Wednesday, September 17, 2008

ബദര്‍ ദിനം.

സമാധാനത്തിന്റെ മതമാണ് ഇസ്ലാം. കാട്ടുനീതി നടപ്പിലാക്കിയിരുന്ന ഒരു സമൂഹത്തെ മാനവികതയുടെ പരമോന്നതിയിലേക്ക് കൈപിടിച്ചു ഉയര്‍ത്തിയ മതമാണ് ഇസ്ലാം. സഹജീവികളോടെന്ന പോലെ, മറ്റുജീവജാലങ്ങളോടും കാരുണ കാണിച്ച്, അവയെ അനാവശ്യമായി കൊല്ലാന്‍ പാടില്ല, വേദനിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്ന മതം. തന്റെ അധീനതയിലുള്ള ഒരു മരം തന്റെ നോട്ടക്കുറവു മൂലം ഉണങ്ങിപ്പോയാല്‍, അല്ലാഹുവിന്റെ മുന്നില്‍ അതിനു സമാധാനം പറയേണ്ടി വരും എന്നു പഠിപ്പിക്കുന്ന മതം. മുസ്ലിം, മറ്റുള്ളവരെ കാണുമ്പോള്‍ സാധാരണ ‘അസ്സലാമു അലൈക്കും’ എന്നാണ് പറയുന്നത്. നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ എന്നാണ്. ലോകത്തിന് സമാധാനമുണ്ടാകട്ടെ എന്നാണ്. ഇസ്ലാമിന്റെ പരമ പ്രധാനമായ ആരാധനയാണ് നമസ്കാരം. ആ നമസ്കാരത്തില്‍ പോലും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് സമാധാനത്തിനു വേണ്ടിയാണ്.

അപ്പോള്‍ യുദ്ധം ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അന്യമാണ്. ചരിത്രം പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാക്കാന്‍ കഴിയും. പ്രവാചകന്‍ മുഹമ്മദ് നബി (സ) നാല്പത് വയസ്സ് പൂര്‍ത്തിയായപ്പോള്‍ മക്കയിലാണ് ഉണ്ടായിരുന്നത്. അവിടെ നിന്നാണ് നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ചതും ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാന്‍ തുടങ്ങിയതും. അന്നുവരെ ഏവര്‍ക്കും സമ്മതനായിരുന്ന, ഒരു ശത്രുപോലും ഇല്ലാതിരുന്ന പ്രവാചകര്‍ക്ക്, ഈ പ്രപചത്തിന്റെ നാഥന്‍ ഒരുവനാണ് അവനെ മാത്രം ആരാധിക്കുക എന്ന ഒരു പ്രബോധനവുമായി ജനങ്ങളിലേക്ക് കടന്നു വന്നപ്പോള്‍, ഒന്നിലധികം ദൈവങ്ങളെ ആരാധിച്ചു പോന്നിരുന്നവര്‍ സ്വാഭാവികമായി എതിര്‍ത്തു. മദ്യപാനവും വ്യഭിചാരവും എന്നു വേണ്ട മറ്റു അനാവശ്യ പ്രവര്‍ത്തനങ്ങളുമായി ജീവിച്ചു വന്ന ഒരു സമൂഹത്തിലേക്ക് ഏകനായ അല്ലാഹുവിനെ മാത്രം വിശ്വസിക്കുക, വ്യഭിചരിക്കാതിരിക്കുക, മദ്യപാന്മാരാവതിരിക്കുക, അക്രമിക്കാതിരിക്കുക, ആരെയും കൊല്ലാതിരിക്കുക... എന്ന സുന്ദരമായ സന്ദേശവുമായി നബി കടന്നു വന്നപ്പോള്‍ അവര്‍ മുഴുവന്‍ നബിക്കെതിരായി തിരിഞ്ഞു. നബിക്കെതിരെ വളരെ ക്രൂരമായ രീതിയില്‍ തന്നെ അക്രമങ്ങള്‍ അഴിച്ചുവിട്ടു. എല്ലാ എതിര്‍പ്പുകളേയും നബി സഹിച്ചു. അക്രമങ്ങള്‍ സഹിച്ചു. വളരെ സമാധാനപൂര്‍വ്വം ജീവിച്ചു. നുബുവത്ത് ലഭിച്ച് പതിമൂന്ന് വര്‍ഷക്കാലം നബി ഈ ശത്രുക്കളുടെ ഇടയിലായിരുന്നു. തന്റെ അനുചരന്മാരായവരോട് മറ്റുള്ളവര്‍ അക്രമിക്കുന്ന സമയത്ത് സംയമനം പാലിക്കാന്‍ നബി നിര്‍ദ്ദേശം നല്‍കിയിരുന്നു. എതിര്‍പ്പുകള്‍ സമാധാന പൂര്‍വ്വം നേരിടണമെന്നു പറഞ്ഞിരുന്നു. ഈ സമയത്ത് യുദ്ധങ്ങള്‍ക്ക് വളരെയധികം സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. അന്ന് അത് നബി ഉദ്ദേശിച്ചിട്ടുമില്ല അല്ലാഹു അനുവദിച്ചിട്ടുമില്ല.

