്നുണ്ട്. ഖുര്‍ആനെ ജീവിതവുമായി ബന്ധപ്പെടുത്തുന്ന കാര്യത്തില്‍ അതുല്യമാതൃകയാണ് നബി(സ)യും സ്വഹാബാ കിറാമുമടങ്ങുന്ന ആദ്യ തലമുറ കാഴ്ചവെച്ചത്. നോമ്പ് പ്രസംഗത്തില്‍ മാത്രം വിഷയമാകേണ്ടതല്ല ഇക്കാര്യങ്ങള്‍. നമ്മുടെ ജീവിതത്തിലേക്ക് അവരുടെ ഉജ്ജ്വല മാതൃകയെ സ്വാംശീകരിക്കുന്ന സമീപനമാണ് വേണ്ടത്.

ഖുര്‍ആന്‍ പാരായണം ചെയ്തും തഫ്സീറുകള്‍ വായിച്ചും ദീര്‍ഘമായി ഓതി രാത്രി നമസ്കരിച്ചും ഖുര്‍ആനോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ നാം സമയം കണ്ടെത്തണം. 'വ്രതമനുഷ്ഠിക്കുന്നതു വഴി നിങ്ങള്‍ തഖ്‘വയുള്ളവരായേക്കാം' എന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. തഖ്‘വ ജീവിതമൂല്യമാവണമെങ്കില്‍ നിതാന്ത ജാഗ്രത അനിവാര്യമാണ്. തുടര്‍ച്ചയായി ചെയ്യുന്ന കാര്യങ്ങള്‍ യാന്ത്രികമായി മാറിപ്പോകാതെ നോക്കണം. പ്രാര്‍ഥന സത്യവിശ്വാസികളുടെ കരുതിവെപ്പും കൈമുതലുമാണ്. ലോകത്തുള്ള മുഴുവന്‍ മര്‍ദ്ദിതരായ ജനവിഭാഗങ്ങള്‍ക്കും അന്യായമായി ഭീകരതയുടെ മുദ്രയടിക്കപ്പെടുന്ന സഹോദരങ്ങള്‍ക്കും, പ്രതിസന്ധികള്‍ക്കിടയിലും തളരാതെ പണിപ്പെടുന്ന ലോക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി അല്ലാഹുവിനോട് കണ്ണു നനച്ച് പ്രാര്‍ഥിക്കേണ്ട ഏറ്റവും ഉചിതമായ സമയം കൂടിയാണ് ഇത്.

കഴിഞ്ഞ വര്‍ഷം റമദാനില്‍ നമ്മോടൊപ്പമുണ്ടായിരുന്ന കുടുംബാദികളിലും സുഹൃത്തുക്കളിലും പെട്ട ചിലര്‍ അല്ലാഹുവിങ്കലേക്ക് യാത്രയായിട്ടുണ്ട്. അവരെ കുറിച്ചുള്ള ഓര്‍മകള്‍ നമ്മെ മരണത്തെയും ഓര്‍മിപ്പിക്കുന്നു. ഈ ബോധത്തോടെയാണ് നാം റമദാനെ സമീപിക്കേണ്ടത്. റമദാന്‍ ക്ഷമയുടെ മാസമാണ്. ഖുര്‍ആന്‍ പറയുന്നു: "സത്യവിശ്വാസികളേ നിങ്ങള്‍ ക്ഷമിക്കുക; ക്ഷമയില്‍ മികവ് കാണിക്കുക; അസത്യത്തിന്റെ വാഹകര്‍ക്കെതിരില്‍ ധീരരായിരിക്കുക; അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക; നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (ആലുഇംറാന്‍ 200). അല്ലാഹു അനുഗ്രഹിക്കട്ടെ.

Wednesday, October 10, 2007

പെരുന്നാള്‍ ആശംസകള്‍

പുണ്യങ്ങളുടെ പൂക്കാലമായ റമദാനോട് വിടപറയുന്ന നിമിഷങ്ങളാണ് ഇനി. ഒരു മുസല്‍മാന്റെ മനസ്സില്‍ വേദനയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്ന നാളുകള്‍. ഇനിയും ഇതുപോലൊരു പുണ്യകാലത്തിനായി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിലേക്ക് പ്രവേശിക്കുന്ന നാളുകള്‍. അവന്റെ വിരഹത്തിന്റെ നാളുകള്‍ അവനെ തേടിയെത്തുകയായി. അസ്സലാമു അലൈക്കും യ ശഹ്‌റ റമദാന്‍.

