Wednesday, September 12, 2007

റമദാനെക്കുറിച്ച് - ഒന്ന്

പുണ്യങ്ങളുടെ പൂക്കാലമാ‍യ റമദാനിലാണ് നാം . മാനവ സമൂഹത്തിനാകെ അവസാന നാള്‍ വരെ വഴികാട്ടിയായ വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയിലെ മനുജന് കരഗതമാവാന്‍ തുടങ്ങിയത് ഈ മാസത്തിലാണ്. ഇതേ തുടര്‍ന്നുള്ള 23 വര്‍ഷങ്ങള്‍ കൊണ്ടാണ് വിശുദ്ധ ഖുര്‍‌ആന്റെ അവതരണം പൂര്‍ത്തിയായത്. ഈ വിശുദ്ധ ഗ്രന്ഥം തങ്ങള്‍ക്കു സമ്മാനിച്ചതിന്റെ നന്ദി പ്രകടിപ്പിക്കുന്നതിനായി ലോകമുസ്ലിംകള്‍ റമദാന്‍ മാസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഇതുവരെ. റമദാന്‍ സമാഗതമാവുന്നതിന് രണ്ടുമാസം മുന്‍പേ തന്നെ, റജബിലും ശ‌അബാനിലും നേട്ടങ്ങളേകി റമദാനിലേക്കെത്തിക്കേണമെന്ന്, പ്രവാചകന്‍ നബി മുഹമ്മദ് (സ.അ) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അതിന്റെ പിന്തുടര്‍ച്ചയെന്നോണം ഓരോ മുസ്ലിമിന്റെ മനസ്സിലും പ്രാര്‍ത്ഥനയിലും അവനെ റമദാന്‍ മാസത്തിലെത്തിക്കേണമേ എന്ന വാക്കുകള്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുന്നു. മുസ്ലിംകളുടെ പുണ്യമാസമായ റമദാനെകുറിച്ച് ചില വരികള്‍.
.
.
ഇസ്ലാമിക കലെണ്ടറില്‍ ഒന്‍പതാമത്തെ മാസമാണ് റമദാന്‍. ചാന്ദ്ര-മാസങ്ങളില്‍ ഏറ്റവും പ്രധാന സ്ഥാനമാണ് എന്നും പരിശുദ്ധ റമദാന്‍ മാസത്തിനു നല്‍കിപോന്നിട്ടുള്ളത്. അല്ലാഹുവിന്റെ മാസമായാണ് റമദാന്‍ മാസത്തെ അറിയപ്പെടുന്നത്. മറ്റു മാസങ്ങളുടെയെല്ലാം നേതാവാണ്‍് റമദാന്‍ മാസം, ഏറ്റവും പരിശുദ്ധവും. റമദാന്‍ മാസത്തിലെ നോമ്പ് അനുഷ്ഠാനം ഇസ്ലാമിക ചര്യയുടെ പഞ്ചസ്തൂപങ്ങളില്‍ ഒന്നാണ്. പ്രായപൂര്‍ത്തിയും ബുദ്ധിസ്ഥിരതയുമുള്ള ഓരൊ മനുഷ്യനും ഈ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട മാസമാണ് റമദാന്‍.
.
.
അല്ലാഹുവിനോടുള്ള ഒരു കടപ്പാട് പൂര്‍ത്തിയാക്കുന്നതോടൊപ്പം വളരെയധികം പ്രതിഫലങ്ങള്‍ക്കര്‍ഹനാവുക കൂടിയാണ് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ഒരുവന്‍ ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നോമ്പിനെ ഒഴിവാക്കുന്നവന്‍ ചെയ്യുന്നത് ഒരു പാപമാണ് എന്നതാണ് ഇസ്ലാമിക വിശ്വാസം.
.
.
നോമ്പ് ഒരു തരത്തിലുള്ള ആരാധനയാണ്. മറ്റെല്ലാ ആരാധനകളില്‍ നിന്നും വിഭിന്നവുമാണത്. നോമ്പ് അനുഷ്ഠിക്കുന്നവനും അല്ലാഹുവിനും മാത്രം അറിയാവുന്ന രഹസ്യമാണ് ഒരുവന്‍ നോമ്പനുഷ്ടിക്കുന്നുണ്ട് എന്നത്. മറ്റാരാധനകള്‍ക്കൊന്നും തന്നെ ഇത്തരത്തിലുള്ള ഒരു രഹസ്യ സ്വഭാവമില്ല. അതിനാല്‍ നോമ്പിനുള്ള പ്രതിഫലം എത്രയെന്നു നിശ്ചയിക്കുന്നവവും അതു നല്‍കുന്നവനും അല്ലാഹുമാത്രമാണ്. “നോമ്പ് എനിക്കുള്ളതാണ്, അതിനു പ്രതിഫലം നല്‍കുന്നവനും ഞാന്‍ തന്നെ” എന്ന ദൈവ വചനം നാം പ്രവാചകനിലൂടെ കേട്ടറിഞ്ഞതാണ്.
.
.
