Wednesday, September 24, 2008

സുലൈമാന്‍

ഓര്‍മ്മച്ചെപ്പില്‍ നിന്നും പുനഃപ്രസിദ്ധീകരിച്ചത്.........



വീണ്ടും ഒരു റമദാന്‍മാസം കൂടി കടന്നുപോകുന്നു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ കഠിനമായ വേനല്‍ ശമിക്കുന്നതിനു മുമ്പാണ് റമദാന്‍ മാസം വന്നെത്തിയിരിക്കുന്നത്. പക്ഷേ വര്‍ഷങ്ങളായി എന്റെ ഓര്‍മ്മകളിലെ റമദാന് ഒരു തണുപ്പുകാലത്തിന്റെ പ്രതീതിയാണ്. ഇതിനു കാരണമുണ്ട്. 1992 ല്‍ ഞാന്‍ സൌദി അറേബ്യയിലെ ദമാമില്‍ ആദ്യമായി ജോലിക്കെത്തുമ്പോള്‍, ആ വര്‍ഷത്തെ റമദാന്‍ ഫെബ്രുവരിമാസത്തില്‍ ആയിരുന്നു - ഗള്‍ഫ് രാജ്യങ്ങളിലെല്ലാം തണുപ്പുകാലം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുന്ന സമയം. അവിടുന്നിങ്ങോട്ട് ഓരോ വര്‍ഷവും പത്തുദിവസം വീതം കുറഞ്ഞ് കുറഞ്ഞ് ഇപ്പോഴിതാ സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തിലെത്തിനില്‍ക്കുന്നു റമദാന്‍ മാസാരംഭം.


റമദാന്‍ നോമ്പ് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ത്തന്നെ “ഫീല്‍” ചെയ്യണമെങ്കില്‍ സൌദി അറേബ്യയില്‍ തന്നെ താമസിക്കണം എന്നാണ് എനിക്കു അനുഭവത്തില്‍നിന്നും തോന്നിയിട്ടുള്ളത്. സൌദി അറേബ്യയിലെ കര്‍ശനനിയമങ്ങള്‍ കാരണം അത് മനുഷ്യവാസയോഗ്യമായ ഒരു സ്ഥലമല്ലെന്ന പലര്‍ക്കും ഒരു ധാരണയുള്ളതിനാല്‍, പതിനാലുവര്‍ഷത്തെ അനുഭവത്തില്‍ നിന്ന് ഒരു കാര്യം ആദ്യമേ ഞാന്‍ പറയട്ടെ. ഇത് അതിശയോക്തിപരമായ ഒരു പ്രസ്താവന മാത്രമാണ്! കര്‍ശന നിയമങ്ങളും വ്യവസ്ഥകളും ഉണ്ട് എന്നതു സത്യം - പക്ഷേ അത് അവിടെ ജീവിക്കുന്നതിന് അത്രവലിയ തടസ്സമായി എനിക്കു വ്യക്തിപരമായി തോന്നിയിട്ടില്ല.


നാം ജീവിക്കുന്ന രാജ്യത്തെ നിയമങ്ങളുമായി രീതികളുമായി ഒത്തുപോകുവാന്‍ മനസുള്ള ആര്‍ക്കും പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടുകളും കൂടാതെ, കുറഞ്ഞ ജീവിതച്ചെലവില്‍ ജീവിക്കാന്‍ സാധിക്കുന്ന ഒരു രാജ്യമാണ് സൌദി - പ്രത്യേകിച്ചും കുടുംബത്തോടൊപ്പം. മാത്രവുമല്ല, “സ്വാതന്ത്ര്യം” എന്നത് നാം ഓരോരുത്തരും എന്താഗ്രഹിക്കുന്നു, അത് നിവര്‍ത്തിച്ചുകിട്ടാന്‍ എത്രത്തോളം സാധിക്കും എന്നതിനെ ആശ്രയിച്ചായതിനാല്‍ ഇത് തികച്ചും വ്യക്തിപരവുമാണ്.


