Monday, September 17, 2007

നോമ്പിന്റെ അടിസ്ഥാന വിധികള്‍. റമദാന്‍ അഞ്ച്

റമദാന്‍ നോമ്പിന്റെ ഇസ്‌ലാമിക കര്‍മ്മശാസ്ത്ര വിധികള്‍ ലഘുവായി ഒന്നു വിവരിക്കാനുള്ള ശ്രമമാണിത്. നോമ്പ് ആചരിക്കുന്നവര്‍ക്കും നോമ്പിന്റെ സാമാന്യമായ വിധികള്‍ അറിയണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു.

പ്രായപൂര്‍ത്തിയും ബുദ്ധിസ്ഥിരതയും നോമ്പനുഷ്‌ടിക്കാന്‍ കഴിവുമുള്ള എല്ലാ മുസ്‌ലിമിനും റമദാനില്‍ നോമ്പനുഷ്‌ടിക്കല്‍ വ്യക്തിപരമായ നിര്‍ബന്ധ ബാധ്യതയാണ്. അമുസ്‌ലിംകള്‍, കുട്ടികള്‍, ചിത്തഭ്രമമുള്ളവര്‍, മാറാരോഗികള്‍ തുടങ്ങിയവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല.

നോമ്പിന്റെ അവശ്യഘടകങ്ങള്‍ അഥവാ ഫര്‍ദുകള്‍ (Integrals of the fast).

റമദാനിലെ നോമ്പിനു രണ്ട് ഫര്‍ദുകള്‍ ആണുള്ളത്.
1.കരുതല്‍ അഥവാ നിയ്യത്ത്. (Intention)
2.നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങള്‍ വര്‍ജ്ജിക്കല്‍.(Abstention from nullifiers of the fast)

കരുതല്‍ അഥവാ നിയ്യത്ത്:-
വ്രതമനുഷ്‌ടിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അത് കരുതിയുറപ്പിക്കേണ്ടതുണ്ട്. മനസ്സില്‍ കരുതലാണ് നിര്‍ബന്ധം. അതോടൊപ്പം നാവു കൊണ്ട് ഉച്ചരിക്കുക കൂടി ചെയ്യുന്നത് സുന്നത്താണ്. (സുന്നത്തെന്നാല്‍ പ്രവാചക ചര്യ. അത് ആചരിക്കല്‍ ഐഛികമാണ്. ആചരിച്ചാല്‍ പ്രതിഫലം ലഭിക്കും. ഉപേക്ഷിച്ചാല്‍ കുറ്റവുമില്ല).
“ഈ കൊല്ലത്തെ നിര്‍ബന്ധമായ റമദാനിലെ നാളത്തെ നോമ്പ് അല്ലാഹുവിന് വേണ്ടി അദാ‍അ് ആയി അനുഷ്‌ടിക്കുവാന്‍ ഞാന്‍ കരുതി“ എന്നതാണ് നിയ്യത്തിന്റെ രൂപം.

സൂര്യോദയത്തിനു മുമ്പ് കിഴക്ക് വെള്ള കാണുന്നതു മുതല്‍ (ഫജ്‌ര്‍- സുബ്‌ഹി ബാങ്കിന്റെ സമയം) സൂര്യാസ്‌തമയം വരെയാണ് നോമ്പിന്റെ സമയം.

നിര്‍ബന്ധമായ നോമ്പിനു വേണ്ടിയുള്ള (Obligatory fast) കരുതല്‍ അഥവാ നിയ്യത്ത് തലേ ദിവസം സൂര്യാസ്തമയത്തിനു ശേഷം സൂര്യോദയത്തിനു മുമ്പ് കിഴക്ക് വെള്ള വീശുന്നതിന് മുമ്പ് (ഫജ്‌ര്‍- സുബ്‌ഹി ബാങ്കിനു മുമ്പ്) എപ്പോഴെങ്കിലും ആയിരിക്കല്‍ നിര്‍ബന്ധമാണ്. ആരെങ്കിലും ഇപ്രകാരം കരുതാന്‍ മറന്നു പോകുകയോ ഉറങ്ങിപ്പോകുകയോ മറ്റോചെയ്താല്‍ അവരുടെ നോമ്പ് സാധുവാകുന്നതല്ല. എന്നാല്‍ അവരും മറ്റു നോമ്പുകാരെ പോലെ നോമ്പ് മുറിയുന്ന കാര്യങ്ങള്‍ വര്‍ജ്ജിച്ച് സൂര്യാസ്തമയം വരെ കഴിയേണ്ടതാണ്. റമദാനു ശേഷം ആ നോമ്പ് മടക്കി അനുഷ്‌ടിക്കേണ്ടതുമാണ്. (ഖദാ‍അ്)

