Wednesday, October 10, 2007

പെരുന്നാള്‍ ആശംസകള്‍

പുണ്യങ്ങളുടെ പൂക്കാലമായ റമദാനോട് വിടപറയുന്ന നിമിഷങ്ങളാണ് ഇനി. ഒരു മുസല്‍മാന്റെ മനസ്സില്‍ വേദനയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്ന നാളുകള്‍. ഇനിയും ഇതുപോലൊരു പുണ്യകാലത്തിനായി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിലേക്ക് പ്രവേശിക്കുന്ന നാളുകള്‍. അവന്റെ വിരഹത്തിന്റെ നാളുകള്‍ അവനെ തേടിയെത്തുകയായി. അസ്സലാമു അലൈക്കും യ ശഹ്‌റ റമദാന്‍.

റമദാന്‍ മാസം അവസാനിച്ചാല്‍ അടുത്ത ദിവസം (ശവ്വാല്‍ ഒന്ന്) ഈദുല്‍ ഫിത്ത്വര്‍ (ചെറിയപെരുന്നാള്‍) ആയി ആഘോഷിക്കപ്പെടുന്നു. “ഓരോ സമൂഹത്തിനും ആഘോഷങ്ങളുണ്ട്, ഈദുല്‍ ഫിത്വര്‍ നമ്മുടെ ആഘോഷദിനമാകുന്നു” എന്ന് ഹദീസില്‍ പറയുന്നു. പെരുന്നാള്‍ ദിനത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവന്റെ അടിമകളിലേക്കെത്തുന്നു എന്ന അര്‍ഥത്തില്‍ ‘അവാഇദുല്ലാഹ്’ എന്ന അറബി പദത്തില്‍ നിന്നാണ് ഈദ് എന്ന പദത്തിന്റെ ജനനം എന്നു പണ്ഡിത മതം.

ഈദുല്‍ ഫിത്വര്‍ ഈദുല്‍ അദ്‌ഹായുമാണ് മുസ്ലിമിന്റെ ആഘോഷങ്ങള്‍. ഈ സുദിനം ആഘോഷങ്ങളുടേതാണെങ്കിലും ഇസ്ലാമില്‍ ആഘോഷങ്ങള്‍ക്കും പരിധികളുണ്ട്. മനുഷ്യസമുദായത്തിന്റെ വളര്‍ച്ചക്ക് ആഘോഷങ്ങള്‍ വളരെ വലിയ പങ്കു വഹിക്കുന്നു, ചരിത്ര പരമായും പ്രകൃതിപരമായും. ഈ ആവശ്യത്തെ ഇസ്ലാം ഒരിക്കലും എതിര്‍ക്കുന്നില്ല. ഒരു ഈദ് ദിനത്തില്‍ പ്രവാചക ഭവനത്തിലേക്ക് കയറിവന്ന അബൂബക്കര്‍ സിദ്ദീഖ് (റ) അവിടെ രണ്ടു അന്‍സാരി പെണ്‍കുട്ടികള്‍ ദഫ് മുട്ടി, രണാങ്കണത്തില്‍ ശക്തി തെളിയിച്ച പൂര്‍വികരെ കുറിച്ചു പാടികൊണ്ടിരുന്നത് കണ്ടു. അദ്ദേഹം ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു “എന്താണിത്, പ്രവാചക ഭവനത്തിലാണോ ഈ ഗാനാ‍ലാപനം?” അപ്പോള്‍ നബി (സ.അ) പറഞ്ഞു ‘അബുബക്കര്‍, ഓരോ സമുദായത്തിനും അവരുടേതായ ആഘോഷമുണ്ട്, ഇന്നു നമ്മുടെ പെരുന്നാള്‍ സുദിനമല്ലേ’. എന്ന്. ശരീഅത്തിനു വിരുദ്ധമല്ലാത്തവിധം സന്തോഷിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനും ഇസ്ലാം ഒരിക്കലും എതിരുനില്‍ക്കുന്നില്ല. ഏവരും ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതിനാലാണ് പെരുന്നാള്‍ ദിനത്തില്‍ നോമ്പെടുക്കല്‍ നിഷിദ്ധമാക്കിയിരിക്കുന്നത് തന്നെ.

പെരുന്നാള്‍ രാവിലും പെരുന്നാള്‍ ദിനത്തിലും അനുവര്‍ത്തിക്കേണ്ട ചില അനുഷ്ഠാനങ്ങള്‍.

ലൈലത്തുല്‍ ഫിത്വര്‍
പെരുന്നാള്‍ രാവ് ഹയാത്താക്കുക (ജീവനുള്ളതാക്കുക) തക്ബീര്‍ ചൊല്ലുന്നതിലും സുന്നത്തു നമസ്കാരങ്ങളിലും ഏര്‍പ്പെടുക.

പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടുക. പെരുന്നാള്‍ നാളില്‍ പ്രതിഫലേച്ഛയോടെ നിസ്കരിക്കുന്നവരുടെ ഹൃദയങ്ങള്‍, എല്ലാ ഹൃദയങ്ങളും മരിക്കുന്ന നാളില്‍ ജീവസുറ്റതായി നില്‍കുന്നതാണെന്ന് ഹദീസ്.

തക്‍ബീര്‍ ചൊല്ലല്‍
‘അല്ലാഹു ഏറ്റം മഹാനാണ്’ എന്നര്‍ത്ഥം വരുന്ന ‘അല്ലാഹു അക്‍ബര്‍’ എന്ന തക്ബീറിന്റെ ആവര്‍ത്തനം പെരുന്നാള്‍ സുദിനത്തില്‍ പ്രാധാന്യമേറിയ കര്‍മ്മമാണെന്ന് വിശുദ്ധ ഖുറ് ആന് വരെ വ്യക്തമാക്കിയതാണ്. ശവ്വാല്‍ മാസപ്പിറ കണ്ടതുമുതല്‍ പെരുന്നാള്‍ നമസ്ക്കാരത്തില്‍ പ്രവേശിക്കുന്നത് വരെ തക്‍ബീര്‍ മുഴക്കല്‍ സുന്നത്ത് (ഐചികമായ കര്‍മ്മം) ആണ്.

കുളിയും നല്ലവസ്ത്രം ധരിക്കലും
പെരുന്നാളിന് വേണ്ടി കുളിക്കുന്നത് മറ്റൊരു സുന്നത്ത് ആണ്. അതു നമസ്കാരത്തില്‍ പങ്കെടുക്കാനാണെങ്കിലും അല്ലെങ്കിലും ശരി. വല്ലവിധേനെയും ആദിവസം കുളിക്കാന്‍ കഴിയാതെ വന്നാല്‍ ആ കുളി സുന്നത്ത് ഖദാ വീട്ടുകയും ആവാം. പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രമണിയല്‍ പ്രത്യേകം സുന്നത്തു തന്നെ. ഇക്കാര്യങ്ങളില്‍ കുട്ടികള്‍ക്ക് ഒരു പ്രത്യേക ശ്രദ്ധകൊടുക്കേണ്ടതുമാണ്.

മൈലാഞ്ചി അണിയല്‍
വിവാഹിതയായ സ്ത്രീകള്‍ക്ക് മൈലാഞ്ചിയണിയല്‍ ഏതു സമയത്തും സുന്നത്തായി പരിഗണിക്കപ്പെടുന്നു ഇസ്ലാമില്‍. എന്നാല്‍ വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് ഇതു സുന്നത്തില്ല എന്നു മാത്രമല്ല കറാഹത്തുമാണ്. പുരുഷന്മാര്‍ക്ക് ചികിത്സപോലുള്ള ആവശ്യങ്ങള്‍ക്കല്ലാതെ മൈലാഞ്ചി അണിയല്‍ ഹറാം (നിഷിദ്ധം) ആണ്.

ആശംസകള്‍ കൈമാറുക
ഈദ് ദിവസത്തില്‍ പരസ്പരം ആശംസകള്‍ കൈമാറുന്നത് ഒരു നല്ല രീതിയാണ്. ഇസ്ലാമിലും ഇതിനു പിന്‍ബലമേകുന്ന പല ഹദീസുകളും ഉണ്ട്. ആശംസകള്‍ക്ക് ഏതു നല്ല വാക്കുകളും ഉപയോഗിക്കാം. ‘തഖ്വബ്ബലല്ലാഹും മിന്നാ വമിന്‍‌കും’ എന്നും ഉപയോഗിക്കാറുണ്ട്.

ചെറിയ പെരുന്നാള്‍ നിസ്കാരം
നിസ്കാരത്തിനു പള്ളിയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ചെയ്യേണ്ടവ.
1. ഫിത്വര്‍ സകാത്ത അതിന്റെ അവകാശികളില്‍ എത്തിക്കല്‍. (നിര്‍ബന്ധം, ചില ഒഴിവുകഴിവുകള്‍ ഉണ്ട്)
2. കഴിയുന്നത്ര തക്‍ബീര്‍ വര്‍ദ്ധിപ്പിക്കല്‍.
3. ദേഹശുദ്ധിവരുത്തല്‍, നല്ല വസ്ത്രം ധരിക്കല്‍, സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കല്‍ (സുന്നത്ത്)
4. ഭക്ഷണം കഴിക്കല്‍ (സുന്നത്ത്)

ഏവര്‍ക്കും ഒരു നല്ല ചെറിയ പെരുന്നാള്‍ ആശംസിക്കുന്നു.
സ്നേഹത്തോടെ
സുല്‍.

Sunday, October 7, 2007

അനുഗ്രഹങ്ങളുടെ രാവ്

വിശുദ്ധഖുര്‍ആന്റെ അവതരണ ആരംഭമാണ്‌ റമദാന്റെ പ്രത്യേകതകളില്‍ പ്രധാനം . ആ ആദ്യസൂക്തങ്ങള്‍‍ അവതരിച്ചതാകട്ടേ റമദാനിലെ 'ലൈലത്തുല്‍ ഖദര്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുണ്യരാവിലും.

മക്കയിലെ സര്‍വ്വാദരണീയനായിരുന്നു അനാഥനായി വളര്‍ന്ന അല്‍-അമീന്‍. തന്റെ ചുറ്റും നടമാടുന്ന അനാചാരങ്ങളും വര്‍ണ്ണവിവേചനവും അടിമത്തവും എല്ലാം ഓര്‍ത്ത്‌ ആ വലിയ മനസ്സ്‌ എന്നും വേവലാതിപ്പെടാറുണ്ടായിരുന്നു. നല്‍പത്‌ വയസ്സ്‌ കലഘട്ടത്തില്‍ അവിടുന്ന് ജനങ്ങളില്‍ നിന്ന് അകന്ന് താമസിക്കുവാന്‍ ആഗ്രഹിച്ചു. ഇതിനായി മക്കയില്‍ നിന്ന് കുറച്ച്‌ അകലെ ജബലുന്നൂറില്‍ ആയിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഹിറാ ഗുഹയാണ്‌ അവിടുന്ന് തിരഞ്ഞെടുത്തത്‌. ആ ദിവസങ്ങളില്‍ വീട്ടില്‍ വരാറില്ലാത്തതിനാല്‍, തന്റെ ഭര്‍ത്താവിനുള്ള ഭക്ഷണവുമായി അമ്പതിലധികം വയസ്സ്‌ പ്രായമുള്ള ഖദീജ മലകയറുമായിരുന്നു. അക്കാലത്ത്‌ അല്‍ അമീന്‍ ചില സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. അടുത്ത ദിവസങ്ങളില്‍ ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ അത്ഭുതമായി.


അങ്ങിനെയൊരിക്കല്‍ ഹിറയുടെ അരണ്ട വെളിച്ചത്തില്‍ ഒരു രൂപം പ്രത്യക്ഷപ്പെട്ടു... നിഷ്കളങ്കനായ അല്‍ അമീനോട്‌ 'വായിക്കാന്‍' ആവശ്യപ്പെട്ടു. ആ നിരക്ഷരന്‍ തന്റെ നിസ്സഹായത ആ രൂപത്തിന്റെ മുമ്പില്‍ വ്യക്തമാക്കി "ഞാന്‍ വായിക്കാന്‍ അറിയുന്നവനല്ല.." അതിന്‌ മറുപടി ഒരു ആലിംഗനമായിരുന്നു... ചോദ്യം ആവര്‍ത്തിക്കപ്പെട്ടു... ഉത്തരവും. മൂന്നാം പ്രാവശ്യം ചോദ്യത്തോടൊപ്പം രൂപം കൂട്ടിച്ചേര്‍ത്തു " വായിക്കുക സൃഷ്ടിച്ച രക്ഷിതാവിന്റെ നമത്തില്‍. നീ വായിക്കുക... നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ പഠിപ്പിച്ചവന്‍. മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചു. (കൊണ്ടേയിരിക്കുന്നു.)