മറ്റു ആഘോഷങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത സൌദിയില്‍ റമദാന്റെ ഒരു മാസക്കാലം ശരിക്കും ഒരാഘോഷവേളയാണ്! കടകളിലൊക്കെ ഒരു ഷോപ്പിംഗ് ഫെസ്റ്റിവല്‍ പോലെ വിലക്കുറവ്, പ്രത്യേക ഓഫറുകള്‍ തുടങ്ങിയ പ്രത്യേകതകള്‍. ഈ അവസരത്തില്‍ റോഡുകളും, കോര്‍ണിഷും (കടല്‍ത്തീരം) ദീപാലംകൃതമാക്കിയിരിക്കും. കടകളുടെയെല്ലാം പ്രവര്‍ത്തനസമയം തന്നെ വ്യത്യാസമാണ്. ഇഷാ നമസ്കാരത്തിനു ശേഷം തുറക്കുന്ന കടകളും ഷോപ്പിംഗ് സെന്ററുകളും റെസ്റ്ററന്റുകളും രാവേറെ വൈകി രണ്ടു-മൂന്നു മണിവരെ തുറന്നിരിക്കും. ഈ സമയം മുഴുവന്‍ നഗരം സജീവമായിരിക്കും.


അല്ലാത്ത അവസരങ്ങളില്‍ കൂടുതലും പുരുഷന്മാരെ മാത്രം കാണാവുന്ന ദമാം നഗരവീഥികളിലെല്ലാം ഷോപ്പിംഗിന് ഇറങ്ങുന്ന തദ്ദേശീയരായ കുടുംബങ്ങള്‍ - പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും - എല്ലാമായി ശബ്ദമുഖരിതമായിരിക്കും. അതോടൊപ്പം വിദേശികളും. ആകെ ഒരു ഉത്സവച്ഛായ. ഒരുവര്‍ഷത്തെ ആകെ കച്ചവടം നോക്കിയാല്‍, ബാക്കിയെല്ലാ മാസങ്ങളിലും കൂടിയുണ്ടാക്കുന്ന അത്ര വരുമാനം ഈ ഒരു മാസംകൊണ്ടു ഉണ്ടാക്കാം എന്ന് സ്വന്തമായി കടനടത്തുന്ന ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു.



മറ്റു ഗള്‍ഫ് നഗരങ്ങളെ അപേക്ഷിച്ച് സൌദിയിലെ മറ്റൊരു പ്രത്യേകത അവിടെയുള്ള മോസ്കുകളുടെ എണ്ണമാണ്. ഒരേ ചുറ്റുവട്ടത്തില്‍ തന്നെ ചെറുതും വലുതുമായി ഒരുപാടു പള്ളികള്‍. അതിനാല്‍ത്തന്നെ ബാങ്കുവിളിക്കുന്നത് ആരും കേള്‍ക്കാതെ പോകുന്ന പ്രശ്നമില്ല! പ്രാര്‍ത്ഥനാ സമയങ്ങളിലൊക്കെ കടകള്‍ അടവായിരിക്കുമെന്നതിനാല്‍ കൃത്യമായി ഈ സമയങ്ങള്‍ അവിടെ താമസിക്കുന്ന എല്ലാവര്‍ക്കും അറിയാം എന്ന പ്രത്യേകതയും ഉണ്ട്.


റമദാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ പബ്ലിക്കായി ഭക്ഷണം കഴിക്കുവാനോ, പുകവലിക്കുവാനോ അനുവാദമില്ല. റെസ്റ്ററന്റുകള്‍ പകല്‍ സമയം തുറക്കുകയുമില്ല. റമദാനില്‍ അതിരാവിലെ സുബുഹി ബാങ്കുവിളിക്കുന്നതിനു മുമ്പായി ദമാമിലെ പ്രധാന മോസ്കില്‍നിന്നും ഒരു വെടിയൊച്ച മുഴങ്ങും. ഇത് സിറ്റിയുടെ എല്ലാഭാഗങ്ങളിലും പ്രതിധ്വനിക്കും. അതോടെ എല്ലാ പള്ളികളില്‍ നിന്നും ഒരേ സമയം ബാങ്കുവിളി മുഴങ്ങും. ജോലിസമയം പൊതുവേ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടുവരെയും, ചില കമ്പനികളില്‍ ഉച്ചയ്ക്ക് രണ്ടു വരെയും ആയിരിക്കും. റോഡില്‍ ട്രാഫിക് പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാല്‍ രണ്ടരയാവുമ്പോഴേക്ക് വീട്ടിലെത്തും. പിന്നെ വിശ്രമമാണ്, മഗ്രിബ് ബാങ്ക് വരെ. അപ്പോഴാണ് നോമ്പു തുറക്കുന്നത്.