റമദാന്‍ മാസം അവസാനിച്ചാല്‍ അടുത്ത ദിവസം (ശവ്വാല്‍ ഒന്ന്) ഈദുല്‍ ഫിത്ത്വര്‍ (ചെറിയപെരുന്നാള്‍) ആയി ആഘോഷിക്കപ്പെടുന്നു. “ഓരോ സമൂഹത്തിനും ആഘോഷങ്ങളുണ്ട്, ഈദുല്‍ ഫിത്വര്‍ നമ്മുടെ ആഘോഷദിനമാകുന്നു” എന്ന് ഹദീസില്‍ പറയുന്നു. പെരുന്നാള്‍ ദിനത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവന്റെ അടിമകളിലേക്കെത്തുന്നു എന്ന അര്‍ഥത്തില്‍ ‘അവാഇദുല്ലാഹ്’ എന്ന അറബി പദത്തില്‍ നിന്നാണ് ഈദ് എന്ന പദത്തിന്റെ ജനനം എന്നു പണ്ഡിത മതം.

ഈദുല്‍ ഫിത്വര്‍ ഈദുല്‍ അദ്‌ഹായുമാണ് മുസ്ലിമിന്റെ ആഘോഷങ്ങള്‍. ഈ സുദിനം ആഘോഷങ്ങളുടേതാണെങ്കിലും ഇസ്ലാമില്‍ ആഘോഷങ്ങള്‍ക്കും പരിധികളുണ്ട്. മനുഷ്യസമുദായത്തിന്റെ വളര്‍ച്ചക്ക് ആഘോഷങ്ങള്‍ വളരെ വലിയ പങ്കു വഹിക്കുന്നു, ചരിത്ര പരമായും പ്രകൃതിപരമായും. ഈ ആവശ്യത്തെ ഇസ്ലാം ഒരിക്കലും എതിര്‍ക്കുന്നില്ല. ഒരു ഈദ് ദിനത്തില്‍ പ്രവാചക ഭവനത്തിലേക്ക് കയറിവന്ന അബൂബക്കര്‍ സിദ്ദീഖ് (റ) അവിടെ രണ്ടു അന്‍സാരി പെണ്‍കുട്ടികള്‍ ദഫ് മുട്ടി, രണാങ്കണത്തില്‍ ശക്തി തെളിയിച്ച പൂര്‍വികരെ കുറിച്ചു പാടികൊണ്ടിരുന്നത് കണ്ടു. അദ്ദേഹം ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു “എന്താണിത്, പ്രവാചക ഭവനത്തിലാണോ ഈ ഗാനാ‍ലാപനം?” അപ്പോള്‍ നബി (സ.അ) പറഞ്ഞു ‘അബുബക്കര്‍, ഓരോ സമുദായത്തിനും അവരുടേതായ ആഘോഷമുണ്ട്, ഇന്നു നമ്മുടെ പെരുന്നാള്‍ സുദിനമല്ലേ’. എന്ന്. ശരീഅത്തിനു വിരുദ്ധമല്ലാത്തവിധം സന്തോഷിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനും ഇസ്ലാം ഒരിക്കലും എതിരുനില്‍ക്കുന്നില്ല. ഏവരും ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതിനാലാണ് പെരുന്നാള്‍ ദിനത്തില്‍ നോമ്പെടുക്കല്‍ നിഷിദ്ധമാക്കിയിരിക്കുന്നത് തന്നെ.

പെരുന്നാള്‍ രാവിലും പെരുന്നാള്‍ ദിനത്തിലും അനുവര്‍ത്തിക്കേണ്ട ചില അനുഷ്ഠാനങ്ങള്‍.

ലൈലത്തുല്‍ ഫിത്വര്‍
പെരുന്നാള്‍ രാവ് ഹയാത്താക്കുക (ജീവനുള്ളതാക്കുക) തക്ബീര്‍ ചൊല്ലുന്നതിലും സുന്നത്തു നമസ്കാരങ്ങളിലും ഏര്‍പ്പെടുക.

പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടുക. പെരുന്നാള്‍ നാളില്‍ പ്രതിഫലേച്ഛയോടെ നിസ്കരിക്കുന്നവരുടെ ഹൃദയങ്ങള്‍, എല്ലാ ഹൃദയങ്ങളും മരിക്കുന്ന നാളില്‍ ജീവസുറ്റതായി നില്‍കുന്നതാണെന്ന് ഹദീസ്.

