Tuesday, September 25, 2007

സകാത്ത് (തുടര്‍ച്ച) - റമദാന്‍ പതിമൂന്ന്

ദേഹത്തിന്റെ സക്കാത്താണ് ഫിത്വര്‍ സക്കാത്ത് എന്നു പറഞ്ഞല്ലോ, ശാരീരികവും ആത്മീയവുമായ ശുദ്ധീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റമദാനിലെ ഏറ്റവും ഒടുവിലത്തെയും ശവ്വാലിലില്‍ ഏറ്റവും ആദ്യത്തേയും നിമിഷങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമായിട്ടുള്ളത്.

നിസ്കാരത്തില്‍ സഹ്‌ വിന്റെ* സുജൂദ് പോലെയാണ് നോമ്പിന് ഫിത്വര്‍ സകാത്ത്. അത് നോമ്പിന്റെ പോരായ്മകളെ പരിഹരിക്കും. “റമദാനിലെ നോമ്പ് അല്ലാഹുവിലേക്കെത്താതെ ആകാശഭൂമികള്‍ക്കിടയില്‍ തടഞ്ഞു നിര്‍ത്തപ്പെടുന്നു. ഫിത്വര്‍ സക്കാത് നല്‍കലിലൂടെയല്ലാതെ അത് ഉയര്‍ത്തപ്പെടുകയില്ല” എന്ന ഹദീസിലൂടെ സകാത്ത് കൊടുക്കേണ്ടവന്‍ അത് കൊടുക്കാതിരുന്നാല്‍, റമദാനിന്റെ എല്ലാ പ്രതിഫലവും അവനു ലഭിക്കാതെ പോകും എന്നു മനസ്സിലാക്കാം.

ഫിത്വര്‍ സകാത്ത് നിര്‍ബന്ധമായ ആള്‍ സ്വശരീരത്തിനു വേണ്ടിയും താന്‍ ചിലവു കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് വേണ്ടിയും ഫിത്വര്‍ സക്കാത്ത് നല്‍കേണ്ടതാണ്. അതായത് ബുദ്ധി, പ്രായപൂര്‍ത്തി, അടിമ, സ്വതന്ത്രന്‍ എന്നീ തരം തിരിവുകളൊന്നും ഫിത്വര്‍ സകാത്ത് നല്‍കുന്നതിനു വേണ്ടി പരിഗണിക്കേണ്ടതില്ല. അതായത് ഭ്രാന്തന്‍, മന്ദബുദ്ധി, അടിമ എന്നിവര്‍ക്കു വേണ്ടിയും ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാകും.

റമദാന്‍ ആരംഭം മുതല്‍ ഫിത്വര്‍ സക്കാത്ത് കൊടുക്കാമെങ്കിലും ശവ്വാല്‍ മാസപ്പിറവിയോടെയാണ് ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാകുന്നത്. ശവ്വാല്‍ മാസപ്പിറവി സമയത്ത് സകാത്ത് കൊടുക്കുന്നവനും വാങ്ങുന്നവനും അതിനര്‍ഹരായിരിക്കേണ്ടതാണ്. അതിനാല്‍ ശവ്വാല്‍ മാസപ്പിറവിക്ക് മുമ്പ് സകാത്ത് സ്വീകരിച്ചവന്‍ അതു സ്വീകരിക്കാനര്‍ഹനല്ലാതായി തീര്‍ന്നാല്‍ (ദരിദ്രന്‍ ധനികനായാല്‍) സകാത്തു നല്‍കിയവന്‍ അതു വീണ്ടും നല്‍കേണ്ടതാണ്. ഇതു സക്കാത്ത് കൊടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇനി സക്കാത്ത് കൊടുത്തവന്‍ മരണപ്പെടുകയോ, കഴിവില്ലാത്തവനായി മാറുകയോ ചെയ്താല്‍ ആ സകാത്ത് കൊടുക്കല്‍ അവന്‍ ബാദ്ധ്യസ്ഥനാവുന്നുമില്ല.