ഇതിനു മുമ്പുതന്നെ കൊച്ചുകൊച്ചു കഫറ്റേരിയകളും, റെസ്റ്ററന്റുകളും നോമ്പുതുറക്കാനുള്ള ലഘുഭക്ഷണങ്ങളുമായി പ്രത്യേക കൌണ്ടറുകള്‍ തന്നെ സജ്ജീകരിച്ചിരിക്കും. രണ്ടു റിയാല്‍ കൊടുത്താല്‍ ഇഷ്ടം പോലെ വിഭവങ്ങള്‍. മിക്ക ദിവസങ്ങളിലും ഇതേ സാധനങ്ങള്‍ വീട്ടില്‍ വാങ്ങി നോമ്പില്ലാതെയുള്ള ഒരു നോമ്പുതുറ ഞങ്ങളും നടത്തുമായിരുന്നു.


നോമ്പ് തുറക്കാനുള്ള സമയമായാല്‍, റോഡിലൊന്നും ഒരു മനുഷ്യരേയും കാണാനാവാത്ത ഗള്‍ഫ് നഗരങ്ങള്‍ പക്ഷേ സൌദിയുടെ മാത്രം പ്രത്യേകതയാവാം. എനിക്ക് അത് എന്നും ഒരു വിസ്മയക്കാഴ്ച തന്നെയായിരുന്നു. ഇത്രയും തിരക്കേറിയ ഒരു നഗരം, അരമണിക്കൂര്‍ നേരത്തേക്ക് മനുഷ്യവാസമുണ്ടോ എന്നു തോന്നുമാറ് നിശബ്ദം, ശാന്തം! കൊച്ചു റെസ്റ്ററന്റുകളിലെല്ലാം, രണ്ടു റിയാല്‍ കൊടുത്താല്‍ അവിടെത്തന്നെ നോമ്പ് തുറക്കാനായി ഒരു ഇഫ്താര്‍ കിറ്റ് കൊടുത്തിരുന്നു - അവിടെയിരുന്നുതന്നെ കഴിക്കാം. മഗ്രിബ് ബാങ്കിനു മുമ്പുതന്നെ അവിടങ്ങളും ഫുള്‍ ആയിരിക്കും.



ഇതുകൂടാതെ സൌദിയിലെ ഒട്ടുമിക്ക ഭാഗങ്ങളിലും പള്ളികളോടൊപ്പം സമൂഹനോമ്പുതുറയ്ക്കുള്ള ടെന്റുകളും ഉണ്ടായിരുന്നു - ഇപ്പോഴും ഉണ്ട്. തറയില്‍ വിരിച്ചിരിക്കുന്ന വലിയ കാര്‍പ്പെറ്റുകളില്‍ നിരനിരയായി ഇരുന്ന് നോമ്പുനോക്കുന്നവരെല്ലാം ഒന്നിച്ചാണ് ഈ ടെന്റുകളില്‍ നോമ്പു തുറക്കുക. അവിടെ ഓരോ ഭാഷക്കാര്‍ക്കായി പ്രത്യേകം സെക്ഷനുകള്‍ ഏര്‍പ്പെടുത്തി, ചെറിയ പ്രഭാഷണങ്ങളും ഇതോടോപ്പം നല്‍കിയിരുന്നു.