ഇത്‌ നബിതിരുമേനി ആവര്‍ത്തിച്ചു. ഇതായിരുന്നു വിശുദ്ധ വേദഗ്രന്ഥത്തിന്റെ ആദ്യ സൂക്തങ്ങള്‍. പിന്നീട്‌ ഇരുപത്തിമൂന്ന് വര്‍ഷം നീണ്ട ആ ജീവിതത്തിന്റേയും അവിടുന്ന് സൃഷ്ടിച്ച ഒരു സമൂഹത്തിന്റെയും അടിസ്ഥാനം അന്ന് ആ ഹിറഗുഹയ്കത്ത്‌ മുഴങ്ങിയ "വായിക്കുക..." എന്ന വാക്യത്തില്‍ ആരംഭിച്ച വിശുദ്ധ ഖുര്‍ആന്‍ ആയിരുന്നു. ആ ആദ്യക്ഷരങ്ങള്‍ മനുഷ്യന്‌ ദൈവത്തിന്റെ വരദാനമായി ലഭിച്ചത്‌ റമദാനിലെ അവസാനത്തെ പത്തിലെ ഒരു രാവിലായിരുന്നു.


അത്‌ കൊണ്ട്‌ തന്നെ അല്ലാഹു ആ രാവിനെ വിശേഷിപ്പിച്ചത്‌ 'ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ രാവ്‌' എന്നാണ്‌. റമദാനിലെ അവസാനപ്പത്തിലെ ഒറ്റയിട്ട രാവുകളില്‍ നിങ്ങള്‍ ആ രാവ്‌ പ്രതീക്ഷിക്കണം എന്ന് നബി തിരുമേനി അനുയായികളേ അറിയിച്ചിട്ടുണ്ട്‌.


ഒരിക്കല്‍ പത്നിയായ ആയിശ ചോദിച്ചു... "പ്രവാചകരേ... ലൈലത്തുല്‍ ഖദര്‍' ഏത്‌ ദിവസമാണെന്ന് ബോധ്യപ്പെട്ടാല്‍ ഞാന്‍ എന്ത്‌ ചെയ്യണം. തിരുമേനി (സ) മറുപടി നല്‍കി... "ആയിശാ നീ പ്രാര്‍ത്ഥിക്കണം... അല്ലാഹുവേ നീ മാപ്പ്‌ നല്‍കുന്നവനാണ്‌, നിനക്ക്‌ മാപ്പ്‌ നല്‍കുന്നത്‌ ഇഷ്ടമാണ്‌, അത്‌ കൊണ്ട്‌ എനിക്കും മാപ്പ്‌ നല്‍കേണമേ..."

ലൈലത്തുല്‍ ഖദറിന്റെ സൌഭാഗ്യം ലഭിക്കുന്ന ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടേ...

Thursday, September 27, 2007

ബദര്‍ ദിനം - റമദാന്‍ പതിനേഴ്

“അല്ലാഹുവേ ഈ സംഘത്തെ നീ പരാജയപ്പെടുത്തുകയാണെങ്കില്‍ പിന്നെ ഭൂമുഖത്ത് നിനക്ക് ആരാധന നടക്കുന്നതല്ല. അതു കൊണ്ട് നീ എനിക്കു തന്ന വാക്കു പാലിക്കേണമേ. നിന്റെ സഹായം കൊണ്ട് അനുഗ്രഹിക്കേണമേ”

എ.ഡി 624 ല്‍, ഹിജ്‌റയുടെ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് ബദര്‍ യുദ്ധം നടന്നത്. മുഹമ്മദ് നബി (സ.അ) യും 313 സഹാബിമാരും ഒരു സത്യവിശ്വാസത്തിന്റെ ഭാഗത്തും മക്കയിലെ പ്രമുഖനായ അബുജഹ് ലിന്റെ കീഴില്‍ ആയിരത്തോളം പടയാളികളും മറുപക്ഷത്തും നിരന്ന ഇസ്ലാം ചരിത്രത്തിലെ ശത്രുക്കളുമായി നടത്തിയ ആദ്യത്തെ യുദ്ധം. അതിന്റെ ഫലം വളരെ നിര്‍ണ്ണായകമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായാണ് ചരിത്ര കാരന്മാര്‍ ഈ യുദ്ധത്തെ കാണുന്നത്.

റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിയതിനു തൊട്ടു പിറകിലായാണ് ബദര്‍ യുദ്ധം ഉണ്ടായത്. ബദറില്‍ നബിയും അനുചരന്മാരും സര്‍വ്വായുധ സജ്ജരായ ശത്രു സൈന്യത്തെ നേരിട്ടത തികച്ചും നിരായുധരായിട്ടായിരുന്നു. മാത്രമല്ല അവര്‍ക്ക് അത്യാവശ്യ ഭക്ഷണം പോലും അപ്പോള്‍ ലഭിച്ചിരുന്നില്ല. എന്നിട്ടും വിജയം കൊണ്ട് നബിയെയും അനുചരന്മാരെയും അല്ലാഹു അനുഗ്രഹിച്ചു.

ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക യുദ്ധത്തെ വിശ്വാസികള്‍ എന്നും ഓര്‍ത്തുവെക്കുന്നു. റമദാനില്‍ ബദര്‍ ദിനാചരണവും ബദ്‌രീങ്ങളുടെ* മഹത്വം വാ‍ഴ്തി പാടലും നടക്കുന്നു. ഈ സ്മരണയിലൂടെ നാം വിശ്വാസത്തിന്റെ വിജയത്തെ ഒന്നു കൂടി മനസ്സിലാക്കുന്നു.

ബദറില്‍ രക്തസാക്ഷിത്വം വരിച്ചത് 14 പേര്‍മാത്രമാണ്. എന്നാല്‍ യുദ്ധത്തിലുണ്ടായവരെല്ലാം വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പെട്ടിരിക്കുന്നു.

*ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത മുസ്ലിം യോദ്ധാക്കള്‍

Tuesday, September 25, 2007

സകാത്ത് (തുടര്‍ച്ച) - റമദാന്‍ പതിമൂന്ന്

ദേഹത്തിന്റെ സക്കാത്താണ് ഫിത്വര്‍ സക്കാത്ത് എന്നു പറഞ്ഞല്ലോ, ശാരീരികവും ആത്മീയവുമായ ശുദ്ധീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റമദാനിലെ ഏറ്റവും ഒടുവിലത്തെയും ശവ്വാലിലില്‍ ഏറ്റവും ആദ്യത്തേയും നിമിഷങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമായിട്ടുള്ളത്.

നിസ്കാരത്തില്‍ സഹ്‌ വിന്റെ* സുജൂദ് പോലെയാണ് നോമ്പിന് ഫിത്വര്‍ സകാത്ത്. അത് നോമ്പിന്റെ പോരായ്മകളെ പരിഹരിക്കും. “റമദാനിലെ നോമ്പ് അല്ലാഹുവിലേക്കെത്താതെ ആകാശഭൂമികള്‍ക്കിടയില്‍ തടഞ്ഞു നിര്‍ത്തപ്പെടുന്നു. ഫിത്വര്‍ സക്കാത് നല്‍കലിലൂടെയല്ലാതെ അത് ഉയര്‍ത്തപ്പെടുകയില്ല” എന്ന ഹദീസിലൂടെ സകാത്ത് കൊടുക്കേണ്ടവന്‍ അത് കൊടുക്കാതിരുന്നാല്‍, റമദാനിന്റെ എല്ലാ പ്രതിഫലവും അവനു ലഭിക്കാതെ പോകും എന്നു മനസ്സിലാക്കാം.

ഫിത്വര്‍ സകാത്ത് നിര്‍ബന്ധമായ ആള്‍ സ്വശരീരത്തിനു വേണ്ടിയും താന്‍ ചിലവു കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് വേണ്ടിയും ഫിത്വര്‍ സക്കാത്ത് നല്‍കേണ്ടതാണ്. അതായത് ബുദ്ധി, പ്രായപൂര്‍ത്തി, അടിമ, സ്വതന്ത്രന്‍ എന്നീ തരം തിരിവുകളൊന്നും ഫിത്വര്‍ സകാത്ത് നല്‍കുന്നതിനു വേണ്ടി പരിഗണിക്കേണ്ടതില്ല. അതായത് ഭ്രാന്തന്‍, മന്ദബുദ്ധി, അടിമ എന്നിവര്‍ക്കു വേണ്ടിയും ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാകും.

റമദാന്‍ ആരംഭം മുതല്‍ ഫിത്വര്‍ സക്കാത്ത് കൊടുക്കാമെങ്കിലും ശവ്വാല്‍ മാസപ്പിറവിയോടെയാണ് ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാകുന്നത്. ശവ്വാല്‍ മാസപ്പിറവി സമയത്ത് സകാത്ത് കൊടുക്കുന്നവനും വാങ്ങുന്നവനും അതിനര്‍ഹരായിരിക്കേണ്ടതാണ്. അതിനാല്‍ ശവ്വാല്‍ മാസപ്പിറവിക്ക് മുമ്പ് സകാത്ത് സ്വീകരിച്ചവന്‍ അതു സ്വീകരിക്കാനര്‍ഹനല്ലാതായി തീര്‍ന്നാല്‍ (ദരിദ്രന്‍ ധനികനായാല്‍) സകാത്തു നല്‍കിയവന്‍ അതു വീണ്ടും നല്‍കേണ്ടതാണ്. ഇതു സക്കാത്ത് കൊടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇനി സക്കാത്ത് കൊടുത്തവന്‍ മരണപ്പെടുകയോ, കഴിവില്ലാത്തവനായി മാറുകയോ ചെയ്താല്‍ ആ സകാത്ത് കൊടുക്കല്‍ അവന്‍ ബാദ്ധ്യസ്ഥനാവുന്നുമില്ല.

താന്‍ ജീവിച്ചിരിക്കുന്നിടത്തു തന്നെ സകാത്ത് വിതരണം നടത്തേണ്ടതാണ് എന്നത് സകാത്ത് കൊടുക്കുന്നതിന്റെ ഒരു നിബന്ധനയാണ്. ഗള്‍ഫില്‍ ജീവിക്കുന്നവന്‍ അവനു വേണ്ടി ഗള്‍ഫിലും, അവന്റെ ഭാര്യാ സന്താനങ്ങള്‍ നാട്ടിലാണെങ്കില്‍ അവര്‍ക്കു വേണ്ടി നാട്ടിലും സക്കാത്ത് നല്‍കണം എന്നു ചുരുക്കം.

സകാത്ത് നല്‍കിയശേഷം “റബ്ബനാ തഖബ്ബല്‍ മിന്നാ ഇന്നക്ക അന്ത സമീഉല്‍ അലീം” (ഞങ്ങളുടെ നാഥാ, ഞങ്ങളുടെ അടുക്കല്‍ നിന്ന് നീ സ്വീകരിക്കേണമേ, നിശ്ചയം നീ കേള്‍ക്കുന്നവനും അറിയുന്നവനുമാണ്) എന്നു പ്രാര്‍ത്ഥിക്കല്‍ സുന്നത്താണ്.

*സഹ്‌വ് = മറവി

Sunday, September 23, 2007

സകാത്ത് - റമദാന്‍ പന്ത്രണ്ട്

ഇസ്ലാമില്‍ നിര്‍ ബ്ബന്ധമാക്കപ്പെട്ടിട്ടുള്ള അഞ്ച് അടിസ്ഥാന കാര്യങ്ങളില്‍ മൂന്നാമത്തേതാണ് സക്കാത്ത് (زكاة zakat) അഥവാ നിര്‍ ബ്ബന്ധിത ദാനം. മുതലിന്‍ റെ സക്കാത്തെന്നും ദേഹത്തിന്‍ റെ സക്കാത്തെന്നും രണ്ട് തരത്തിലാണ് സക്കാത്തുകള്‍ തരം തിരിക്കപ്പെട്ടിട്ടുള്ളത്. അതില്‍ ശരീരത്തിന്‍ റെ സക്കാത്താണ് റമദാന്‍ മാസത്തില്‍ നല്‍ കപ്പെടുന്ന ' ഫിത്വര്‍ സക്കാത്ത് (زكاة الفطر ).


ആര് കൊടുക്കണം?

തനിക്കും, താന്‍ ചിലവ് നടത്തല്‍ അനിവാര്യമായവര്‍ ക്കും പെരുന്നാള്‍ രാവിനും പകലിനും വേണ്ട ആഹാരം, വസ്ത്രം , അത്യാവശ്യവീട് , ഭൃത്യന് ‍ എന്നിവക്കാവശ്യമായത് കഴിച്ച് ഫിത്വര്‍ സക്കാത്ത് കൊടുക്കാനുള്ളത് ബാക്കി ഉണ്ടെങ്കില്‍ അവര്‍‍ ഇത് കൊടുക്കല്‍ നിര്‍ ബ്ബന്ധമാണ്.