നബിതിരുമേനി(സ) തന്റെ ജീവിതത്തിന്റെ അമ്പത്തിമൂന്ന് വര്‍ഷവും ചിലവഴിച്ചത് മക്കയിലാണ്. അതില്‍ പ്രവാചകത്വത്തിന് ശേഷം പതിമൂന്ന് വര്‍ഷം ക്രുരമായ മര്‍ദ്ദനങ്ങളും പീഡനങ്ങളും അസഹ്യമായപ്പോഴാണ് മദീനയിലേക്ക് പാലായനം ചെയ്തത്. ഇനിയും അവിടെ തുടര്‍ന്നാല്‍ ഒരു യുദ്ധം തന്നെ ഉണ്ടാവാനുള്ള സാദ്ധ്യത മുന്നില്‍ കണ്ട്, ആ യുദ്ധം ഒഴിവാക്കുന്നതിനായി നബിയും സഹചരും മദീനയിലേക്ക് യാത്രയായി, ആ യാത്രയെപറ്റി ശത്രു പക്ഷത്തിന് അറിവു ലഭിച്ചാല്‍ അവര്‍ തടയപ്പെടുമെന്നും അതൊരു രക്തചൊരിച്ചിലിന് കാരണമായേക്കാമെന്നും നബി മനസ്സിലാക്കി, ആരും അറിയാതെ രാവിന്റെ മറവില്‍ പാലായനം ചെയ്യുകയായിരുന്നു. പലായനത്തോടെ മദീന ഇസ്ലാമിന് വളക്കൂറുള്ള മണ്ണായി. അതോടെ മദീനയെ നശിപ്പിക്കുക എന്നത് മക്ക പ്രമാണിമാരുടെ ആവശ്യമായി.

മദീനയില്‍ നബി രണ്ട് വര്‍ഷം താമസിച്ചു. ഇസ്ലാമിക പ്രബോധന രംഗത്ത് മൊത്തം പതിനഞ്ച് വര്‍ഷം. ഇതു വരെ ഒറ്റ യുദ്ധം പോലും ഉണ്ടായിട്ടില്ല. നബിയും സഹായികളും മക്കവിട്ടപ്പോള്‍ ഉപേക്ഷിച്ചു പോന്ന സമ്പത്ത് ഉപയോഗിച്ച് കച്ചവടം ചെയ്ത് ആ ലാഭത്തില്‍ നിന്ന് മുസ്ലിംങ്ങള്‍ക്കെതിരെ യുദ്ധം നയിക്കാനായി മക്കക്കാര്‍ ഒരുങ്ങുന്നതറിഞ്ഞ് സിറിയയില്‍ നിന്ന് കച്ചവടം കഴിഞ്ഞ് മക്കയിലേക്ക് തിരിച്ച സംഘത്തെ തടയുവാന്‍, അവരില്‍ ഉപരോധം ഏര്‍പ്പെടുത്തി മക്കക്കാരുമായി ഒരു ഉടമ്പടി ഉണ്ടാക്കുന്നതിനുമായി നബിയും മുന്നൂറ്റി പതിമൂന്ന് സഹായികളും മദീനയുടെ അതിര്‍ത്തിയിലുള്ള ബദറില്‍ എത്തി. വിവരം അറിഞ്ഞ് കച്ചവടസംഘത്തെ സഹായിക്കന്‍ മക്കയില്‍ നിന്ന് പോഷക സൈന്യം എത്തി. കച്ചവട സംഘം രക്ഷപ്പെട്ടങ്കിലും മക്കാ പ്രമാണിമാരുടെ സൈന്യവും മുസ്ലിം സൈന്യവും തമ്മില്‍ മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ബദര്‍ മൈതാനിയില്‍ വെച്ച് ഏറ്റുമുട്ടി.