താന്‍ ജീവിച്ചിരിക്കുന്നിടത്തു തന്നെ സകാത്ത് വിതരണം നടത്തേണ്ടതാണ് എന്നത് സകാത്ത് കൊടുക്കുന്നതിന്റെ ഒരു നിബന്ധനയാണ്. ഗള്‍ഫില്‍ ജീവിക്കുന്നവന്‍ അവനു വേണ്ടി ഗള്‍ഫിലും, അവന്റെ ഭാര്യാ സന്താനങ്ങള്‍ നാട്ടിലാണെങ്കില്‍ അവര്‍ക്കു വേണ്ടി നാട്ടിലും സക്കാത്ത് നല്‍കണം എന്നു ചുരുക്കം.

സകാത്ത് നല്‍കിയശേഷം “റബ്ബനാ തഖബ്ബല്‍ മിന്നാ ഇന്നക്ക അന്ത സമീഉല്‍ അലീം” (ഞങ്ങളുടെ നാഥാ, ഞങ്ങളുടെ അടുക്കല്‍ നിന്ന് നീ സ്വീകരിക്കേണമേ, നിശ്ചയം നീ കേള്‍ക്കുന്നവനും അറിയുന്നവനുമാണ്) എന്നു പ്രാര്‍ത്ഥിക്കല്‍ സുന്നത്താണ്.

*സഹ്‌വ് = മറവി

4 comments:

സുല്‍ |Sul said...

“ദേഹത്തിന്റെ സക്കാത്താണ് ഫിത്വര്‍ സക്കാത്ത് എന്നു പറഞ്ഞല്ലോ, ശാരീരികവും ആത്മീയവുമായ ശുദ്ധീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റമദാനിലെ ഏറ്റവും ഒടുവിലത്തെയും ശവ്വാലിലില്‍ ഏറ്റവും ആദ്യത്തേയും നിമിഷങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമായിട്ടുള്ളത്.“

"സകാത്ത് (തുടര്‍ച്ച) - റമദാന്‍ പതിമൂന്ന്"

ആവനാഴി said...

പ്രിയ ഇ(ഒ)ത്തിരി വെട്ടം,

വായിക്കുന്നൂണ്ട് കേട്ടോ. എഴുതൂ വീണ്ടും. വായിക്കാം.

സസ്നേഹം
ആവനാഴി.

ആവനാഴി said...

പ്രിയ സുല്‍,

ക്ഷമിക്കൂ. ഇത്തിരിവെട്ടത്തിന്റെ ബ്ലോഗിലൂടെ കയറി വന്നതുകൊണ്ട് ഇതു ഇത്തിരിയുടേയോ എന്നു ഒരു നിമിഷം ചിന്തിച്ചുപോയി. അങ്ങിനെ പറ്റിയ അബദ്ധമാണു.

സുല്ലിന്റെ തുടര്‍ലേഖനം വായിക്കാറുണ്ട്. നന്നായിരിക്കുന്നു.

തെറ്റു ക്ഷമിക്കുമല്ലോ.

സസ്നേഹം
ആവനാഴി.

സുല്‍ |Sul said...

പ്രിയ ആവനാഴി

ഇത്തിരിവെട്ടത്തിനു കൊടുത്ത കമെന്റ് ആദ്യമേ കണ്ടിരുന്നു. അതിലൊന്നും വലിയ കാര്യമില്ലല്ലോ എന്നു കരുതി ഞാന്‍ വേറൊരു കമെന്റിടാന്‍ മുതിര്‍ന്നില്ല. താങ്കളെപ്പോലുള്ളവര്‍ ഇതു വായിക്കുന്നുണ്ടെന്നറിയുന്നത് തന്നെ സന്തോഷ ദായകമാണ്.

കൂടുതല്‍ എഴുതാന്‍ ശ്രമിക്കാം. വന്നതിനും വായിച്ചതിനും നന്ദി.

-സുല്‍