അവധിയുള്ളതോ, വൈകിച്ചാല്‍ കടക്കാരന് വിരോദമില്ലാത്തതോ ആണെങ്കില്‍ പോലും, കടബാധ്യതയുണ്ടെങ്കില് ‍ അതും കിഴിച്ച് മിച്ചമുണ്ടെങ്കിലേ ഫിത്വര്‍ സക്കാത്ത് കൊടുക്കേണ്ടതുള്ളൂ എന്നാണ് പ്രബല പക്ഷം.


ആര്‍ ക്ക് കൊടുക്കണം?

സക്കാത്തിന്‍ റെ അവകാശികളായി എട്ട് വിഭാഗങ്ങളേയാണ് ഖുര്‍ ആന്‍ പറഞ്ഞിരിക്കുന്നത്.


ഫഖീറുകള്‍:

തന്‍ റേയും താന്‍ ചിലിവിന്നു കൊടുക്കേണ്ടവരുടേയും ആവശ്യത്തിന് മതിയായ യോജിച്ച തൊഴിലോ മതിയായ സ്വത്തോ ഇല്ലാത്തവനാണ് ഫഖീര്‍.


മിസ്കീനുകള്‍:

തുഛം വരുമാനത്തിന്‍ റെ തൊഴിലോ സ്വത്തോ ഉണ്ടെങ്കിലും ആവശ്യത്തിന് തികയാത്ത, പത്ത് ആവശ്യമുള്ളപ്പോള്‍ എട്ട് കിട്ടുന്ന രീതിയില്‍ ജീവിക്കുന്നവനാണ് മിസ്കീന്‍.


സക്കാത്തുദ്ദ്യോഗസ്ഥര്‍:

സക്കത്ത് ശേഖരിക്കാന്‍ അയക്കപ്പെട്ട ഉദ്യോഗസ്ഥന്‍, സക്കത്ത് പങ്ക് വെച്ച് കൊടുക്കുന്നവന്‍, അത് ഒരുമിച്ച് കൂട്ടുന്നവന്‍... ഇവരാണ് സക്കാത്തുദ്ദ്യോഗസ്ഥര്‍. (ഇതു ഇസ്ലാമിക ഭരണം നിലനില്‍കുന്ന രാഷ്ടങ്ങളില്‍ മാത്രം ബാധകം)


പുതു മുസ്ലിം:

ഇസ്ലാമിലേക്ക് പുതുതായി കടന്നു വന്ന പുതു വിശ്വാസി.


അടിമത്ത മോചനത്തിന് ശ്രമിക്കുന്നവര്‍:

ഉടമയുമായി സ്വീകാര്യമായ മോചനപത്രം എഴുതിയ അടിമകളാണ് ' അടിമത്ത മോചനത്തിന് ശ്രമിക്കുന്നവര്‍' എന്ന വിഭാഗത്തില്‍ വരുന്നത്. ( ഹീനമായ അടിമക്കച്ചവടം നിറുത്താന്‍ ഇസ്ലാമിന്‍ റെ ഒരോ ഇബാദത്തിലും ചില വകുപ്പുകള്‍ കാണാം. അക്കൂട്ടത്തിലൊന്നാണ് സക്കാത്തില്‍ അവരുടെ മോചനത്തിനായി ഈ വകുപ്പുണ്ടാക്കിയത്)


കടബാധിതര്‍‍:

പാപകരമല്ലാത്ത തന്‍ റെ ആവശ്യങ്ങള്‍ ക്ക് വേണ്ടി കടം വാങ്ങിയ, തൊഴിലുണ്ടെങ്കില് ‍ പോലും കടം വീട്ടാന്‍ കഴിവില്ലാത്തവരെല്ലാം ഈ പരിധിയില്‍ വരുന്നു.


ധര്‍ മ്മയോദ്ധാക്കള്‍:

ശമ്പളമോ മറ്റോ ഇല്ലാതെ ധരമ്മയുദ്ധത്തിന് ഒരുങ്ങി നില്‍ ക്കുന്നവരാണ് ഈ വിഭാഗം കൊണ്ടുദ്ദേശിക്കുന്നത്.


യാത്രക്കാര്‍:

അനുവദനീയമായ യാത്രക്കാരനെയാണ് ഇത് കൊണ്ട് വിവക്ഷിക്കുന്നത്. അത് തൊഴിലുള്ളവനാണെങ്കിലും ശരി അയാള്‍ സക്കാത്തിനര്‍ ഹന്‍ തന്നെ.

ഈ എട്ടു കൂട്ടരില്‍ ഇപ്പോള്‍ നിലവിലുള്ളത് അഞ്ച് കൂട്ടരാണ്.
1. ഫഖീര്‍
2. മിസ്കീന്‍
3. പുതു മുസ്ലിം
4. കടബാധിതര്‍
5. യാത്രക്കാര്‍


എന്ത് കൊടുക്കാം?

ഫിത്വര്‍ സക്കാത്ത് കൊടുക്കുന്നതാര്‍ക്കോ, അവരുടെ നാട്ടിലെ മുഖ്യഭക്ഷണം തന്നെയാണ് കൊടുക്കേണ്ടത്. അതിന് തത്തുല്യമായ തുകയായും നല്‍കാം എന്ന് പണ്ഡിതാഭിപ്രായമുണ്ട്. എങ്കിലും ധാന്യമോ ഭക്ഷണമോ ആയി കൊടുക്കല്‍ തന്നെയാണ് ഉത്തമം.


എത്ര കൊടുക്കണം?

തനിക്കും, താന്‍ ഫിത്വര്‍ സക്കാത്ത് നല്‍ കല്‍ ബാധ്യതപ്പെട്ടവര്‍ ക്കും വേണ്ടി ഒരാള്‍ ക്ക് ഒരു ' സാആ'ണ് (3.200 ലിറ്റര്‍) അഥവാ നാല് ' മുദ്ദ്' (800 മി. ലി.) വീതം ആണ് നല്‍ കേണ്ടത്. ഒരു സാധാരണക്കാരന്‍ റെ രണ്ട് കൈകള്‍ കൊണ്ട് വാരിയാല്‍ കിട്ടുന്നതാണ് ഒരു ' മുദ്ദ്' എന്ന് പണ്ഡിതന്മാര്‍ നിര്‍ ണ്ണയിച്ചിരിക്കുന്നു.


എപ്പോള്‍ കൊടുക്കണം?

റമദാന്‍ റെ ആദ്യം മുതല്‍ കൊടുത്ത് തുടങ്ങാവുന്നതാണ്. പെരുന്നാള്‍ നിസ്കാരവും വിട്ട് പിന്തിപ്പിക്കല്‍ അഭിലഷണീയമല്ല.

Saturday, September 22, 2007

നോമ്പ് മുറിയുന്ന കാര്യങ്ങള്‍ തുടരുന്നു...റമദാന്‍ പതിനൊന്ന്

2.മനഃപൂര്‍വ്വം ഛര്‍ദ്ദിക്കല്‍.

അണ്ണാക്കിലോ മറ്റോ കയ്യിട്ട് ഉണ്ടാക്കി ഛര്‍ദ്ദിക്കുന്നതിലൂടെ നോമ്പ് മുറിയും. എന്നാല്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത സ്വഭാവികമായ ഛര്‍ദ്ദി ഉണ്ടാകുകയാണെങ്കില്‍ നോമ്പ് മുറിയുന്നതല്ല.

3.ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍.

സ്‌ഖലനം സംഭവിച്ചില്ലെങ്കില്‍ തന്നെയും നോമ്പുകാരാണെന്ന ബോധത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ സ്ത്രീയുടെയും പുരുഷന്റെയും നോമ്പ് മുറിയും. സ്‌ഖലനം സംഭവിക്കാത്തിടത്തോളം ചുംബനം, സ്‌പര്‍ശനം എന്നിവ മൂലം നോമ്പ് മുറിയുന്നതല്ല.

ഒരാള്‍ തന്റെ ഭാര്യയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ നോമ്പിന്റെ സമയമായത് (ഫജ്‌ര്‍-ബാങ്ക് വിളി) അറിഞ്ഞു പെട്ടെന്ന് പിന്മാറിയെന്നിരിക്കട്ടെ. അപ്പോള്‍ അയാള്‍ക്ക് സ്‌ഖലനം സംഭവിച്ചാലും നോമ്പ് മുറിയുന്നതല്ല. കാരണം ഉദയത്തിനു (ഫജ്‌ര്‍ സാദിഖ്) മുമ്പ് ബന്ധപ്പെടല്‍ അനുവദനീയമാണല്ലോ. എന്നാല്‍ ഉദയം അറിയാതെയാണെങ്കില്‍ പോലും ഒരാള്‍ ലൈംഗിക ബന്ധം തുടര്‍ന്നാല്‍ അവരുടെ നോമ്പ് സ്വീകാര്യമാകുന്നതല്ല.

ഇതില്‍ നിന്ന് മനസ്സിലാകുന്നത് സുബ്‌ഹിയോടടുത്ത സമയത്ത് ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതാണ് അഭികാമ്യം എന്നതാണ്.

4.സ്വയംഭോഗത്തിലൂടെയോ മറ്റു പ്രവര്‍ത്തനങ്ങളിലൂടെയോ സ്‌ഖലനം ഉണ്ടാക്കല്‍.

മുഷ്‌ടി മൈഥുനത്തിലൂടെയോ മറ്റോ സ്‌ഖലനമുണ്ടായാല്‍ നോമ്പ് മുറിയുന്നതാണ്.
ഒരാള്‍ സ്‌ഖലനമുണ്ടാകും എന്ന് ഭയപ്പെടുന്നുവെങ്കില്‍ ഭാര്യയുമായി ചുംബനം, തലോടല്‍ എന്നിവയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. അങ്ങനെ ഏര്‍പ്പെട്ട് സ്‌ഖലനം സംഭവിച്ചാല്‍ നോമ്പ് മുറിയുന്നതുമാണ്. ഇനി ഒരാള്‍ക്ക് സ്‌ഖലനമുണ്ടാകും എന്ന ഭയമില്ലെങ്കിലും ചുംബിക്കലും തലൊടലും ഒഴിവാക്കുന്നതാണ് നല്ലത്; അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല എങ്കില്‍ തന്നെയും.

5. ആര്‍ത്തവം അല്ലെങ്കില്‍ പ്രസവാനന്തര രക്തസ്രാവം.

ശുദ്ധിയുള്ള അവസ്ഥയില്‍ നോമ്പാരംഭിച്ച ഒരു പെണ്‍കുട്ടിക്ക് പകലെപ്പോഴെങ്കിലും ആര്‍ത്തവ രക്തമോ പ്രസവരക്തമോ സ്രവിച്ചാല്‍ നോമ്പ് അസാധുവാകും. അങ്ങനെ സംഭവിച്ചാല്‍ നോമ്പിന്റെ ഉദ്ദേശ്യത്തോടെ അവള്‍ നോമ്പ് മുറിയുന്ന കാ‍ര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പാടില്ലാത്തതാകുന്നു. നോമ്പിന്റെ ഉദ്ദേശ്യമില്ലാതെ ആഹാര പാനീയങ്ങള്‍ ഉപേക്ഷിച്ചാല്‍ അതില്‍ തെറ്റില്ല.
(പ്രസവരക്തം എന്നുദ്ദേശിക്കുന്നത്:- പ്രസവാനന്തരം രക്തസ്രാവം ശമിച്ച് കുളിച്ച് ശുദ്ധിയായ ഒരു പെണ്ണിന് വീണ്ടും രക്തസ്രാവം ഉണ്ടാവുന്നതിനെയാണ്).

ആര്‍ത്തവ രക്തമോ പ്രസവരക്തമോ സ്രവിക്കുന്ന അവസ്ഥയില്‍ ഒരു ദിവസം തുടങ്ങുന്ന സ്ത്രീക്ക് പകല്‍ ശുദ്ധി കൈവന്നാല്‍ അവള്‍ ബാക്കി സമയം നോമ്പനുഷ്‌ടിക്കേണ്ടതില്ല. എന്നാലും നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കല്‍ സുന്നത്താണ്.

6. ചിത്തഭ്രമം

നോമ്പെടുക്കുന്ന മനുഷ്യന് ചിത്തഭ്രമം സംഭവിക്കുകയോ സ്ഥിരബുദ്ധി നഷ്‌ടപ്പെടുകയോ ചെയ്താല്‍- അതെത്ര കുറഞ്ഞ നിമിഷങ്ങളിലേക്കാണെങ്കിലും- നോമ്പ് മുറിയുന്നതാണ്.

7. ബോധക്ഷയം.


ഉദയത്തിനും മുമ്പ് ബോധമില്ലാതിരിക്കുകയും അസ്‌തമയം വരെ ബോധരഹിതനായി തുടരുകയും ചെയ്യുന്ന ഒരാളുടെ നോമ്പ് സ്വീകാര്യമല്ല. ആ ദിവസത്തെ നോമ്പ് മടക്കി അനുഷ്‌ടിക്കേണ്ടതുമാണ്.