സുലൈമാനെപ്പറ്റി തലക്കെട്ടില്‍ പറഞ്ഞെങ്കിലും ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ. ഞാന്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെ പെയ്ന്റര്‍ ആയിരുന്നു സുലൈമാന്‍. ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായി ഒരു മുതിര്‍ന്നയാള്‍ക്ക് എങ്ങനെ പെരുമാറാം എന്നതിന്റെ ആള്‍ രൂപം. തിരുവനന്തപുരത്തുകാരന്‍. വലിയ വിദ്യാഭ്യാസമൊന്നുമില്ല. ഗള്‍ഫില്‍ വന്ന് കഷ്ടപ്പെട്ട്, നാട്ടില്‍ കുടുംബത്തെ പരമാവധി നല്ലനിലയില്‍ താമസിപ്പിക്കാന്‍ പാടുപെടുന്ന ഒരു ശരാശരി പ്രവാസിയുടെ പ്രതിനിധി.


സുലൈമാന്റെ കഥകള്‍ ഏറെയാണ്. വീട്ടിലെ ദുരിതങ്ങള്‍, നാട്ടിലെ കഥകള്‍, ബാല്യകാലത്തെ വിശേഷങ്ങള്‍, ഉപ്പയുടെയും ഉമ്മയുടെയും കഥകള്‍ ഇങ്ങനെ എപ്പോള്‍ കണ്ടാലും സുലൈമാന് നൂറുകൂട്ടം പറയാനുണ്ടാവും. സുലൈമാന്‍ ഒരു ഡയബറ്റിക് പേഷ്യന്റ് ആയിരുന്നു. അതില്‍ മാത്രം ഡോക്ടര്‍മാര്‍ പറയുന്നതിലൊന്നും സുലൈമാന് ശ്രദ്ധയില്ല. എന്തുചെയ്യാം! “ഒരു കുഴപ്പവും ഇല്ല സാറേ.... എന്നായാലും മരിക്കും” സുലൈമാന്‍ പറയും.



റമാദിനിനോടനുബന്ധിച്ച് നോമ്പ് തുറക്കാനായി ടെന്റുകള്‍ ഉണ്ടാവും എന്നു പറഞ്ഞല്ലോ. വളരെ നല്ല മുന്തിയ ഇനം ഭക്ഷണമാണ് ഇത്തരം ടെന്റുകളില്‍ സൌദികള്‍ എത്തിക്കുന്നത്. എല്ലാവര്‍ക്കും വയറുനിറയെ തിന്നാന്‍ വിളമ്പിയാലും പിന്നെയും വളരെ ബാക്കിയാവും. തുച്ഛശമ്പളക്കാരായ ജോ‍ലിക്കാര്‍ക്ക് വലിയൊരു ആശ്വാസമാണ് ഇപ്രകാരമുള്ള ഇഫ്താര്‍ ടെന്റുകള്‍. അവിടെ മലയാളികള്‍ക്കായുള്ള സെക്ഷനിലെ സ്ഥിരം വോളന്റിയറായിരുന്നു സുലൈമാന്‍. മിക്ക ദിവസങ്ങളിലും നോമ്പുതുറയും കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴി സുലൈമാന്‍ ഞങ്ങളുടെ താമസസ്ഥലത്ത് ഒന്നു കയറിയിട്ടേ പോകൂ. കൈയ്യില്‍ വലിയൊരു പൊതിയും കാണും - നല്ല ബിരിയാണി! എന്താ അതിന്റെ ഒരു മണവും രുചിയും! ടെന്റിലെ ഭക്ഷണങ്ങള്‍ക്കിടയില്‍ നിന്നും ആദ്യമേ മാറ്റിവയ്ക്കുന്നതാണത്.