റമദാനിലെ നോമ്പിന് ഓരോ ദിവസവും നിയ്യത്ത് ആവര്‍ത്തിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മാലികി മദ്‌ഹബ് (School of Imam Malik (R) ) അനുസരിച്ച് റമദാന്‍ നോമ്പിന്റെ ആദ്യരാവില്‍ മുഴുവന്‍ മാസത്തേക്കും ഒന്നിച്ച് നിയ്യത്ത് ചെയ്യാവുന്നതാണ്. അങ്ങനെ കരുതിയാല്‍ വല്ല കാരണവശാലും നിയ്യത്ത് മറന്നാലും നോമ്പ് സാധുവാകുന്നതാണ്.

സുന്നത്തായ നോമ്പുകള്‍ക്ക് വേണ്ടിയുള്ള (Supererogatory fast) നിയ്യത്ത് മധ്യാഹ്‌നത്തിനു മുമ്പ് കരുതിയാല്‍ മതിയാകും (ളുഹര്‍). എന്നാല്‍ നോമ്പിനെ അസാധുവാക്കുന്ന പ്രവൃത്തികളൊന്നും ചെയ്യാത്തവര്‍ക്കു മാത്രമേ ഇത് ബാധകമാവൂ എന്നത് ശ്രദ്ധിക്കണം.

നോമ്പിനു വേണ്ടി രാത്രിയില്‍ എപ്പോഴെങ്കിലും കരുതാം എന്നു പറഞ്ഞുവല്ലോ? അങ്ങനെ നിയ്യത്ത് ചെയ്‌തതിനു ശേഷം സൂര്യോദയത്തിനു മുമ്പ് പ്രഭാത നിസ്‌കാരത്തിനുള്ള ബാങ്കു വിളിക്കു മുമ്പ് വരെ ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുകയോ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്യാം. ഇത്തരം പ്രവൃത്തികള്‍ നിയ്യത്തിനെ അസാധുവാക്കുകയില്ല.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ശുക്ല സ്‌ഖലനം സംഭവിക്കുകയോ ചെയ്താല്‍ ഒരാള്‍ വലിയ അശുദ്ധിക്കാരനാകും. (ജനാബത്ത്-Major ritual impurity). ഇങ്ങനെ വലിയ അശുദ്ധിയിലുള്ള ആളിനും നോമ്പിനു വേണ്ടി നിയ്യത്ത് ചെയ്യുകയും നോമ്പനുഷ്‌ടിക്കുകയും ചെയ്യാം. എങ്കിലും സൂര്യോദയത്തിനു മുമ്പ് തന്നെ കുളിച്ച് വലിയ അശുദ്ധിയില്‍ നിന്ന് മുക്തനാകുന്നതാണ് ഉത്തമം.

നോമ്പിനെ അസാധുവാക്കുന്ന അഥവാ നോമ്പ് മുറിയാന്‍ ഇടയാക്കുന്ന കാര്യങ്ങള്‍ പ്രധാനമായും ഏഴെണ്ണമാണുള്ളത്. അതും അനുബന്ധകാര്യങ്ങളും അടുത്ത കുറിപ്പില്‍ ഇന്‍ശാ അല്ലാഹ്.

14 comments:

Rasheed Chalil said...

സിയ നല്ല സംരംഭം... തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

Ziya said...

റമദാന്‍ നോമ്പിന്റെ ഇസ്‌ലാമിക കര്‍മ്മശാസ്ത്ര വിധികള്‍ ലഘുവായി ഒന്നു വിവരിക്കാനുള്ള ശ്രമമാണിത്. നോമ്പ് ആചരിക്കുന്നവര്‍ക്കും നോമ്പിന്റെ സാമാന്യമായ വിധികള്‍ അറിയണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു.

ബീരാന്‍ കുട്ടി said...