എന്നാല്‍ ദിവസത്തിന്റെ തുടക്കത്തില്‍ ബോധമുണ്ടായിരിക്കുകയും പിന്നീടേപ്പോഴെങ്കിലും അബോധാവസ്ഥയിലാകുകയും ചെയ്യുന്ന ഒരാളിന്റെ അല്ലെങ്കില്‍ ദിവസത്തിന്റെ തുടക്കത്തില്‍ ബോധമില്ലാതിരിക്കുകയും പിന്നീട് (ഒരു നേരിയ സമയത്തേക്കെങ്കിലും) ബോധം വീണ്ടു കിട്ടുകയും ചെയ്യുന്ന ഒരാളിന്റെ നോമ്പ് സ്വീകാര്യമാകുന്നതാണ്.

ശ്രദ്ധിക്കുക:
ഒരാള്‍ ഉദയം മുതല്‍ അസ്‌തമയം വരെ ഉറക്കത്തിലാണ്ടു പോയാല്‍, അയാള്‍ പകല്‍ ഒരിക്കലും ഉണര്‍ന്നില്ലെങ്കില്‍പ്പോലും അയളുടെ നോമ്പ് സ്വീകാര്യമാകുന്നതാണ്. ബോധത്തിന്റെ കാര്യത്തില്‍ ഇതു നേരെ തിരിച്ചാണ്.

ഇനി ചില വിശദീകരണങ്ങള്‍:-

1.മേല്‍പ്പറഞ്ഞ നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങള്‍ മറന്നു കൊണ്ടോ, ഭീഷണിക്ക് വിധേയനായോ അറിവില്ലായ്‌മ കൊണ്ടോ ഒരാള്‍ പ്രവര്‍ത്തിച്ചാല്‍ അയാളുടെ നോമ്പ് മുറിയുന്നതല്ല. എന്നാല്‍ പണ്ഡിതന്മാരുടെയോ വിവരമുള്ളവരുടെയോ സഹായവും സാമീപ്യവും നേടാന്‍ കഴിയുന്നവര്‍ക്ക് അറിവില്ലായ്‌മ എന്നത് ഒരു ഒഴികഴിവല്ല.

2.യഥാര്‍ത്ത ഉദയത്തിന്റെ സമയം മുതല്‍ (ഫജ്‌ര്‍ സാദിഖ്...സൂര്യോദയത്തിനു മുമ്പുള്ള വെള്ള പ്രകാശോദയം) നോമ്പ് മുറിയുന്ന കാര്യങ്ങള്‍ വര്‍ജ്ജിക്കേണ്ടതാകുന്നു. പള്ളിയില്‍ മുഅ‌ദ്ദിന്‍ അല്ലാഹു അക്‍ബര്‍ എന്നു തുടങ്ങുമ്പോള്‍ തന്നെ നോമ്പായി. ആ സമയത്ത് വാ‍യില്‍ വെള്ളമോ ഭക്ഷണമോ ഉണ്ടെങ്കില്‍ തുപ്പേണ്ടതാണ്. ചിലര്‍ അറിവില്ലായ്‌മ മൂലം ബാങ്ക് വിളി തീരും വരെ തീറ്റിയും കുടിയും തുടരും. അത് പരമ അബദ്ധമാണ്. ബാങ്കിന്റെ ആദ്യത്തിലെ അല്ലാഹു അക്‍ബര്‍ എന്നു പറയുമ്പോള്‍ തന്നെ ഭക്ഷണമൊക്കെ ഉപേക്ഷിക്കണ്ടതാണ്.

3.ആരെങ്കിലും മനഃപൂര്‍വ്വം ഭക്‍ഷണം കഴിച്ചോ അല്ലെങ്കില്‍ നോമ്പ് മുറിയുന്ന മറ്റു കാര്യങ്ങള്‍ ചെയ്തോ നോമ്പ് മുറിക്കുന്നത് പാപമാണ്. (കാരണങ്ങളില്ലെങ്കില്‍). അഥവാ അങ്ങനെ ചെയ്യുന്നവര്‍ ബാക്കി സമയം നോമ്പുകാരെ പോലെ തുടരല്‍ നിര്‍ബന്ധമാണു താനും. റമദാന്‍ കഴിഞ്ഞ് നോമ്പ് മടക്കി അനുഷ്‌ടിക്കേണ്ടതുമാണ്. എന്നാല്‍ ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതു മൂലമാണ് നോമ്പ് മുറിയുന്നതെങ്കില്‍ നോമ്പ് മടക്കി അനുഷ്‌ടിച്ചാല്‍ മാത്രം പോര. പ്രായ‌ശ്‌ചിത്തവും ചെയ്യണം. അത് പിന്നാലെ വിശദീകരിക്കാം. ഇന്‍ശാ‍ അല്ലാഹ്.

4.സൂര്യന്‍ അസ്തമിച്ചു എന്നുറപ്പു വരുത്താതെ അസ്തമിച്ചു കാണും എന്ന് ഊഹിച്ച് ആഹാരപാദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുകയോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്യുന്നവര്‍ നോമ്പ് മടക്കി അനുഷ്‌ടിക്കേണ്ടതാണ്.

അതു പോലെ തന്നെ ഇപ്പോഴും രാത്രി തന്നെയായിരിക്കും എന്ന വിചാരത്തില്‍ ഭക്ഷിക്കുകയോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്തിട്ട് പിന്നീട് ആ കാര്യങ്ങള്‍ ചെയ്തത് ഉദയത്തിനു ശേഷമായിരുന്നു എന്നു അറിയുകയും ചെയ്താല്‍ അവരുടെ നോമ്പ് സ്വീകാര്യമല്ല. അവരും നോമ്പുകാരെ പോലെ അസ്തമയം വരെ കഴിയേണ്ടതും നോമ്പ് മടക്കി അനുഷ്‌ടിക്കേണ്ടതുമാണ്. എന്നാല്‍ ഉദയത്തിനു ശേഷമാണ് നോമ്പ് മുറിയുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടത് എന്ന വിവരം അവര്‍ പിന്നീട് അറിയുന്നില്ലെങ്കില്‍ നോമ്പ് സാധുവാകുന്നതാണ്.

അല്ലാഹു സുബ്‌ഹാനഹു വ ത‌ആലാ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കട്ടെ, ആമീന്‍.
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദ് (സ, വല്‍ ഹം ദു ലില്ലാഹി റബ്ബില്‍ ആലമീന്‍).

ഈ വിഷയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി അടുത്ത കുറിപ്പില്‍ ഇന്‍ശാ അല്ലാഹ്

ഫിദ്‌യ (പരിഹാര ദാനം) - റമദാന്‍ പത്ത്

നോമ്പ് ഖദാ‌അ് വീട്ടാന്‍ കഴിവില്ലാത്തവര്‍ നല്‍കേണ്ട പ്രായശ്ചിത്ത അന്ന ദാനമാണ് ഫിദ്‌യ. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം, വാര്‍ദ്ധക്യം തുടങ്ങിയ കാരണങ്ങളാല്‍ നോമ്പ് നഷ്ടപ്പെടുന്നവര്‍ ഒരു ദിവസത്തെ നോമ്പിന് ഒരു മുദ്ദ് (800 മില്ലി) എന്ന കണക്കിന് ആ രാജ്യത്ത് ഉപയോഗിക്കുന്ന ധാന്യം ദാനം ചെയ്യേണ്ടതാണ്. ആ വ്യക്തിക്ക് ദാനം ചെയ്യാനുള്ള കഴിവുണ്ടായിരിക്കല്‍ ഇതിനു നിര്‍ബന്ധമാണ്. ഖദാ‌അ് വീട്ടല്‍ ഇവര്‍ക്ക ബാധ്യതയില്ല.

മുലകൊടുക്കുന്ന സ്ത്രീകള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതുകൊണ്ട് നോമ്പ് ഉപേക്ഷിക്കുകയാണെങ്കില്‍ ഒരു മുദ്ദ് ധാന്യം ദാനം ചെയ്യുന്നതോടൊപ്പം ആ നോമ്പ് ഖദാ വീട്ടേണ്ടതുമാണ്. തന്റെ ശരീരത്തിനോ, അതൊ അതോടൊപ്പം കുട്ടിക്കും വിഷമം ഉണ്ടാകുമെന്നു കരുതുന്നെങ്കില്‍ ഫിദ്‌യ ആവശ്യമില്ല, നോമ്പ് ഖദാ വീട്ടിയാല്‍ മതിയാവുന്നതാണ്.

ഫഖീര്‍, മിസ്കീന്‍ (ദരിദ്രരും, പരമദരിദ്രരും) എന്നീ വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് മാത്രമാണ് ഫിദ്‌യ നല്‍കേണ്ടത്.

ഒന്നിലധികം ദിവസത്തെ ഫിദ്‌യ ഉണ്ടെങ്കില്‍ അതെല്ലാം തന്നെ ഒരാള്‍ക്ക് കൊടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരു ഫിദ്‌യ രണ്ടു പേര്‍ക്ക് കൊടുക്കാവുന്നതല്ല. അതു പോലെ ഒന്നര ഫിദ്‌യയും പറ്റില്ല. ഒരു നോമ്പ് രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ പറ്റാത്തതാണല്ലോ.

ഖദാ വീട്ടല്‍ നിര്‍ബന്ധമായവന്‍ ഒരു കാരണവും കൂടാതെ നോമ്പ് ഖദാ ആക്കുകയും അടുത്ത റമദാന്‍ വരെ അത് നോറ്റ് വീട്ടാതിരിക്കുകയും ചെയ്താല്‍ ഒരു മുദ്ദ് വീതം അവന്‍ ദാനം ചെയ്യണം നോമ്പെടുത്തു വീട്ടുകയും വേണം. കൂടുതല്‍ വര്‍ഷങ്ങള്‍ പിന്തിച്ചാല്‍ കൂടുതല്‍ മുദ്ദുകള്‍ വിതരണം ചെയ്യേണ്ടതാണ്.

Friday, September 21, 2007

നോമ്പ് ഖദാ‍‌അ് വീട്ടല്‍ - റമദാന്‍ ഒമ്പത്

എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് റമദാന്‍ നോമ്പ് നഷ്ടപെട്ടിട്ടുള്ളവര്‍ ആ കാരണങ്ങള്‍ നീങ്ങിയ ശേഷം നോമ്പ് എടുത്തു വീട്ടല്‍ നിര്‍ബന്ധമാണ്. നോമ്പുകള്‍ രണ്ടു വിധത്തില്‍ ഖദാ ആകാം.


1. കാരണങ്ങള്‍ ഉള്ളത് - നിയ്യത്ത് മറന്നു പോകുക, ആര്‍ത്തവം, രോഗം, യാത്ര എന്നിങ്ങനെ എടുക്കാന്‍ കഴിയാതെ പോയ നോമ്പുകള്‍.

2. കാരണങ്ങള്‍ കൂടാതെ നഷ്ടപ്പെട്ട നോമ്പുകള്‍.

രണ്ടുവിധത്തിലും നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടല്‍ നിര്‍ബന്ധമാണ്. അതു റമദാന്‍ കഴിഞ്ഞ് ഏറ്റവും അടുത്ത മാസങ്ങളില്‍ ആവല്‍ സുന്നത്തും, അടുത്ത റമദാനിനു ശേഷമാവല്‍ കുറ്റകരവുമാണ്. കാരണമില്ലാതെ നോമ്പ് മുറിച്ചവര്‍ പെട്ടന്നുതന്നെ ഖദാ‍അ് വീട്ടേണ്ടതാണ്.

നോമ്പ് ഖദാ വീട്ടുന്നതിന് പെരുന്നല്‍ ദിനങ്ങള്‍, ദുല്‍ഹജ്ജ് 11,12,13 എന്നിവയല്ലാത്തെ ഏതു ദിനവും തിരഞ്ഞെടുക്കവുന്നതാണ്. ഒന്നിലധികം നോമ്പ് ഖദാ ഉള്ളവര്‍ തുടര്‍ച്ചയായ ദിനങ്ങളില്‍ അത് നോറ്റുവീട്ടല്‍ സുന്നത്താണ്.


ഭ്രാന്ത് കാരണം നഷ്ടപ്പെട്ട നോമ്പ് ഖദാ വീട്ടേണ്ടതില്ലെങ്കിലും ബോധക്ഷയം മൂലം നഷ്റ്റപ്പെട്ട നോമ്പ് ഖദാ വീട്ടേണ്ടതാണ്.

അമുസ്ലിം ഇസ്ലാമില്‍ ചേര്‍ന്നാല്‍ ആദ്യകാലങ്ങളിലെ നോമ്പ് അനുഷ്ഠിച്ചു വീട്ടേണ്ടതില്ല. അമുസ്ലിം ആയ കാലത്ത് അനുഷ്ഠിച്ച നോമ്പുകള്‍ പരിഗണിക്കപ്പെടുകയുമില്ല.