ഞങ്ങള്‍ സൌദിയില്‍നിന്നും ദുബായിലേക്ക് വന്നതിനു ശേഷവും സുലൈമാനുമായുള്ള സ്നേഹബന്ധത്തിനു കുറവൊന്നും വന്നില്ല. ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഫോണില്‍ വിളിക്കും. ഓണത്തിനും ക്രിസ്മസിനും ഒക്കെ ആശംസകള്‍ നേരുവാന്‍. ഈദിന് ഞങ്ങള്‍ അങ്ങോട്ടും വിളിക്കും. കഴിഞ്ഞ ഏപ്രിലില്‍ ഒരു ദിവസം, സൌദിയില്‍ നിന്നും ജാക്കിച്ചാന്‍ എന്നു ഞങ്ങള്‍ തമാശയ്ക്കു വിളിക്കുന്ന രാജന്‍ ചാക്കോച്ചായന്‍ വിളിച്ചു “എടാ, നമ്മുടെ സുലൈമാന്‍ മരിച്ചുപോയി..... “ ഒരു ഞെട്ടലോടെയാണതു കേട്ടത്.



പ്രമേഹം വളരെ മോശമായ അവസ്ഥയിലെത്തി, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായത്രെ. ചികിത്സയും വിശ്രമവുമായി വീട്ടില്‍ കഴിയുകയായിരുന്നു. അന്ന് കൂടെ താമസിച്ചിരുന്നവര്‍ ജോലികഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ശാന്തമായി കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നത്രേ. ഒരു ദിവസം എല്ലാവരും മരിക്കും, എങ്കിലും നാല്‍പ്പത്തിരണ്ടാം വയസില്‍തന്നെ മരണത്തിനു കീഴടങ്ങാനായിരുന്നുവല്ലോ സുലൈമാനേ നിന്റെ വിധി.


സുലൈമാനില്ലാത്ത ആദ്യ റമദാന്‍ കടന്നുപോകുന്നു. പക്ഷേ സൌദിയിലെ റമദാന്റെ ചിന്തകളോടൊപ്പം സുലൈമാനും എന്നും മനസ്സില്‍ മായാതെ ഉണ്ടാവും

4 comments:

Joker said...

നോമ്പിന്റെ കഥ ചില ബന്ധങ്ങളുടെയും.നന്നായിരിക്കുന്നു.

rumana | റുമാന said...
This comment has been removed by the author.
rumana | റുമാന said...

ശരിയാണ്... വളരെ ചെറിയ ചിലവില്‍ സ്വസ്ഥമായി സമാധാനത്തോടെ ജീവിക്കാന്‍ അനുയോജ്യമായ രാജ്യം തന്നെയാണ് സൌദി അറേബ്യ. പതിനഞ്ച് വര്‍ഷത്തെ അനുഭവങ്ങളെ ഞങ്ങള്‍ നന്ദിയോടെയാണ് സ്മരിക്കാറുള്ളതും...

റംസാന്‍ കാലത്ത് സൌദിയുടെ തെരുവിലൂടെ സഞ്ചരിച്ച പ്രതീതിയുളവാക്കുന്ന തരത്തിലുള്ള ലേഖനം,

മാത്രമല്ല റാംസാനിന്ന് മാത്രം ഞാനുന്ന്ടാക്കുന്ന ചീരാകഞ്ഞികുടിക്കാന്‍ കത്തിരിന്നിരുന്ന കണ്ണൂര്‍ സ്വദേശിയായ ഉമ്മര്‍കാനെ പെടുന്നനെ ഓര്‍മിക്കാനും ഈ ലേഖനം കാരണമായി .ഞങ്ങളുടെ ഫ്ലാ‍റ്റിന്റെ താഴെ താമസിച്ചിരുന്ന അദ്ധേഹം നാട്ടിലേക്ക് തിരിക്കുമ്പോള്‍ ബോംബെ ഏര്‍പോട്ടില്‍ വെച്ചാണ് മരണപ്പെട്ടത്.ലേഖനത്തില്‍ പറഞ്ഞ സുലൈമാന്‍ ഞങ്ങളുടെ ഉമ്മര്‍കയാ‍ണെന്ന് തോന്നിപ്പോകുമാറുള്ളതായിരുന്നു. അദ്ദേഹമില്ലാത്ത മൂന്നാമത്തെ റംസാനാണ് ഞങ്ങള്‍ക്കിത്.

അപ്പുവിന്ന് നന്ദി...

Unknown said...

nice