ഈ യുദ്ധത്തിലേക്ക് താനും അനുയായികളും നീങ്ങുമ്പോള്‍ നബി നടത്തിയ പ്രസംഗത്തില്‍, നമ്മുക്ക് യുദ്ധം ആവശ്യമായി വന്നിരിക്കുന്നെനും ഏതെങ്കിലും തരത്തില്‍ യുദ്ധം ഒഴിവാക്കാനാവുമെങ്കില്‍ അതാണ് നമുക്ക് നല്ലതെന്നും, ഒരിക്കലും ഒരു യുദ്ധത്തിനു വേണ്ടി നിങ്ങള്‍ ആഗ്രഹിക്കരുത് എന്നും പ്രത്യേകം പറഞ്ഞിരുന്നു. യുദ്ധം ചെയ്യുന്നവര്‍ക്ക് സഹായം ചെയ്യാനെത്തുന്ന ശത്രുപക്ഷത്തെ സ്ത്രീകളോടും കുട്ടികളോടും നിങ്ങള്‍ യുദ്ധം ചെയ്യരുതെന്നും പറഞ്ഞിരുന്നു. ഈ യുദ്ധത്തില്‍ ആയിരത്തില്‍ കവിയുന്ന ശത്രുസൈന്യവുമായി ഏറ്റുമുട്ടിയത് മുസ്ലിം പക്ഷത്തു നിന്നും മുന്നൂറ്റി പതിമൂന്നു പേരാണ്. യുദ്ധത്തില്‍ പതിനാല് മുസ്ലിങ്ങളും എഴുപത് ശത്രുക്കളും കൊലച്ചെയ്യപ്പെട്ടു. യുദ്ധത്തടവുകാരായി എഴുപത് മക്കകാര്‍ പിടിയിലായി. അവരെ മോചനദ്രവ്യം നല്‍കി സ്വതന്ത്രരാക്കി... അതിന് കഴിയാത്തവരെ മദീനയിലെ പത്ത് പേരെ സാക്ഷരരാക്കിയാല്‍ മോചനം വാഗ്ദാനം ചെയ്തു. ബദര്‍ യുദ്ധത്തോടെ മേഖലയിലെ ചോദ്യം ചെയ്യാപ്പെടനാവത്ത ശക്തിയായി മുസ്ലിങ്ങള്‍ വളര്‍ന്നു. റമദാന്‍ പതിനേഴിനായിരുന്നു ബദര്‍ യുദ്ധം ഉണ്ടായത്. ഇസ്ലാമിക യുദ്ധങ്ങളെ കുറിച്ച് പഠിച്ചാല്‍ ആത്മരക്ഷക്കായിരുന്നു ആയുധം എടുത്തതെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കുവാന്‍ കഴിയും.

ഒരു യുദ്ധം ഉണ്ടായ സമയത്ത് ഇസ്ലാം എടുത്ത മുന്‍‌കരുതലുകളാണിതെല്ലാം. ഇന്നു നടക്കുന്ന യുദ്ധങ്ങളില്‍ ഒരു നാടുമുഴുവന്‍ ചുട്ടുകരിക്കുന്ന, ശവങ്ങളുടെ ചാരക്കൂനയാക്കുന്ന തരം യുദ്ധം ഇസ്ലാമിന് എന്നും അന്യമാണ്. ഇസ്ലാം എന്നും യുദ്ധത്തിനും കൊലപാതകങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും എതിരാണ്. ഇസ്ലാം യുദ്ധത്തിന്റെ മതമാണ്, മുസ്ലിമുകളെല്ലാം തീവ്രവാദികളാണെന്ന് ഉറക്കെയുറക്കെ പറഞ്ഞ് അത് സത്യമാക്കിതീര്‍ക്കാന്‍ പ്രചരണങ്ങള്‍ നടത്തുന്ന ഈ കാലത്ത്, തീവ്രവാദി ആക്രമണങ്ങള്‍ നടത്തി, നാടെങ്ങും ബോബുകള്‍ പാകി സമൂഹത്തിന്റെ സമാധാനം നശിപ്പിച്ച്, ജനങ്ങളെ കാരണമില്ലാതെ കൊന്നൊടുക്കുന്ന രീതി ഒരിക്കലും ഇസ്ലാമിന്റേതല്ല. അതിനു തുനിഞ്ഞിറങ്ങിയവരെ കണ്ടു പിടിക്കുമെന്നും അവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും നമുക്കു പ്രത്യാശിക്കാം.

15 comments:

സുല്‍ |Sul said...

ഒരു ബദര്‍ ദിന ചിന്ത.
-സുല്‍

മുസാഫിര്‍ said...

നല്ല അര്‍ത്ഥവത്തായ ചിന്തകള്‍ ,സുല്‍

::സിയ↔Ziya said...

ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു ബദ്‌ര്‍ യുദ്ധം.
ആയിരത്തോളം വരുന്ന സര്‍വ്വായുധസജ്ജരാ‍യ ശത്രുക്കള്‍ക്കെതിരേ വെറും മുന്നൂറ്റിപ്പതിമൂന്ന് പോരാളികള്‍ വിജയം നേടിയത് ആയുധ ബലം കൊണ്ടോ യുദ്ധനൈപുണ്യം കൊണ്ടോ അല്ല. വിശ്വാസദാര്‍ഢ്യവും സത്യമാര്‍ഗ്ഗത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കാനുള്ള സന്നദ്ധതയും അനുസരണയും ഒത്തൊരുമയാണ് ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം നേടികൊടുത്തത്.

അതു തന്നെയാണ് ബദ്‌ര്‍ എക്കാലത്തേക്കും നല്‍കുന്ന സന്ദേശം.

ബദ്‌ര്‍ പോരാളികളെ മുസ്‌ലിം ലോകം എക്കാലവും ആദരവോടെയാണ് കണ്ടിട്ടുള്ളത്. പ്രവാചക തിരുമേനിയുടെ കാലം മുതല്‍ ഖലീഫമാരുടെ കാലഘട്ടത്തിലും ബദ്‌ര്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് ഏറ്റം മുന്തിയ പരിഗണനയാണ് നല്‍കപ്പെട്ടിരുന്നത്.

ഒരിക്കല്‍ നബി തിരുമേനി (സ) മദീനയിലെ ഒരു വീട്ടിലെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി വന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ ബദര്‍ രക്തസാക്ഷികളുടെ അപദാനം വാഴ്ത്തിപ്പാടുന്നത് ശ്രദ്ധിച്ചു. നബി(സ)കണ്ടപ്പോള്‍ സ്വാഭാവികമായും പെണ്‍കുട്ടികള്‍ നബിയെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. ഉടന്‍ നബി(സ) അവരോട് ഇങ്ങനെ പറഞ്ഞു: “ഇത് നിര്‍ത്തി നിങ്ങള്‍ മുമ്പ് പാടിയതു തന്നെ പാടുവിന്‍...” (സ്വഹീഹുല്‍ ബുഖാരി 4/1496. നമ്പര്‍ 3779).

ബദ്‌ര്‍ പോരാളികളെ നബി(സ)യും അനുചരന്മാരും ആദരിച്ച, പ്രകീര്‍ത്തിച്ച നിരവധി സംഭവങ്ങള്‍ ഹദീസില്‍ കാണാം.

മഹാത്മാക്കളുടെ ഈ പാരമ്പര്യം ഇന്നും മുസ്‌ലിംകള്‍ കൈവിടാതെ സൂക്ഷിക്കുന്നു. റമദാന്‍ പതിനേഴാം രാവില്‍ അവര്‍ ബദ്‌ര്‍ രക്തസാക്ഷികളുടെയും പോരാളികളുടെയും മഹത്വം ഘോഷിക്കുന്നു, അപദാനങ്ങള്‍ പാടുന്നു, ഭക്ഷണം ദാനം ചെയ്യുന്നു.
ഇസ്‌ലാമിക പാരമ്പര്യത്തിലെ ഏറ്റവും ചൈതന്യവത്തായ ഒരു മഹാസംഭവത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ബദ്‌ര്‍ ദിനം ജീവിതം സംശുദ്ധവും സുധീരവുമാക്കാന്‍ നമുക്ക് പ്രേരണ ആകേണ്ടതാ‍ണ്.

കാന്താരിക്കുട്ടി said...

ബദര്‍ ദിനത്തെ പറ്റി കൂടുതല്‍ അറിയാന്‍ സാധിച്ചു.നന്ദി

കരീം മാഷ്‌ said...

കപടവിശ്വാസികളായ അനേകമാളുകളെക്കാള്‍ ശക്തി,
കഴിവില്‍ ആതമവിശ്വാസവും അര്‍പ്പണബോധവുമുള്ള അണികളാണെന്നുള്ള സന്ദേശം പകരുകകൂടിയാണ്
ബദര്‍ ദിന സ്മരണ.

നല്ല കുറിപ്പ്
സുല്‍.
പ്രാര്‍ത്ഥനകളോടെ!

ശിവ said...

ഈ അറിവുകള്‍ ഞാന്‍ ആദ്യമായി മനസ്സിലാക്കുന്നു...

Sureshkumar Punjhayil said...

Good work... Best wishes...!!!

G.manu said...

അറിവു തന്ന ലേഖനം

ആശംസകള്‍ മാഷേ

ഇത്തിരിവെട്ടം said...

ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായിരുന്നു ബദര്‍ യുദ്ധം... ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോള്‍, പിറന്ന നാട് ആദര്‍ശത്തിന് വേണ്ടി ഉപേക്ഷിക്കേണ്ടിവന്ന നബിതിരുമേനി(സ)യേയും അനുയായികളേയും നിരന്തരം ദ്രോഹിക്കാന്‍ മക്കക്കാര്‍ ശ്രമിച്ചതിന്റെ ഫലമായിരുന്നു ഈ യുദ്ധം. റമദാനിന്റെ വൃതവിശുദ്ധിയില്‍ വേണ്ടത്ര സന്നാഹങ്ങളില്ലാത്ത മുന്നൂറ്റിപ്പതിമൂന്ന് അനുയായികളും നബിതിരുമേനിയും അധര്‍മ്മത്തിനെതിരെ പടപൊരുതിയതിന്റെ ഓര്‍മ്മപുതുക്കിയത് തീര്‍ത്തും സന്ദര്‍ഭോചിതം...

നന്ദിയോടെ...

കുറുമാന്‍ said...

ബദര്‍ദിനം പ്രമാണിച്ച് തന്ന ലേഖനം നന്നായി സുല്ലേ. നന്ദി.

അടയാളം said...

വസ്തുനിഷ്ഠവും കാലികപ്രസ്കതവുമായ ലേഖനം.

ഇസ്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായങ്ങളിലൊന്നാണ് ബദര്‍ യുദ്ധം.
വിശുദ്ധ റമദാനിന്റെ പുണ്യനാളുകളില്‍
വ്രതമനുഷ്ടരായ വിശ്വാസിസമൂഹം
അനീതിക്കെതിരെ പോരാടിയതിന്റെ
സ്മൃതികള്‍ ഇവിടെ പുനര്‍വായിക്കാന്‍ കഴിയുന്നു.

നിരക്ഷരന്‍ said...

ലോകത്തെല്ലായിടത്തും സമാധാനമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഇത്തരം നല്ല ചിന്തകളും ഉണ്ടാകട്ടെയെന്നും.....

അഗ്രജന്‍ said...

ഇസ്ലാം എന്നും യുദ്ധത്തിനും കൊലപാതകങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും എതിരാണ്. ഇസ്ലാം യുദ്ധത്തിന്റെ മതമാണ്, മുസ്ലിമുകളെല്ലാം തീവ്രവാദികളാണെന്ന് ഉറക്കെയുറക്കെ പറഞ്ഞ് അത് സത്യമാക്കിതീര്‍ക്കാന്‍ പ്രചരണങ്ങള്‍ നടത്തുന്ന ഈ കാലത്ത്, തീവ്രവാദി ആക്രമണങ്ങള്‍ നടത്തി, നാടെങ്ങും ബോബുകള്‍ പാകി സമൂഹത്തിന്റെ സമാധാനം നശിപ്പിച്ച്, ജനങ്ങളെ കാരണമില്ലാതെ കൊന്നൊടുക്കുന്ന രീതി ഒരിക്കലും ഇസ്ലാമിന്റേതല്ല. അതിനു തുനിഞ്ഞിറങ്ങിയവരെ കണ്ടു പിടിക്കുമെന്നും അവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും നമുക്കു പ്രത്യാശിക്കാം.

ബദര്‍ ദിന ചിന്ത വളരെ നന്നായി സുല്ലേ...!

മിന്നാമിനുങ്ങ്‌ said...

ബദര്‍ ദിനം..
ധര്മ്മത്തിനെതിരെ ആദ്യമായി അധര്‍മ്മം അതിജയിച്ചതിന്റെ ഓര്‍മ്മപ്പെരുന്നാള്‍.
ഇസ്ലാമിക നാഗരികതക്ക് പോന്പ്രഭയെകി
തിളങ്ങി നില്‍ക്കുന്ന ചരിത്ര മുഹൂര്‍ത്തം..

ബദ്‌രിന്റെ പ്രാധാന്യവും പ്രസക്തിയും
ഈ പോസ്റ്റ് വിളിച്ചോതുന്നു.ഒപ്പം
വര്‍ത്തമാനകാലത്ത് തെടിദ്ധരിപ്പിക്കപ്പെടുന്ന
ഇസ്ലാമിന്റെ സുന്ദരമുഖവും ഇവിടെ വായിക്കാനാകുന്നു

MT Manaf said...

ചരിത്രത്തിന്റെ ചൂട്പകര്‍ന്ന
കുറിപ്പ് നന്നായി
ഇതും നോക്കാം