രോഗത്തിനു മരുന്നു കഴിച്ച് ലഹരി ബാദിച്ചവര്‍ നോമ്പ് ഖദാ വീട്ടേണ്ടതാണെങ്കിലും അവര്‍ കുറ്റക്കാരല്ല. മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലം നോമ്പ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ആ നോമ്പ് ഖദാ വീട്ടേണ്ടതും അതുമാത്രമല്ല അവര്‍ പരലോക ശിക്ഷക്കര്‍ഹരുമാണ്.

Thursday, September 20, 2007

റമദാനിലെ ദിക് റുകളും പ്രാര്‍ത്ഥനകളും - റമദാന്‍ എട്ട്

റമദാന്‍ മാസത്തില്‍ അല്ലാഹുവിനെ സ്മരിക്കുന്നതും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതും അധികരിപ്പിക്കേണ്ടതാണെന്നു പറഞ്ഞല്ലോ. റമദാനിലെ ചില ദിക് റുകളെ (സ്മരണ) പറ്റി പറയാം.

1. അത്താഴ സമയത്ത്
“ലാഇലാഹ ഇല്ലല്ലാഹു അല്‍ ഹയ്യുല്‍ ഖയ്യൂം അല്‍ ഖാഇമു അലാ കുല്ലി നഫ്സിന്‍ ബിമാ കസബത്”
“അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനായവനില്ല. അവന്‍ ജീവിച്ചിരിക്കുന്നവനും പരമ ശക്തനും ഓരോ ശരീരത്തെയും അടക്കി ഭരിക്കുന്നവനുമാണ്”
ഈ ദിക്ക് ര്‍ ഏഴുവട്ടം ആവര്‍ത്തിക്കേണ്ടതാണ്.

2. ഒരിക്കല്‍ നബി(സ. അ) പറഞ്ഞതായി സല്‍മാന്‍ (റ.അ) നിവേദനം ചെയ്തിരിക്കുന്നു “റമളാനില്‍ നാലു കാര്യങ്ങള്‍ നിങ്ങള്‍ വര്‍ദ്ധിപ്പിക്കുക. അതില്‍ രണ്ട് കാര്യം നിങ്ങളുടെ റബ്ബിന്റെ പൊരുത്തം സമ്പാദിക്കാന്‍ പറ്റുന്നതും രണ്ട് കാര്യം ഒരു നിലക്കും നിങ്ങള്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്തതുമാകുന്നു. ഒന്ന് : ശഹാദത്ത് കലിമ, രണ്ട് : പാപമോചന പ്രാര്‍ത്ഥന മൂന്ന് : സ്വര്‍ഗ്ഗത്തിനുവേണ്ടിയുള്ള അപേക്ഷ, നാല് : നരകത്തെ തൊട്ട് കാവല്‍ തേടല്‍” ഈ ഹദീസില്‍ പറഞ്ഞ നാലു കാര്യങ്ങള്‍ ഉള്‍കൊള്ളുന്ന ദിക്ക് റ്.

“അശ് ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ് അസ്ത അ്ഫിറുല്ലാഹ്, അസ് അലുക്കല്‍ ജന്നത്ത വ അഊദുബിക്ക മിനന്നാര്‍”

“അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ എന്റെ പാപങ്ങള്‍ പൊറുത്തു തരേണമേ. അല്ലാഹുവേ നിന്നോട് ഞാന്‍ സ്വര്‍ഗം ചോദിക്കുന്നു നരകത്തെ തൊട്ട് കാവല്‍ തേടുകയും ചെയ്യുന്നു.”

നമസ്ക്കാര ശേഷവും മറ്റു സമയങ്ങളിലും ഈ ദിക്ക് റ് വര്‍ദ്ധിപ്പിക്കേണ്ടതാണ്.

3. റമദാന്‍ ആദ്യത്തെ പത്തിലെ പ്രാര്‍ത്ഥന
റമദാനിലെ ആദ്യത്തെ പത്ത് റഹ്മത്തിന്റെ (കാരുണ്യത്തിന്റെ) പത്ത് എന്നാണറിയപ്പെടുന്നത്

“അല്ലാഹുമ്മര്‍ഹംനീ യാ അര്‍ഹമുറാഹിമീന്‍”
“ കരുണാനിധിയായ അല്ലാഹുവേ, എന്നോട് കരുണ കാണിക്കേണമേ”

4. റമദാന്‍ രണ്ടാമത്തെ പത്തിലെ പ്രാര്‍ത്ഥന
റമദാനിലെ രണ്ടാമത്തെ പത്ത് മഗ്ഫിറത്തിന്റെ (പാപമോചനത്തിന്റെ) പത്ത് എന്നാണറിയപ്പെടുന്നത്

“അല്ലാഹുമ്മഗ്ഫ് ര്‍ ലീ ദുനൂബീ യാ റബ്ബല്‍ ആലമീന്‍”
“സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ, എന്റെ പാപങ്ങള്‍ പൊരുത്തു തരേണമേ”

5. റമദാന്‍ മൂന്നാമത്തെ പത്തിലെ പ്രാര്‍ത്ഥന
റമദാന്‍ മൂന്നാമത്തെ പത്ത് നരകമോചനത്തിന്റെ പത്ത് എന്നാണറിയപ്പെടുന്നത്

“അല്ലാഹുമ്മ അ ഇത്ത്ഖ്നീ മിന ന്നാര്‍, വ അദ് ഹില്‍നീ ജന്നത്ത യാ റബ്ബല്‍ ആലമീന്‍”
“സര്‍വ്വ ലോക രക്ഷിതാവേ, എന്നെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ.”

6. നോമ്പ് തുറന്ന ഉടനെ ചൊല്ലേണ്ട സുന്നത്തായ ദിക്ക് ര്‍

“അല്ലാഹുമ്മലക്ക സുംതു വ അലാ രിസ്കിക്ക അഫ്ത്തര്‍ത്തു”
“അല്ലഹുവേ, നിന്റെ പൊരുത്തത്തിനു വേണ്ടി ഞാന്‍ നോമ്പെടുത്തു. നീ സമ്മാനിച്ച ഭക്ഷണം കൊണ്ട് ഞാന്‍ നോമ്പ് തുറന്നിരിക്കുന്നു”

റമദാനിലെ പ്രാര്‍ത്ഥനകള്‍ എടുത്തു പറയാനാണെങ്കില്‍ വളരെയുണ്ട്. വളരെ പ്രാധാന്യമുള്ളവ ഇവിടെ എഴുതിയെന്നുമാത്രം. കൂടുതല്‍ ഇന്‍ഷാ അല്ലാ.

Wednesday, September 19, 2007

നോമ്പിനെ അസാധുവാക്കുന്ന (മുറിക്കുന്ന) കാര്യങ്ങള്‍. റമദാന്‍ ഏഴ്

താഴെപ്പറയുന്ന ഏഴു കാര്യങ്ങള്‍ ഒരാളുടെ നോമ്പിനെ അസാധുവാക്കും.

1.ശരീരത്തിലെ ദ്വാരങ്ങളിലൂടെ എന്തെങ്കിലും വസ്തു ശരീരത്തിനകത്തേക്ക് പ്രവേശിപ്പിക്കല്‍.
2.മനഃപൂര്‍വ്വം ഛര്‍ദ്ദിക്കല്‍
3.ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍
4.സ്വയംഭോഗത്തിലൂടെയോ മറ്റു പ്രവര്‍ത്തനങ്ങളിലൂടെയോ സ്‌ഖലനം ഉണ്ടാക്കല്‍.
5.ആര്‍ത്തവം അല്ലെങ്കില്‍ പ്രസവാനന്തര രക്തസ്രാവം.
6. ചിത്തഭ്രമം
7.അബോധാവസ്ഥയിലാകല്‍.


ഇനി ഓരോന്നും അല്‍‌പം വിശദമായി നോക്കാം.

1. ശരീരത്തിലെ ദ്വാരങ്ങളിലൂടെ എന്തെങ്കിലും വസ്തു ശരീരത്തിനകത്തേക്ക് പ്രവേശിപ്പിക്കല്‍.

വയറ്റിലേക്കോ തൊണ്ടയിലേക്കോ തലയിലേക്കോ ചെവികള്‍ക്കുള്ളിലേക്കോ ഏതെങ്കിലും പദാര്‍ത്ഥം വായ, മൂക്ക്, ചെവി, ഗുദദ്വാരം തുടങ്ങിയ ദ്വാരങ്ങളിലൂടെ പ്രവേശിക്കപ്പെട്ടാല്‍ നോമ്പ് മുറിയും. ഇവിടെ വസ്തു (substance) എന്നു പറഞ്ഞതില്‍ യഥാര്‍ത്ഥ വസ്തുവിന്റെ ഗുണങ്ങളില്ലാത്ത നേരിയ മണം, രുചി എന്നിവ ഒഴിവാകും.

ഒരാള്‍ അനുവദിനീയമല്ല എന്ന അറിവോടെ തന്നെ മനഃപൂര്‍വ്വം ഭക്ഷണമോ പാനീയമോ അല്ലെങ്കില്‍ ഭക്ഷ്യയോഗ്യമായതോ അല്ലാത്തതോ ആയ ഏതെങ്കിലും വസ്തുവോ മേല്‍പ്പറഞ്ഞ ഏതെങ്കിലും ദ്വാരത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ചാല്‍ അയാളുടെ നോമ്പ് മുറിയും. എന്നാല്‍ മറന്നു കൊണ്ടോ, ഭീഷണിക്ക് വിധേയനായോ അല്ലെങ്കില്‍ അറിവില്ലായ്‌മ കൊണ്ടോ അപ്രകാരം ചെയ്താല്‍ നോമ്പ് മുറിയുകയില്ല.

