Friday, September 14, 2007

ആത്മ സംസ്കരണം - റമദാന്‍ രണ്ട്

ആത്മീയവും ശാരീരികവുമായ നിയന്ത്രണമാണ് നോമ്പിന്റെ ഉദ്ദ്യേശം. തന്റെ കണ്ണും കാതും മനസ്സും എല്ലാമെല്ലാം അല്ലാഹുവിന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുമെന്നറിഞ്ഞുകൊണ്ട്, പഞ്ചേന്ദ്രിയങ്ങളുടെ മേല്‍ ഒരുവന്റെ വിശ്വാസം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സംവിധാനം. തിരക്കേറിയ ജീവിതത്തിനിടയില്‍ തെറ്റിലേക്കു നയിക്കപ്പെടുന്ന വിശ്വാസി. കണ്ണും കാതും നാക്കും കൈ കാലുകളും ചില ദുര്‍ബല സാഹചര്യങ്ങളില്‍ പെട്ട് അപകടങ്ങളില്‍ ചെന്ന് ചാടുന്നു. പാപങ്ങള്‍ ചെയ്തു കൂട്ടുന്നു. ഭൌതികതയില്‍ മതിമറന്ന മനുഷ്യനെ തന്റെ യഥാര്‍ത്ത വ്യക്തിത്വത്തിലേക്ക് തിരിച്ചെത്തിക്കുകയും, തന്നില്‍ നിന്നു വന്നുപോയ തെറ്റുകളും തകരാറുകളും ശരിപ്പെടുത്തുകയാണ് ഈ റമളാനില്‍. തിന്മകളില്‍ നിന്നും അനാവശ്യ സംസാര-പ്രവൃത്തികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന മനുഷ്യന്‍ വ്രതത്തിലൂടെ ഇന്ദ്രിയങ്ങളെ അമിതാനന്ദങ്ങളില്‍ നിന്നും തെറ്റില്‍ നിന്നും പിന്തിരിപ്പിച്ച് നന്മയിലേക്കടുപ്പിക്കുകയാണ്. ഇതോടെ തന്റെ ശരീരം ശുദ്ധീകരിക്കപ്പെടുകയും മനസ്സ് സ്ഫുടം ചെയ്തെടുക്കപ്പെടുകയും ചെയ്യുന്നു. “അസത്യ പ്രസ്താവനകളും ദുര്‍വൃത്തിയും അവസാനിപ്പിക്കുന്നില്ലെങ്കില്‍ പിന്നെ ഭക്ഷണവും പാനീയവും വെടിഞ്ഞിരിക്കണമെന്ന ഒരാവശ്യവും അല്ലാഹുവിനില്ല” എന്ന ഹദീസ് പഠിപ്പിക്കുന്നത് ശാരീരികവും മാനസികവുമായ ഇച്ഛകളുടെ നിയന്ത്രണത്തിലൂടെ മാത്രമേ ഒരുവന്റെ നോമ്പ് അതിന്റെ പരിപൂര്‍ണ്ണത കൈവരിക്കുന്നുള്ളു എന്നതാണ്.

2 comments:

സുല്‍ |Sul said...

ശാരീരികവും മാനസികവുമായ ഇച്ഛകളുടെ നിയന്ത്രണത്തിലൂടെ മാത്രമേ ഒരുവന്റെ നോമ്പ് അതിന്റെ പരിപൂര്‍ണ്ണത കൈവരിക്കുന്നുള്ളു .

കരീം മാഷ്‌ said...

പരിശുദ്ധ റംസാനിന്റെ പവിത്രമായ സന്ദേശത്തിനു നന്ദി.
എല്ലാ ആശംസകളും നേരുന്നു. പാപമോചനത്തിന്റെ വീഥി വിശാലമാക്കപ്പെടുന്ന ഈ മാസം പരമാവധി ഉപയോഗപ്പെറ്റുത്താന്‍ ദൈവം തുണയാകട്ടെ!