സിയാ,
വളരെ നല്ല ശ്രമം, അല്ലാഹു സ്വീകരിക്കുമാറക്കട്ടെ.

ഫര്‍ള്‌ നോമ്പായാലും, രാത്രിയില്‍ നിയ്യത്ത്‌ വെക്കാന്‍ മറന്ന് പോയാല്‍ അന്ന് ഉച്ചക്ക്‌ മുന്‍പ്‌ നിയ്യത്ത്‌ വെച്ചാല്‍ മതിയാവും എന്ന് കേട്ടു, ശരിയാണോ എന്നറിയില്ല. ഞാന്‍ പിന്നിട്‌ പറയാം.

മുസ്തഫ|musthapha said...

eee shramam valarey nannaayi siya...

nombineyum athintey vidhikaleyum patti ariyaan thaalparyamullavarkk upayoga pedunna vidhathil lalithamaayi thanney ezhuthiyirikkunnu.

ramdanintey aadiathil thanney ellaa nombukalum edukkaan vendi niyyath cheyyal shafee madhabil sweekaaryamalley!

(keyman panimudakkilaa..)

Ziya said...

അഗ്രജാ, സ്വീകാര്യമല്ലെന്ന് ശാഫി ഈ മദ്‌ഹബ് പറയുന്നു. മാലികീ മദ്‌ഹബില്‍ സ്വീകാര്യമാണെങ്കിലും ദിവസവും നിയ്യത്ത് പുതുക്കല്‍ ഏറ്റവും ഉത്തമമാണെന്ന് മാലിക് ഇമാം പറയുന്നു. അപ്പോള്‍ ദിവസവും നിയ്യത്ത് ചെയ്യുന്നത് തന്നെ ഉത്തമം എന്നു കരുതാം നമുക്ക്.

Mujeeb Rahman Kuttikatil said...

good that you did wonderfull job
ramadan mubarak

to ziya..........thanks & eniyum pradeeshikunnu..

by from mujeeb rahman.k

Rashid Padikkal said...

വളരേ നല്ലത്. റംസാന്‍ ആശംസകള്‍.

മെലോഡിയസ് said...

റമദാനില്‍ ഈ ബ്ലോഗ് ഇട്ടത് എന്തു കൊണ്ടും നന്നായി..എല്ലാവിധ ആശംസകളും.

ഏ.ആര്‍. നജീം said...

സിയ,
അവസരോചിതവും വിജ്ഞാനപ്രദവുമായ പോസ്റ്റ്.
സ്‌നേഹം

Areekkodan | അരീക്കോടന്‍ said...

"എങ്കിലും സൂര്യോദയത്തിനു മുമ്പ് തന്നെ കുളിച്ച് വലിയ അശുദ്ധിയില്‍ നിന്ന് മുക്തനാകുന്നതാണ് ഉത്തമം."

സിയാ.....ഇത്‌ ഉത്തമം എന്നല്ല , നിര്‍ബന്ധമാണ്‌.സൂര്യോദയത്തിന്‌ മുമ്പ്‌ സുബ്‌ഹി നമസ്കരിക്കണം.അതിന്‌ ശുദ്ധി വേണം.നമസ്കരിച്ചില്ലെങ്കില്‍ പിന്നെ നോമ്പ്‌ കൊണ്ട്‌ എന്ത്‌ പ്രയോജനം?

SHAN ALPY said...

സ്നേഹത്തിന്‍റ്റെയും,
സഹനത്തിന്റെയും,
സാഹോദര്യത്തിന്റെയും,
സഹാനുഭൂതിയുടെയും,
സന്തോഷത്തിന്റെയും,
സുദിനങ്ങള്‍ വരവായി...
അകംനിറഞ്ഞ റമദാന്‍ ആശംസകള്‍

Norah Abraham | നോറ ഏബ്രഹാം said...

വിജ്ഞാനപ്രദവുമായ പോസ്റ്റ്. കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ അടുത്ത പോസ്റ്റിനായ് കാത്തിരിക്കുന്നു.

ഇസാദ്‌ said...

റമദാന്‍ കരീം . നല്ല സംരംഭം സിയാ. എല്ലാ ഭാവുകങ്ങളും നേരുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

അരവിന്ദ് :: aravind said...

അറിയാന്‍ താല്‍‌പര്യമുള്ള വിഷയം.
ആശംസകള്‍.