തക്‍ബീര്‍ ചൊല്ലല്‍
‘അല്ലാഹു ഏറ്റം മഹാനാണ്’ എന്നര്‍ത്ഥം വരുന്ന ‘അല്ലാഹു അക്‍ബര്‍’ എന്ന തക്ബീറിന്റെ ആവര്‍ത്തനം പെരുന്നാള്‍ സുദിനത്തില്‍ പ്രാധാന്യമേറിയ കര്‍മ്മമാണെന്ന് വിശുദ്ധ ഖുറ് ആന് വരെ വ്യക്തമാക്കിയതാണ്. ശവ്വാല്‍ മാസപ്പിറ കണ്ടതുമുതല്‍ പെരുന്നാള്‍ നമസ്ക്കാരത്തില്‍ പ്രവേശിക്കുന്നത് വരെ തക്‍ബീര്‍ മുഴക്കല്‍ സുന്നത്ത് (ഐചികമായ കര്‍മ്മം) ആണ്.

കുളിയും നല്ലവസ്ത്രം ധരിക്കലും
പെരുന്നാളിന് വേണ്ടി കുളിക്കുന്നത് മറ്റൊരു സുന്നത്ത് ആണ്. അതു നമസ്കാരത്തില്‍ പങ്കെടുക്കാനാണെങ്കിലും അല്ലെങ്കിലും ശരി. വല്ലവിധേനെയും ആദിവസം കുളിക്കാന്‍ കഴിയാതെ വന്നാല്‍ ആ കുളി സുന്നത്ത് ഖദാ വീട്ടുകയും ആവാം. പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രമണിയല്‍ പ്രത്യേകം സുന്നത്തു തന്നെ. ഇക്കാര്യങ്ങളില്‍ കുട്ടികള്‍ക്ക് ഒരു പ്രത്യേക ശ്രദ്ധകൊടുക്കേണ്ടതുമാണ്.

മൈലാഞ്ചി അണിയല്‍
വിവാഹിതയായ സ്ത്രീകള്‍ക്ക് മൈലാഞ്ചിയണിയല്‍ ഏതു സമയത്തും സുന്നത്തായി പരിഗണിക്കപ്പെടുന്നു ഇസ്ലാമില്‍. എന്നാല്‍ വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് ഇതു സുന്നത്തില്ല എന്നു മാത്രമല്ല കറാഹത്തുമാണ്. പുരുഷന്മാര്‍ക്ക് ചികിത്സപോലുള്ള ആവശ്യങ്ങള്‍ക്കല്ലാതെ മൈലാഞ്ചി അണിയല്‍ ഹറാം (നിഷിദ്ധം) ആണ്.

ആശംസകള്‍ കൈമാറുക
ഈദ് ദിവസത്തില്‍ പരസ്പരം ആശംസകള്‍ കൈമാറുന്നത് ഒരു നല്ല രീതിയാണ്. ഇസ്ലാമിലും ഇതിനു പിന്‍ബലമേകുന്ന പല ഹദീസുകളും ഉണ്ട്. ആശംസകള്‍ക്ക് ഏതു നല്ല വാക്കുകളും ഉപയോഗിക്കാം. ‘തഖ്വബ്ബലല്ലാഹും മിന്നാ വമിന്‍‌കും’ എന്നും ഉപയോഗിക്കാറുണ്ട്.

ചെറിയ പെരുന്നാള്‍ നിസ്കാരം
നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ചെയ്യേണ്ടവ.
1. ഫിത്വര്‍ സകാത്ത അതിന്റെ അവകാശികളില്‍ എത്തിക്കല്‍. (നിര്‍ബന്ധം, ചില ഒഴിവുകഴിവുകള്‍ ഉണ്ട്)
2. കഴിയുന്നത്ര തക്‍ബീര്‍ വര്‍ദ്ധിപ്പിക്കല്‍.
3. ദേഹശുദ്ധിവരുത്തല്‍, നല്ല വസ്ത്രം ധരിക്കല്‍, സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കല്‍ (സുന്നത്ത്)
4. ഭക്ഷണം കഴിക്കല്‍ (സുന്നത്ത്)

ഏവര്‍ക്കും ഒരു നല്ല ചെറിയ പെരുന്നാള്‍ ആശംസിക്കുന്നു.
സ്നേഹത്തോടെ
സുല്‍.

Sunday, October 7, 2007

അനുഗ്രഹങ്ങളുടെ രാവ്

വിശുദ്ധഖുര്‍ആന്റെ അവതരണ ആരംഭമാണ്‌ റമദാന്റെ പ്രത്യേകതകളില്‍ പ്രധാനം . ആ ആദ്യസൂക്തങ്ങള്‍‍ അവതരിച്ചതാകട്ടേ റമദാനിലെ 'ലൈലത്തുല്‍ ഖദര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുണ്യരാവിലും.