റമദാന്‍ മാസത്തിന്റെ അനുഗ്രഹങ്ങള്‍ നോമ്പില്‍ മാത്രം ഒതുങ്ങുന്നില്ല. ഏതു സദ്‌പ്രവൃത്തികളും ആരാധനകളും ദൈവത്തിന്റെ പ്രത്യേക പ്രീതിക്ക് പാത്രമാകുന്നതാണ്. വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയില്‍ അവതീര്‍ണ്ണമായ മാസമാണ് റമദാന്‍ മാസം എന്നു മുകളില്‍ പറഞ്ഞിരുന്നല്ലോ. അതിനാല്‍ തന്നെ ഖുര്‍‌ആന്‍ വായിക്കാനും മനസ്സിലാക്കാനും അതിലെ ദൈവീക രഹസ്യങ്ങള്‍ അറിയാനും ശ്രമിക്കേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണ്. അത് അവന്റെ ഹൃദയങ്ങളില്‍ നിന്ന് പാപ കറകളെ കഴുകി കളയുന്നതിനും, ഹൃദയം പ്രകാശപൂരിതമാക്കുന്നതിനും സഹായിക്കുന്നു.
.
.
നിരന്തര പ്രാര്‍ത്ഥനകളുടേയും, സഹനതയുടെയും, സംയമനത്തിന്റേയും, ദൈവീകാരാധനകളുടെയും മാസം കൂടിയാണ് റമദാന്‍. ഈ മാസത്തില്‍ ഓരൊ ദിനത്തിലും ഒരു യഥാര്‍ത്ഥ മുസ്ലിം അവന്റെ ശരീരവുമായുള്ള സമരത്തിലാണ്, അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ. നോമ്പുകാരനായ ഒരു വ്യക്തി ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം പ്രവാചകന്‍ നബി (സ.അ) അരുളിയ പോലെ അവന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും അവന്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്. അതോടൊപ്പം ദൈവകൃപ-കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനാവേണ്ടതുമാണ്. എഴുപതു മുതല്‍ എഴുന്നൂറു വരെ ഇരട്ടി പ്രതിഫലം ഒരു മനുഷ്യന്റെ ഓരോ സദ്‌വൃത്തിക്കും ലഭിക്കും എന്നതും ഈ മാസത്തിന്റെ മാത്രം പ്രത്യേകതയാണ്.
.
.
തങ്ങളുടെ പാപങ്ങള്‍ തുറന്നു പറഞ്ഞ് പാശ്ചാത്താപം നിറയുന്ന മനസ്സോടെ അല്ലാഹുവിലേക്ക് പ്രാര്‍ത്ഥനകള്‍ ചൊരിഞ്ഞാല്‍, തൌബ ചെയ്താല്‍, അതു സ്വീകരിക്കപ്പെടുകയും അവന്റെ കഴിഞ്ഞു പോയ കാലങ്ങളില്‍ ചെയ്തു പോയ പാപങ്ങള്‍ പൊറുക്കപ്പെടുകയും ചെയ്ത്, ദൈവാനുഗ്രഹം കരഗതമാക്കാന്‍ റമദാന്‍ മാസം അത്യുത്തമമാണ്. ചില രാത്രികള്‍, പ്രത്യേകിച്ച് റമദാനിലെ അവസാനത്തെ പത്തു രാത്രികള്‍ വളരെ പ്രധാനപ്പെട്ടവയാണ്. എഴുപതില്‍ പരം വര്‍ഷം പുണ്യം ചെയ്തതിന്റെ പ്രതിഫലം ഒരു ദിവസത്തിന്റെ ആരാധനകള്‍ക്കും പുണ്യകര്‍മ്മങ്ങള്‍ക്കും ലഭിക്കും എന്നു വിശ്വസിക്കുന്ന ലൈലത്തുല്‍ ഖദ്‌റ് ഈ രാവുകളിലാണുണ്ടാവുന്നത്. അവന്റെ പൂര്‍വ്വികരെപ്പോലെ കൂടുതല്‍ കാലം ജീവിച്ചിരിക്കാത്ത ആധുനിക മനുഷ്യന്, തന്റെ മനുഷ്യായുസ്സില്‍ പുണ്യം ചെയ്താല്‍ കിട്ടുന്നതിനേക്കാല്‍ പ്രതിഫലം കരസ്ഥമാക്ക് മുസ്ലിംകള്‍ ഉറക്കമൊഴിഞ്ഞ് ആരാധനകളിലേക്കും പ്രാര്‍ത്ഥനകളിലേക്ക് തിരിയുന്ന മാസം കൂടിയാണ് റമദാന്‍.
.
.
ആരാധനയുടെയും ദൈവാനുഗ്രഹത്തിന്റേയും മാ‍സം മാത്രമല്ല റമദാന്‍. മുസ്ലിം ചരിത്രത്തിന്റെ താളുകളിലും റമദാന്‍ തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു ഈ പുണ്യമാസം. ബദര്‍ യുദ്ധവും മക്കാ വിജയവും എല്ലാം ഈ മാസത്തിലാണ് സംഭവിച്ചിരിക്കുന്നത്.
.
.
റമദാനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പിറകെ.