ബന്ധപ്പെട്ട ‍കാര്യങ്ങള്‍:-

1. ആരുടെയെങ്കിലും മോണയില്‍ നിന്ന് രക്തം വന്നാല്‍ നിര്‍ബന്ധമായും വായ വെള്ളം കൊണ്ട് വൃത്തിയായി കഴുകേണ്ടതാണ്. ചോര തുപ്പിക്കളഞ്ഞാല്‍ മാത്രം മതിയാവില്ല.
2. ഉമിനീരോ തുപ്പലോ വിഴുങ്ങതു കൊണ്ട് നോമ്പ് മുറിയുകയില്ല. എന്നാല്‍ തുപ്പലില്‍ മോണയില്‍ നിന്നുള്ള രക്തമോ ഭക്ഷണാവശിഷ്‌ടങ്ങളോ കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് മനഃപൂര്‍വ്വം ഇറക്കാന്‍ പാടില്ല.
3. കഫം, മൂക്കട്ട (Mucus) മുതലായവ തുപ്പുവാനോ നീക്കംചെയ്യുവാനോ കഴിയുന്ന സന്ദര്‍ഭത്തില്‍ അങ്ങനെ ചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അശ്രദ്ധ കാരണമായി ഇവ ശരീരത്തിലെത്തുകയും നീക്കം ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന പക്ഷം നോമ്പ് മുറിയുകയില്ല.
4. വുദു( അംഗശുദ്ധി Ablution) ചെയ്യുന്ന അവസരത്തില്‍ ശക്തിയായി കുലുക്കുഴിയാതെ വായ കഴുകുമ്പോള്‍ അറിയാതെ അല്‌പം ജലം ഉള്ളില്‍ പോയാല്‍ നോമ്പ് മുറിയുകയില്ല. ശക്തിയായി കുലുക്കുഴിഞ്ഞ് കഴുകരുത് എന്ന കാര്യം ഓര്‍ക്കുക. അങ്ങനെ ചെയ്യുമ്പോഴാണ് വെള്ളം ശരീരത്തില്‍ കടക്കുന്നതെങ്കില്‍ നോമ്പ് മുറിയുന്നതാണ്.
വുദു അല്ലാതെ സാധാരണ വായ കഴുകുമ്പോഴാണ് ജലം ഉള്ളിലെത്തുന്നതെങ്കില്‍ കുലുക്കുഴിയാതെ കഴുകുന്നതാണെങ്കിലും നോമ്പ് അസാധുവാകും.
5. വലിയ അശുദ്ധിയില്‍ നിന്ന് മുക്തമാകുന്നതിനുള്ള നിര്‍ബന്ധമായ കുളി കുളിക്കുമ്പോഴോ (ലൈംഗിക ബന്ധത്തിനോ ആര്‍ത്തവത്തിനോ ശേഷം) , വെള്ളിയാഴ്‌ചയിലെ സുന്നത്തായ കുളി കുളിക്കുമ്പോഴോ വെള്ളം ചെവിക്കുള്ളില്‍ കടന്നാല്‍ നോമ്പ് മുറിയുകയില്ല. എന്നാല്‍ നിര്‍ബന്ധമോ സുന്നത്തോ അല്ലാത്ത കുളികുളിക്കുമ്പോഴാണ് ഇങ്ങനെ വെള്ളം കടക്കുന്നത് എങ്കില്‍ നോമ്പ് അസാധുവാകുന്നതാണ്.
6. വായ കഴുകിക്കഴിയുമ്പോള്‍ ജലത്തിന്റെ അംശം തുപ്പലില്‍ ഉണ്ടെങ്കിലും തുപ്പല്‍ വിഴുങ്ങതിനു കുഴപ്പമില്ല. കാരണം ഒഴിവാക്കാന്‍ പ്രയാസമുള്ള സാഹചര്യമാണത്.
7. വായിലേക്ക് ഒന്നും കടക്കാതെ നാവിന്റെ തുമ്പ് കൊണ്ട് ഭക്ഷണത്തിന്റെ രുചി നോക്കല്‍ നല്ലതല്ലെങ്കിലും അനുവദനീയമാണ്.
8. ആഹാരമോ സുഗന്ധദ്രവ്യങ്ങളോ പൂക്കളോ മണപ്പിക്കുന്നത് കൊണ്ട് നോമ്പ് മുറിയില്ല. എങ്കിലും നല്ലതല്ല.
9. പുകവലി നോമ്പ് മുറിക്കും.
10. നിരത്തിലെ പൊടിയോ ധാന്യം പൊടിക്കുമ്പോളുണ്ടാകുന്ന പൊടിയോ വാഹനങ്ങളുടെ പുകയോ ശരീരത്തിനകത്ത് ചെന്നാല്‍ നോമ്പ് മുറിയുകയില്ല. പുകവലിക്കുന്ന അടുത്ത് നില്‍ക്കുന്നത് കാരണം പുക ഉള്ളില് ‍ചെന്നാലും (Passive smoking) നോമ്പ് മുറിയുകയില്ല.
11. മൂക്കില്‍ മരുന്നൊഴിക്കുന്നത് നോമ്പിനെ അസാധുവാക്കും. നിര്‍ബന്ധമായ അവസ്ഥയില്‍ (രോഗം കലശലായാലോ മറ്റോ) ചെവിയിലോ കണ്ണിലോ മരുന്നൊഴിക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല എന്ന് പണ്ഡിതാഭിപ്രായമുണ്ടെങ്കിലും കഴിയുമെങ്കില്‍ അത്തരം മരുന്നുകള്‍ സൂര്യാസ്തമയത്തിനു ശേഷം ഉപയോഗിക്കുകയാണ് ഏറ്റവും ഉത്തമം.
12. എനിമ, തിരിവെക്കല്‍ തുടങ്ങി ഗുദദ്വാരത്തില്‍ മരുന്നും മറ്റും പ്രവേശിപ്പിക്കുന്ന ചികിത്സകള്‍ (Anal suppository) കാരണമായി നോമ്പ് മുറിയും. സൂര്യാസ്തമയത്തിനു ശേഷം ചെയ്യാന്‍ പറ്റുന്നവര്‍ അങ്ങനെ പിന്തിപ്പിക്കല്‍ ‍ നിര്‍ബന്ധമാണ് താനും. ഇനി അതിനു കഴിയില്ലെങ്കില്‍ ഇങ്ങനെ ചികിത്സിക്കാമെങ്കിലും നോമ്പ് മുറിയും. ആ നോമ്പ് പിന്നീട് മടക്കി അനുഷ്‌ടിക്കുകയും വേണം(ഖദാ‍അ‌്)
13. സിറിഞ്ച് ഉപയോഗിച്ച് ഇന്‍‌ജക്ഷന്‍ എടുക്കുന്നതിനെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ വിരുദ്ധാഭിപ്രായമാണുള്ളത്. നോമ്പ് മുറിയുമെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ഇന്‍‌ജക്ഷന്‍ സൂര്യാസ്തമയത്തിനു ശേഷം എടുത്താല്‍ മതിയെങ്കില്‍ അങ്ങനെ ആവുന്നതാണ് നല്ലത്. അതിനു കഴിയാത്ത സാഹചര്യത്തില്‍ ഇന്‍‌ജക്ഷന്‍ എടുക്കാവുന്നതാണെന്ന് പ്രബലമായ അഭിപ്രായമുണ്ട്. നോമ്പ് മുറിയുകയില്ല. മനുഷ്യ ശരീരത്തിനു കഴിയാത്തതൊന്നും അല്ലാഹു ത‌ആലാ കല്‍‌പ്പിച്ചിട്ടില്ല. പണ്ഡിതരുടെ അഭിപ്രായ വ്യത്യാസത്തില്‍ ജനങ്ങള്‍ക്ക് കരുണയും എളുപ്പവുമുണ്ട്. എന്നാല്‍ ശരീരക്ഷീണമകറ്റുന്നതിനു വേണ്ടി ഇന്‍‌ജക്ഷനോ ഗ്ലൂകോസ് ഡ്രിപ്പ്‌ഡ് ഇന്‍‌ജക്ഷനോ എടുത്താല്‍ നിശ്‌ചയമായും നോമ്പ് മുറിയും.
14. ചെവി വൃത്തിയാക്കുന്നതിനായി ചെവിക്കോലോ ബഡ്‌സോ ചെവിയിലേക്കിട്ടാല്‍ നോമ്പ് മുറിയും എന്ന നിയമം അറിഞ്ഞു കൊണ്ട് ഒരാള്‍ അങ്ങനെ ചെയ്‌താല്‍ നോമ്പ് മുറിയും. എന്നാല്‍ നിയമത്തെ കുറിച്ച് അജ്‌ഞനായിട്ടോ ഓര്‍ക്കാതെയോ ആണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ നോമ്പ് മുറിയുകയില്ല.
15. ആസ്ത്മാ രോഗികള്‍ ഇന്‍‌ഹേലര്‍ ഉപയോഗിക്കുന്നത് കൊണ്ട് നോമ്പ് മുറിയും. മരുന്നിലെ ജലാംശം ഉമിനീരില്‍ കലര്‍ന്ന് ശരീരത്തിലെത്തുന്നത് കൊണ്ടാണിത്.

ശ്രദ്ധിക്കേണ്ട വസ്തുത:-

റമദാന്‍ മാസം പകല്‍ സമയത്ത് നോമ്പെടുക്കാന്‍ ബാധ്യസ്ഥനായ ഒരാള്‍ ഭക്ഷണം കഴിക്കും (ഒഴിവാകുന്ന കാരണങ്ങളൊന്നുമില്ലാതെ) എന്ന് അറിയാമെങ്കില്‍ അയാള്‍ക്ക് ഭക്ഷണം സമ്മാനിക്കുകയോ അയാള്‍ക്ക് വേണ്ടി ഭക്ഷണം വാങ്ങുകയോ അയാള്‍ക്ക് ഭക്ഷണം വില്‍ക്കുകയോ ചെയ്യുന്നത് അങ്ങേയറ്റം കുറ്റകരമായ കാര്യമാണ്.

Tuesday, September 18, 2007

നിയ്യത്ത് (കരുതല്‍) - റമദാന്‍ ആറ്

നിയ്യത്ത് (കരുതല്‍) - തുടര്‍ച്ച.

റമദാനിലെ നോമ്പിന് ഓരൊ ദിവസവും നിയ്യത്ത് ആവര്‍ത്തിക്കള്‍ ശാഫി മദ്ഹബ് പ്രകാരം നിര്‍ബന്ധമാണ് എന്നു കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ. മാലികി മദ് ഹബ് പ്രകാരം റമദാന്‍ മാസം ആദ്യം തന്നെ എല്ലാ ദിവസങ്ങളിലേക്കുമായി കരുതിയാല്‍ തന്നെ, ഓരോ ദിവസവും നിയ്യത്ത് പുതുക്കേണ്ടതാണ്. ഇടയില്‍ ഒരു ദിവസമെങ്ങാന്‍ നിയ്യത്ത് ചെയ്യാന്‍ മറന്നു പോയാല്‍ ആ ദിവസത്തെ നോമ്പിന് ആദ്യം ചെയ്ത നിയ്യത് മതിയാകുന്നതാണ്. (മാലികി മദ്‌ഹബ്). റമദാന്‍ നോമ്പ്, നേര്‍ച്ച നോമ്പ്, കഫ്ഫാറത്ത് (പ്രായശ്ചിത്തം) നോമ്പ് തുടങ്ങിയ ഫര്‍ള് നോമ്പുകള്‍ക്ക് വേണ്ടി നിയ്യത്ത് ചെയ്യുന്നത് രാത്രിയില്‍ തന്നെ ആയിരിക്കണമെന്നത് നിയ്യത്തിന്റെ നിബന്ധനയാണ്. അതു പോലെ തന്നെ നോമ്പേതാണെന്ന് നിര്‍ണ്ണയിച്ച് കരുതലും നിര്‍ബന്ധമാണ്.

സുന്നത്തു നോമ്പുകളുടെ കാര്യമാണെങ്കില്‍ നിയ്യത്ത് ചെയ്യാന്‍ നോമ്പു ദിവസം ഉച്ച വരെ സമയമുണ്ട് പക്ഷെ ഇവിടെയും ഫജറു സാദിഖിനു ശേഷം നോമ്പു മുറിയുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്തുകൂടാത്തതാണ്. അതു പോലെ ഇന്ന നോമ്പെന്നു നിര്‍ണ്ണയിച്ചു കരുതാതെ വെറും നോമ്പ് എന്നു കരുതിയാലും ശരിയാവുന്നതാണ് സുന്നത്ത് നോമ്പ്. എന്നാലും അറഫാ നോമ്പ്, മുഹറം ഒമ്പത് പത്ത്, ശവ്വാല്‍ മാസത്തിലെ ആറ് നോമ്പുകള്‍ എന്നിവ നിര്‍ണ്ണയിച്ച് കരുതല്‍ നിബന്ധനയാകും.

ചില സംശയങ്ങള്‍

1. നിയ്യത്ത് നിര്‍വഹിച്ചത് പ്രഭാതത്തിനു മുമ്പോ ശേഷമോ എന്നു സംശയമുണ്ടെങ്കില്‍ നോമ്പ് സാധുവാകുകയില്ല.
2. പ്രഭാതത്തോടടുത്ത സമയത്താണ് നിയ്യത്ത് നിര്‍വ്വഹിച്ചത്, അപ്പോള്‍ പ്രഭാതമായിരുന്നോ എന്ന് സംശയം, ഇങ്ങനെയെങ്കില്‍ നോമ്പ് സാധുവാകും.
3. രാത്രിയില്‍ നിയ്യത്ത് ചെയ്തിരുന്നോ എന്നു പകലില്‍ സംശയിക്കുകയും അതു ഉറപ്പിക്കാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ആ നോമ്പ് ഖളാ‍അ് വീട്ടേണ്ടതാണ്‍്.
4. രാത്രിയില്‍ നിയ്യത്ത് വച്ചിരുന്നോ എന്ന സംശയം സൂര്യാസ്തമനത്തിനു ശേഷമാണുണ്ടാകുന്നതെങ്കില്‍ കുഴപ്പമില്ല, ആ നോമ്പ് സാധുവാകുന്നതാണ്.
5. ശ’അബാന്‍ 29ന് ഒരുവന്‍ ‘നാളെ റമദാനാണെങ്കില്‍ ഞാന്‍ നോമ്പാചരിക്കാന്‍ കരുതി’ എന്നു നിയ്യത്ത് ചെയ്താല്‍ പിറ്റെ ദിവസം റമദാന്‍ ആയാല്‍ കൂടി നോമ്പ് സാധുവാകുകയില്ല.
6. റമളാന്‍ 29ന് ഒരുവന്‍ ‘നാളെ റമദാനാണെങ്കില്‍ ഞാന്‍ നോമ്പാചരിക്കാന്‍ കരുതി’ എന്നു നിയ്യത്ത് ചെയ്താല്‍ പിറ്റെ ദിവസം റമദാന്‍ ആണെങ്കില്‍ നോമ്പ് സാധുവാകുന്നതാണ്.
7. ഒരാള്‍ നിയ്യത്തിനു ശേഷം ‘ഇന്‍ഷാ അല്ലാ’ എന്നു പറഞ്ഞാല്‍ അതു കേവലം പുണ്യം ഉദ്ദ്യേശിച്ചാണെങ്കില്‍ കുഴപ്പമില്ല, മറിച്ച് നിയ്യത്തിന് ഉപാധി വെക്കുകയാണെങ്കില്‍ ആ നോമ്പ് സഹീഹാവുകയില്ല.
8. നിയ്യത്ത് ചെയ്ത ശേഷം അത് ഒഴിവാക്കിയതായി കരുതിയാല്‍, നോമ്പനുഷ്ഠിക്കണമെങ്കില്‍ വീണ്ടും നിയ്യത്ത് ചെയ്യേണ്ടതാണ്.