മക്കയിലെ സര്‍വ്വാദരണീയനായിരുന്നു അനാഥനായി വളര്‍ന്ന അല്‍-അമീന്‍. തന്റെ ചുറ്റും നടമാടുന്ന അനാചാരങ്ങളും വര്‍ണ്ണവിവേചനവും അടിമത്തവും എല്ലാം ഓര്‍ത്ത്‌ ആ വലിയ മനസ്സ്‌ എന്നും വേവലാതിപ്പെടാറുണ്ടായിരുന്നു. നല്‍പത്‌ വയസ്സ്‌ കലഘട്ടത്തില്‍ അവിടുന്ന് ജനങ്ങളില്‍ നിന്ന് അകന്ന് താമസിക്കുവാന്‍ ആഗ്രഹിച്ചു. ഇതിനായി മക്കയില്‍ നിന്ന് കുറച്ച്‌ അകലെ ജബലുന്നൂറില്‍ ആയിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹിറാ ഗുഹയാണ്‌ അവിടുന്ന് തിരഞ്ഞെടുത്തത്‌. ആ ദിവസങ്ങളില്‍ വീട്ടില്‍ വരാറില്ലാത്തതിനാല്‍, തന്റെ ഭര്‍ത്താവിനുള്ള ഭക്ഷണവുമായി അമ്പതിലധികം വയസ്സ്‌ പ്രായമുള്ള ഖദീജ മലകയറുമായിരുന്നു. അക്കാലത്ത്‌ അല്‍ അമീന്‍ ചില സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. അടുത്ത ദിവസങ്ങളില്‍ ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ അത്ഭുതമായി.


അങ്ങിനെയൊരിക്കല്‍ ഹിറയുടെ അരണ്ട വെളിച്ചത്തില്‍ ഒരു രൂപം പ്രത്യക്ഷപ്പെട്ടു... നിഷ്കളങ്കനായ അല്‍ അമീനോട്‌ 'വായിക്കാന്‍' ആവശ്യപ്പെട്ടു. ആ നിരക്ഷരന്‍ തന്റെ നിസ്സഹായത ആ രൂപത്തിന്റെ മുമ്പില്‍ വ്യക്തമാക്കി "ഞാന്‍ വായിക്കാന്‍ അറിയുന്നവനല്ല.." അതിന്‌ മറുപടി ഒരു ആലിംഗനമായിരുന്നു... ചോദ്യം ആവര്‍ത്തിക്കപ്പെട്ടു... ഉത്തരവും. മൂന്നാം പ്രാവശ്യം ചോദ്യത്തോടൊപ്പം രൂപം കൂട്ടിച്ചേര്‍ത്തു " വായിക്കുക സൃഷ്ടിച്ച രക്ഷിതാവിന്റെ നമത്തില്‍. നീ വായിക്കുക... നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ പഠിപ്പിച്ചവന്‍. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചു. (കൊണ്ടേയിരിക്കുന്നു.)


ഇത്‌ നബിതിരുമേനി ആവര്‍ത്തിച്ചു. ഇതായിരുന്നു വിശുദ്ധ വേദഗ്രന്ഥത്തിന്റെ ആദ്യ സൂക്തങ്ങള്‍. പിന്നീട്‌ ഇരുപത്തിമൂന്ന് വര്‍ഷം നീണ്ട ആ ജീവിതത്തിന്റേയും അവിടുന്ന് സൃഷ്ടിച്ച ഒരു സമൂഹത്തിന്റെയും അടിസ്ഥാനം അന്ന് ആ ഹിറഗുഹയ്കത്ത്‌ മുഴങ്ങിയ "വായിക്കുക..." എന്ന വാക്യത്തില്‍ ആരംഭിച്ച വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു. ആ ആദ്യക്ഷരങ്ങള്‍ മനുഷ്യന്‌ ദൈവത്തിന്റെ വരദാനമായി ലഭിച്ചത്‌ റമദാനിലെ അവസാനത്തെ പത്തിലെ ഒരു രാവിലായിരുന്നു.


അത്‌ കൊണ്ട്‌ തന്നെ അല്ലാഹു ആ രാവിനെ വിശേഷിപ്പിച്ചത്‌ 'ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ രാവ്‌' എന്നാണ്‌. റമദാനിലെ അവസാനപ്പത്തിലെ ഒറ്റയിട്ട രാവുകളില്‍ നിങ്ങള്‍ ആ രാവ്‌ പ്രതീക്ഷിക്കണം എന്ന് നബി തിരുമേനി അനുയായികളേ അറിയിച്ചിട്ടുണ്ട്‌.