Monday, September 17, 2007

നോമ്പിന്റെ അടിസ്ഥാന വിധികള്‍. റമദാന്‍ അഞ്ച്

റമദാന്‍ നോമ്പിന്റെ ഇസ്‌ലാമിക കര്‍മ്മശാസ്ത്ര വിധികള്‍ ലഘുവായി ഒന്നു വിവരിക്കാനുള്ള ശ്രമമാണിത്. നോമ്പ് ആചരിക്കുന്നവര്‍ക്കും നോമ്പിന്റെ സാമാന്യമായ വിധികള്‍ അറിയണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു.

പ്രായപൂര്‍ത്തിയും ബുദ്ധിസ്ഥിരതയും നോമ്പനുഷ്‌ടിക്കാന്‍ കഴിവുമുള്ള എല്ലാ മുസ്‌ലിമിനും റമദാനില്‍ നോമ്പനുഷ്‌ടിക്കല്‍ വ്യക്തിപരമായ നിര്‍ബന്ധ ബാധ്യതയാണ്. അമുസ്‌ലിംകള്‍, കുട്ടികള്‍, ചിത്തഭ്രമമുള്ളവര്‍, മാറാരോഗികള്‍ തുടങ്ങിയവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല.

നോമ്പിന്റെ അവശ്യഘടകങ്ങള്‍ അഥവാ ഫര്‍ദുകള്‍ (Integrals of the fast).

റമദാനിലെ നോമ്പിനു രണ്ട് ഫര്‍ദുകള്‍ ആണുള്ളത്.
1.കരുതല്‍ അഥവാ നിയ്യത്ത്. (Intention)
2.നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങള്‍ വര്‍ജ്ജിക്കല്‍.(Abstention from nullifiers of the fast)

കരുതല്‍ അഥവാ നിയ്യത്ത്:-
വ്രതമനുഷ്‌ടിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അത് കരുതിയുറപ്പിക്കേണ്ടതുണ്ട്. മനസ്സില്‍ കരുതലാണ് നിര്‍ബന്ധം. അതോടൊപ്പം നാവു കൊണ്ട് ഉച്ചരിക്കുക കൂടി ചെയ്യുന്നത് സുന്നത്താണ്. (സുന്നത്തെന്നാല്‍ പ്രവാചക ചര്യ. അത് ആചരിക്കല്‍ ഐഛികമാണ്. ആചരിച്ചാല്‍ പ്രതിഫലം ലഭിക്കും. ഉപേക്ഷിച്ചാല്‍ കുറ്റവുമില്ല).
“ഈ കൊല്ലത്തെ നിര്‍ബന്ധമായ റമദാനിലെ നാളത്തെ നോമ്പ് അല്ലാഹുവിന് വേണ്ടി അദാ‍അ് ആയി അനുഷ്‌ടിക്കുവാന്‍ ഞാന്‍ കരുതി“ എന്നതാണ് നിയ്യത്തിന്റെ രൂപം.

സൂര്യോദയത്തിനു മുമ്പ് കിഴക്ക് വെള്ള കാണുന്നതു മുതല്‍ (ഫജ്‌ര്‍- സുബ്‌ഹി ബാങ്കിന്റെ സമയം) സൂര്യാസ്‌തമയം വരെയാണ് നോമ്പിന്റെ സമയം.

നിര്‍ബന്ധമായ നോമ്പിനു വേണ്ടിയുള്ള (Obligatory fast) കരുതല്‍ അഥവാ നിയ്യത്ത് തലേ ദിവസം സൂര്യാസ്തമയത്തിനു ശേഷം സൂര്യോദയത്തിനു മുമ്പ് കിഴക്ക് വെള്ള വീശുന്നതിന് മുമ്പ് (ഫജ്‌ര്‍- സുബ്‌ഹി ബാങ്കിനു മുമ്പ്) എപ്പോഴെങ്കിലും ആയിരിക്കല്‍ നിര്‍ബന്ധമാണ്. ആരെങ്കിലും ഇപ്രകാരം കരുതാന്‍ മറന്നു പോകുകയോ ഉറങ്ങിപ്പോകുകയോ മറ്റോചെയ്താല്‍ അവരുടെ നോമ്പ് സാധുവാകുന്നതല്ല. എന്നാല്‍ അവരും മറ്റു നോമ്പുകാരെ പോലെ നോമ്പ് മുറിയുന്ന കാര്യങ്ങള്‍ വര്‍ജ്ജിച്ച് സൂര്യാസ്തമയം വരെ കഴിയേണ്ടതാണ്. റമദാനു ശേഷം ആ നോമ്പ് മടക്കി അനുഷ്‌ടിക്കേണ്ടതുമാണ്. (ഖദാ‍അ്)

റമദാനിലെ നോമ്പിന് ഓരോ ദിവസവും നിയ്യത്ത് ആവര്‍ത്തിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മാലികി മദ്‌ഹബ് (School of Imam Malik (R) ) അനുസരിച്ച് റമദാന്‍ നോമ്പിന്റെ ആദ്യരാവില്‍ മുഴുവന്‍ മാസത്തേക്കും ഒന്നിച്ച് നിയ്യത്ത് ചെയ്യാവുന്നതാണ്. അങ്ങനെ കരുതിയാല്‍ വല്ല കാരണവശാലും നിയ്യത്ത് മറന്നാലും നോമ്പ് സാധുവാകുന്നതാണ്.

സുന്നത്തായ നോമ്പുകള്‍ക്ക് വേണ്ടിയുള്ള (Supererogatory fast) നിയ്യത്ത് മധ്യാഹ്‌നത്തിനു മുമ്പ് കരുതിയാല്‍ മതിയാകും (ളുഹര്‍). എന്നാല്‍ നോമ്പിനെ അസാധുവാക്കുന്ന പ്രവൃത്തികളൊന്നും ചെയ്യാത്തവര്‍ക്കു മാത്രമേ ഇത് ബാധകമാവൂ എന്നത് ശ്രദ്ധിക്കണം.

നോമ്പിനു വേണ്ടി രാത്രിയില്‍ എപ്പോഴെങ്കിലും കരുതാം എന്നു പറഞ്ഞുവല്ലോ? അങ്ങനെ നിയ്യത്ത് ചെയ്‌തതിനു ശേഷം സൂര്യോദയത്തിനു മുമ്പ് പ്രഭാത നിസ്‌കാരത്തിനുള്ള ബാങ്കു വിളിക്കു മുമ്പ് വരെ ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുകയോ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്യാം. ഇത്തരം പ്രവൃത്തികള്‍ നിയ്യത്തിനെ അസാധുവാക്കുകയില്ല.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ശുക്ല സ്‌ഖലനം സംഭവിക്കുകയോ ചെയ്താല്‍ ഒരാള്‍ വലിയ അശുദ്ധിക്കാരനാകും. (ജനാബത്ത്-Major ritual impurity). ഇങ്ങനെ വലിയ അശുദ്ധിയിലുള്ള ആളിനും നോമ്പിനു വേണ്ടി നിയ്യത്ത് ചെയ്യുകയും നോമ്പനുഷ്‌ടിക്കുകയും ചെയ്യാം. എങ്കിലും സൂര്യോദയത്തിനു മുമ്പ് തന്നെ കുളിച്ച് വലിയ അശുദ്ധിയില്‍ നിന്ന് മുക്തനാകുന്നതാണ് ഉത്തമം.

നോമ്പിനെ അസാധുവാക്കുന്ന അഥവാ നോമ്പ് മുറിയാന്‍ ഇടയാക്കുന്ന കാര്യങ്ങള്‍ പ്രധാനമായും ഏഴെണ്ണമാണുള്ളത്. അതും അനുബന്ധകാര്യങ്ങളും അടുത്ത കുറിപ്പില്‍ ഇന്‍ശാ അല്ലാഹ്.

Sunday, September 16, 2007

പാപമോചനം - റമദാന്‍ നാല്

“റമദാന് ആ പേരുനല്‍കപ്പെട്ടത് ആ മാസം മനുഷ്യന്റെ കുറ്റങ്ങള്‍ കരിച്ചു കളയാന്‍ മതിയായ ആത്മീയമാനം ഉള്‍കൊള്ളുന്നതിനാലാവുന്നു”, “റമളാന്‍ മാസത്തില്‍ അല്ലാഹു സത്യവിശ്വാസികള്‍ക്കു പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും കരിച്ചു കളയുകയും ചെയ്യുന്നു” എന്നി ഹദീസുകളിലൂടെ വ്യക്തമാകുന്നത് റമദാന്‍ പാപമോചനത്തിന്റെ മാസമാണെന്നാണ്.
.
റമദാന്‍ എന്ന പദത്തിന്റെ ഉറവിടം “റംദാ‍‌അ്” എന്ന അറബിപദത്തില്‍ നിന്നാണെന്നാണ് അറബി ഭാഷാശാസ്ത്രജ്ഞരുടെ അഭിപ്രായം. റംദാ‌അ് എന്നാല്‍ ഖരീഫ് കാലത്തിനു മുമ്പ് വര്‍ഷിക്കുന്ന മഴയെന്നര്‍ത്ഥം. ഭൂമിയില്‍ ഉയര്‍ന്നു പൊങ്ങിയ പൊടിപടലങ്ങളേയും മറ്റും മഴ എപ്രകാരം കഴുകി കളയുന്നുവോ അതുപോലെ, റമദാന്‍ മാസം ഒരുവന്‍ ചെയ്തിട്ടുള്ള പാപങ്ങളെ കഴുകി കളയാന്‍ ഉത്തമമാണത്രെ.
.
ചെയ്തപാപങ്ങളിലെ തെറ്റുമനസ്സിലാക്കി, ഇനിയും ആ തെറ്റിലേക്ക് മടങ്ങുകയില്ല എന്ന പൂര്‍ണ്ണബോധത്തോടെ ഒരുവന്‍ അവന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് അല്ലാഹുവിനോട് ഈ റമദാന്‍ മാസത്തില്‍ പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചാല്‍ അതിന് നിശ്ചയമായും ഉത്തരം ലഭിക്കുമെന്നാണ് ഇസ്ലാമിക വിശ്വാസം.

Saturday, September 15, 2007

നന്മയിലേക്ക് - റമദാന്‍ മൂന്ന്

മനുഷ്യനിലെ മൃഗീയതയെ ഇല്ലായ്മ ചെയ്യലാണ് നോമ്പനുഷ്ഠിക്കുന്നതുകൊണ്ടുള്ള മറ്റൊരു പ്രധാന്യം. അനിയന്ത്രിതമായ് ഭോഗം, അപഥ സഞ്ചാരം, അഹങ്കാരം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ മനുഷ്യനെ മൃഗമാക്കുകയാണ്. അസൂയ കുശുമ്പ്, ക്രോധം, അഹംഭാവം എന്നിവ പലജാതി ജന്തുക്കളില്‍ പലരീതിയില്‍ കണ്ടുവരുന്ന ദുര്‍ഗ്ഗുണങ്ങളാണ്. വിവിധ ജാതി നാല്‍ക്കാലികളുടെഈ ഗുണങ്ങളെല്ലാം ചേര്‍ന്നു വരുന്ന ചില ജന്തുക്കള്‍ ഇരുകാലി മനുഷ്യരിലുമുണ്ട്. മൃഗീയസ്വഭാവത്തില്‍നിന്ന് മനുഷ്യന്റെ സംസ്കാരത്തിലേക്ക് ഉയരാന്‍ പറ്റാതെപോയ ഇരുകാലികളാണവര്‍. അങ്ങനെയുള്ളവരെ നിര്‍ബന്ധപൂര്‍വ്വം മനുഷ്യത്വത്തില്ലേക്കുയര്‍ത്തുവാനുള്ള ഒരു സംവിധാനമാണ് നോമ്പ്. വര്‍ഷാവര്‍ഷം ആവര്‍ത്തിച്ചു വരുന്ന ഈ നോമ്പുകാലം ഒരുവനെ തിന്മ വെടിഞ്ഞ് നന്മയിലേക്കടുപ്പിക്കുവാന്‍ സഹായകമാണ്. ആത്മ നിയന്ത്രണം വരുത്താത്തവന്റെ നോമ്പ് അല്ലാഹുവിന് ആവശ്യമില്ല തന്നെ. അവന്‍ പകലു മുഴുവന്‍ പട്ടിണിയിരുന്നു എന്നതു മാത്രമാണ് ആ നോമ്പുകൊണ്ടുള്ള മെച്ചം.

നമ്മുടെ ഹൃദയത്തില്‍ നിന്ന് അധമവികാരങ്ങളായ, മനുഷ്യനെ മൃഗാവസ്ഥയിലേക്ക് നയിക്കുന്ന, കോപം, അസൂയ, ക്രോധം, അഹങ്കാരം, ഗീബത്ത് (മറ്റുള്ളവരുടെ കുറ്റം പറച്ചില്‍) തുടങ്ങിയവയെ പടികടത്തുവാന്‍ നാമനുഷ്ഠിക്കുന്ന വ്രതത്തിലൂടെ നമ്മുക്ക് കഴിയട്ടെ.

Friday, September 14, 2007

ആത്മ സംസ്കരണം - റമദാന്‍ രണ്ട്

ആത്മീയവും ശാരീരികവുമായ നിയന്ത്രണമാണ് നോമ്പിന്റെ ഉദ്ദ്യേശം. തന്റെ കണ്ണും കാതും മനസ്സും എല്ലാമെല്ലാം അല്ലാഹുവിന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുമെന്നറിഞ്ഞുകൊണ്ട്, പഞ്ചേന്ദ്രിയങ്ങളുടെ മേല്‍ ഒരുവന്റെ വിശ്വാസം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സംവിധാനം. തിരക്കേറിയ ജീവിതത്തിനിടയില്‍ തെറ്റിലേക്കു നയിക്കപ്പെടുന്ന വിശ്വാസി. കണ്ണും കാതും നാക്കും കൈ കാലുകളും ചില ദുര്‍ബല സാഹചര്യങ്ങളില്‍ പെട്ട് അപകടങ്ങളില്‍ ചെന്ന് ചാടുന്നു. പാപങ്ങള്‍ ചെയ്തു കൂട്ടുന്നു. ഭൌതികതയില്‍ മതിമറന്ന മനുഷ്യനെ തന്റെ യഥാര്‍ത്ത വ്യക്തിത്വത്തിലേക്ക് തിരിച്ചെത്തിക്കുകയും, തന്നില്‍ നിന്നു വന്നുപോയ തെറ്റുകളും തകരാറുകളും ശരിപ്പെടുത്തുകയാണ് ഈ റമളാനില്‍. തിന്മകളില്‍ നിന്നും അനാവശ്യ സംസാര-പ്രവൃത്തികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന മനുഷ്യന്‍ വ്രതത്തിലൂടെ ഇന്ദ്രിയങ്ങളെ അമിതാനന്ദങ്ങളില്‍ നിന്നും തെറ്റില്‍ നിന്നും പിന്തിരിപ്പിച്ച് നന്മയിലേക്കടുപ്പിക്കുകയാണ്. ഇതോടെ തന്റെ ശരീരം ശുദ്ധീകരിക്കപ്പെടുകയും മനസ്സ് സ്ഫുടം ചെയ്തെടുക്കപ്പെടുകയും ചെയ്യുന്നു. “അസത്യ പ്രസ്താവനകളും ദുര്‍വൃത്തിയും അവസാനിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ ഭക്ഷണവും പാനീയവും വെടിഞ്ഞിരിക്കണമെന്ന ഒരാവശ്യവും അല്ലാഹുവിനില്ല” എന്ന ഹദീസ് പഠിപ്പിക്കുന്നത് ശാരീരികവും മാനസികവുമായ ഇച്ഛകളുടെ നിയന്ത്രണത്തിലൂടെ മാത്രമേ ഒരുവന്റെ നോമ്പ് അതിന്റെ പരിപൂര്‍ണ്ണത കൈവരിക്കുന്നുള്ളു എന്നതാണ്.

Wednesday, September 12, 2007

റമദാനെക്കുറിച്ച് - ഒന്ന്

പുണ്യങ്ങളുടെ പൂക്കാലമാ‍യ റമദാനിലാണ് നാം . മാനവ സമൂഹത്തിനാകെ അവസാന നാള്‍ വരെ വഴികാട്ടിയായ വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയിലെ മനുജന് കരഗതമാവാന്‍ തുടങ്ങിയത് ഈ മാസത്തിലാണ്. ഇതേ തുടര്‍ന്നുള്ള 23 വര്‍ഷങ്ങള്‍ കൊണ്ടാണ് വിശുദ്ധ ഖുര്‍‌ആന്റെ അവതരണം പൂര്‍ത്തിയായത്. ഈ വിശുദ്ധ ഗ്രന്ഥം തങ്ങള്‍ക്കു സമ്മാനിച്ചതിന്റെ നന്ദി പ്രകടിപ്പിക്കുന്നതിനായി ലോകമുസ്ലിംകള്‍ റമദാന്‍ മാസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഇതുവരെ. റമദാന്‍ സമാഗതമാവുന്നതിന് രണ്ടുമാസം മുന്‍പേ തന്നെ, റജബിലും ശ‌അബാനിലും നേട്ടങ്ങളേകി റമദാനിലേക്കെത്തിക്കേണമെന്ന്, പ്രവാചകന്‍ നബി മുഹമ്മദ് (സ.അ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതിന്റെ പിന്തുടര്‍ച്ചയെന്നോണം ഓരോ മുസ്ലിമിന്റെ മനസ്സിലും പ്രാര്‍ത്ഥനയിലും അവനെ റമദാന്‍ മാസത്തിലെത്തിക്കേണമേ എന്ന വാക്കുകള്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുന്നു. മുസ്ലിംകളുടെ പുണ്യമാസമായ റമദാനെകുറിച്ച് ചില വരികള്‍.
.
.
ഇസ്ലാമിക കലെണ്ടറില്‍ ഒന്‍പതാമത്തെ മാസമാണ് റമദാന്‍. ചാന്ദ്ര-മാസങ്ങളില്‍ ഏറ്റവും പ്രധാന സ്ഥാനമാണ് എന്നും പരിശുദ്ധ റമദാന്‍ മാസത്തിനു നല്‍കിപോന്നിട്ടുള്ളത്. അല്ലാഹുവിന്റെ മാസമായാണ് റമദാന്‍ മാസത്തെ അറിയപ്പെടുന്നത്. മറ്റു മാസങ്ങളുടെയെല്ലാം നേതാവാണ്‍് റമദാന്‍ മാസം, ഏറ്റവും പരിശുദ്ധവും. റമദാന്‍ മാസത്തിലെ നോമ്പ് അനുഷ്ഠാനം ഇസ്ലാമിക ചര്യയുടെ പഞ്ചസ്തൂപങ്ങളില്‍ ഒന്നാണ്. പ്രായപൂര്‍ത്തിയും ബുദ്ധിസ്ഥിരതയുമുള്ള ഓരൊ മനുഷ്യനും ഈ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട മാസമാണ് റമദാന്‍.
.
.
അല്ലാഹുവിനോടുള്ള ഒരു കടപ്പാട് പൂര്‍ത്തിയാക്കുന്നതോടൊപ്പം വളരെയധികം പ്രതിഫലങ്ങള്‍ക്കര്‍ഹനാവുക കൂടിയാണ് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ഒരുവന്‍ ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നോമ്പിനെ ഒഴിവാക്കുന്നവന്‍ ചെയ്യുന്നത് ഒരു പാപമാണ് എന്നതാണ് ഇസ്ലാമിക വിശ്വാസം.
.
.
നോമ്പ് ഒരു തരത്തിലുള്ള ആരാധനയാണ്. മറ്റെല്ലാ ആരാധനകളില്‍ നിന്നും വിഭിന്നവുമാണത്. നോമ്പ് അനുഷ്ഠിക്കുന്നവനും അല്ലാഹുവിനും മാത്രം അറിയാവുന്ന രഹസ്യമാണ് ഒരുവന്‍ നോമ്പനുഷ്ടിക്കുന്നുണ്ട് എന്നത്. മറ്റാരാധനകള്‍ക്കൊന്നും തന്നെ ഇത്തരത്തിലുള്ള ഒരു രഹസ്യ സ്വഭാവമില്ല. അതിനാല്‍ നോമ്പിനുള്ള പ്രതിഫലം എത്രയെന്നു നിശ്ചയിക്കുന്നവവും അതു നല്‍കുന്നവനും അല്ലാഹുമാത്രമാണ്. “നോമ്പ് എനിക്കുള്ളതാണ്, അതിനു പ്രതിഫലം നല്‍കുന്നവനും ഞാന്‍ തന്നെ” എന്ന ദൈവ വചനം നാം പ്രവാചകനിലൂടെ കേട്ടറിഞ്ഞതാണ്.
.
.
റമദാന്‍ മാസത്തിന്റെ അനുഗ്രഹങ്ങള്‍ നോമ്പില്‍ മാത്രം ഒതുങ്ങുന്നില്ല. ഏതു സദ്‌പ്രവൃത്തികളും ആരാധനകളും ദൈവത്തിന്റെ പ്രത്യേക പ്രീതിക്ക് പാത്രമാകുന്നതാണ്. വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയില്‍ അവതീര്‍ണ്ണമായ മാസമാണ് റമദാന്‍ മാസം എന്നു മുകളില്‍ പറഞ്ഞിരുന്നല്ലോ. അതിനാല്‍ തന്നെ ഖുര്‍‌ആന്‍ വായിക്കാനും മനസ്സിലാക്കാനും അതിലെ ദൈവീക രഹസ്യങ്ങള്‍ അറിയാനും ശ്രമിക്കേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണ്. അത് അവന്റെ ഹൃദയങ്ങളില്‍ നിന്ന് പാപ കറകളെ കഴുകി കളയുന്നതിനും, ഹൃദയം പ്രകാശപൂരിതമാക്കുന്നതിനും സഹായിക്കുന്നു.
.
.
നിരന്തര പ്രാര്‍ത്ഥനകളുടേയും, സഹനതയുടെയും, സംയമനത്തിന്റേയും, ദൈവീകാരാധനകളുടെയും മാസം കൂടിയാണ് റമദാന്‍. ഈ മാസത്തില്‍ ഓരൊ ദിനത്തിലും ഒരു യഥാര്‍ത്ഥ മുസ്ലിം അവന്റെ ശരീരവുമായുള്ള സമരത്തിലാണ്, അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ. നോമ്പുകാരനായ ഒരു വ്യക്തി ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം പ്രവാചകന്‍ നബി (സ.അ) അരുളിയ പോലെ അവന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും അവന്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്. അതോടൊപ്പം ദൈവകൃപ-കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനാവേണ്ടതുമാണ്. എഴുപതു മുതല്‍ എഴുന്നൂറു വരെ ഇരട്ടി പ്രതിഫലം ഒരു മനുഷ്യന്റെ ഓരോ സദ്‌വൃത്തിക്കും ലഭിക്കും എന്നതും ഈ മാസത്തിന്റെ മാത്രം പ്രത്യേകതയാണ്.
.
.
തങ്ങളുടെ പാപങ്ങള്‍ തുറന്നു പറഞ്ഞ് പാശ്ചാത്താപം നിറയുന്ന മനസ്സോടെ അല്ലാഹുവിലേക്ക് പ്രാര്‍ത്ഥനകള്‍ ചൊരിഞ്ഞാല്‍, തൌബ ചെയ്താല്‍, അതു സ്വീകരിക്കപ്പെടുകയും അവന്റെ കഴിഞ്ഞു പോയ കാലങ്ങളില്‍ ചെയ്തു പോയ പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്ത്, ദൈവാനുഗ്രഹം കരഗതമാക്കാന്‍ റമദാന്‍ മാസം അത്യുത്തമമാണ്. ചില രാത്രികള്‍, പ്രത്യേകിച്ച് റമദാനിലെ അവസാനത്തെ പത്തു രാത്രികള്‍ വളരെ പ്രധാനപ്പെട്ടവയാണ്. എഴുപതില്‍ പരം വര്‍ഷം പുണ്യം ചെയ്തതിന്റെ പ്രതിഫലം ഒരു ദിവസത്തിന്റെ ആരാധനകള്‍ക്കും പുണ്യകര്‍മ്മങ്ങള്‍ക്കും ലഭിക്കും എന്നു വിശ്വസിക്കുന്ന ലൈലത്തുല്‍ ഖദ്‌റ് ഈ രാവുകളിലാണുണ്ടാവുന്നത്. അവന്റെ പൂര്‍വ്വികരെപ്പോലെ കൂടുതല്‍ കാലം ജീവിച്ചിരിക്കാത്ത ആധുനിക മനുഷ്യന്, തന്റെ മനുഷ്യായുസ്സില്‍ പുണ്യം ചെയ്താല്‍ കിട്ടുന്നതിനേക്കാല്‍ പ്രതിഫലം കരസ്ഥമാക്ക് മുസ്ലിംകള്‍ ഉറക്കമൊഴിഞ്ഞ് ആരാധനകളിലേക്കും പ്രാര്‍ത്ഥനകളിലേക്ക് തിരിയുന്ന മാസം കൂടിയാണ് റമദാന്‍.
.
.
ആരാധനയുടെയും ദൈവാനുഗ്രഹത്തിന്റേയും മാ‍സം മാത്രമല്ല റമദാന്‍. മുസ്ലിം ചരിത്രത്തിന്റെ താളുകളിലും റമദാന്‍ തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു ഈ പുണ്യമാസം. ബദര്‍ യുദ്ധവും മക്കാ വിജയവും എല്ലാം ഈ മാസത്തിലാണ് സംഭവിച്ചിരിക്കുന്നത്.
.
.
റമദാനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പിറകെ.