ഒരിക്കല്‍ പത്നിയായ ആയിശ ചോദിച്ചു... "പ്രവാചകരേ... ലൈലത്തുല്‍ ഖദര്‍' ഏത്‌ ദിവസമാണെന്ന് ബോധ്യപ്പെട്ടാല്‍ ഞാന്‍ എന്ത്‌ ചെയ്യണം. തിരുമേനി (സ) മറുപടി നല്‍കി... "ആയിശാ നീ പ്രാര്‍ത്ഥിക്കണം... അല്ലാഹുവേ നീ മാപ്പ്‌ നല്‍കുന്നവനാണ്‌, നിനക്ക്‌ മാപ്പ്‌ നല്‍കുന്നത്‌ ഇഷ്ടമാണ്‌, അത്‌ കൊണ്ട്‌ എനിക്കും മാപ്പ്‌ നല്‍കേണമേ..."

ലൈലത്തുല്‍ ഖദറിന്റെ സൌഭാഗ്യം ലഭിക്കുന്ന ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടേ...

Thursday, September 27, 2007

ബദര്‍ ദിനം - റമദാന്‍ പതിനേഴ്

“അല്ലാഹുവേ ഈ സംഘത്തെ നീ പരാജയപ്പെടുത്തുകയാണെങ്കില്‍ പിന്നെ ഭൂമുഖത്ത് നിനക്ക് ആരാധന നടക്കുന്നതല്ല. അതു കൊണ്ട് നീ എനിക്കു തന്ന വാക്കു പാലിക്കേണമേ. നിന്റെ സഹായം കൊണ്ട് അനുഗ്രഹിക്കേണമേ”

എ.ഡി 624 ല്‍, ഹിജ്‌റയുടെ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് ബദര്‍ യുദ്ധം നടന്നത്. മുഹമ്മദ് നബി (സ.അ) യും 313 സഹാബിമാരും ഒരു സത്യവിശ്വാസത്തിന്റെ ഭാഗത്തും മക്കയിലെ പ്രമുഖനായ അബുജഹ് ലിന്റെ കീഴില്‍ ആയിരത്തോളം പടയാളികളും മറുപക്ഷത്തും നിരന്ന ഇസ്ലാം ചരിത്രത്തിലെ ശത്രുക്കളുമായി നടത്തിയ ആദ്യത്തെ യുദ്ധം. അതിന്റെ ഫലം വളരെ നിര്‍ണ്ണായകമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായാണ് ചരിത്ര കാരന്മാര്‍ ഈ യുദ്ധത്തെ കാണുന്നത്.

റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിയതിനു തൊട്ടു പിറകിലായാണ് ബദര്‍ യുദ്ധം ഉണ്ടായത്. ബദറില്‍ നബിയും അനുചരന്മാരും സര്‍വ്വായുധ സജ്ജരായ ശത്രു സൈന്യത്തെ നേരിട്ടത തികച്ചും നിരായുധരായിട്ടായിരുന്നു. മാത്രമല്ല അവര്‍ക്ക് അത്യാവശ്യ ഭക്ഷണം പോലും അപ്പോള്‍ ലഭിച്ചിരുന്നില്ല. എന്നിട്ടും വിജയം കൊണ്ട് നബിയെയും അനുചരന്മാരെയും അല്ലാഹു അനുഗ്രഹിച്ചു.

ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക യുദ്ധത്തെ വിശ്വാസികള്‍ എന്നും ഓര്‍ത്തുവെക്കുന്നു. റമദാനില്‍ ബദര്‍ ദിനാചരണവും ബദ്‌രീങ്ങളുടെ* മഹത്വം വാ‍ഴ്തി പാടലും നടക്കുന്നു. ഈ സ്മരണയിലൂടെ നാം വിശ്വാസത്തിന്റെ വിജയത്തെ ഒന്നു കൂടി മനസ്സിലാക്കുന്നു.

ബദറില്‍ രക്തസാക്ഷിത്വം വരിച്ചത് 14 പേര്‍മാത്രമാണ്. എന്നാല്‍ യുദ്ധത്തിലുണ്ടായവരെല്ലാം വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പെട്ടിരിക്കുന്നു.

*ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത മുസ്ലിം യോദ്ധാക്കള്‍