9 comments:

സുല്‍ |Sul said...

റമദാനെക്കുറിച്ച് പറയാനൊരിടം.

ഏവര്‍ക്കും റമദാന്‍ ആശംസകള്‍!!!

-സുല്‍

krish | കൃഷ് said...

"നിരന്തര പ്രാര്‍ത്ഥനകളുടേയും, സഹനതയുടെയും, സംയമനത്തിന്റേയും, ദൈവീകാരാധനകളുടെയും മാസം കൂടിയാണ് റമദാന്‍. ഈ മാസത്തില്‍ ഓരൊ ദിനത്തിലും ഒരു യഥാര്‍ത്ഥ മുസ്ലിം അവന്റെ ശരീരവുമായുള്ള സമരത്തിലാണ്, അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ. നോമ്പുകാരനായ ഒരു വ്യക്തി ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം പ്രവാചകന്‍ നബി (സ.അ) അരുളിയ പോലെ അവന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും അവന്‍ വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്."

നല്ല മഹത്തായ വരികള്‍.. കൂടുതലായി അറിയില്ലെങ്കിലും ഇത്തരം ചിന്തകളും പ്രവര്‍ത്തികളും മനുഷ്യനെ നല്ല വഴിയിലേക്ക് നയിക്കും, തീര്‍ച്ച്.

റമദാന്‍ ആശംസകള്‍.

ശ്രീ said...

ഏവര്‍ക്കും റമദാന്‍ ആശംസകള്‍!
:)

ചന്ദ്രകാന്തം said...

“നോമ്പ് എനിക്കുള്ളതാണ്, അതിനു പ്രതിഫലം നല്‍കുന്നവനും ഞാന്‍ തന്നെ”

അതെ.. വ്രതനിഷ്ടയുടെ പാതയില്‍ ചരിയ്ക്കുന്നവര്‍ക്കായി, അല്ലാഹു, പുണ്യങ്ങളുടെ പൂക്കാലം നല്‍കുന്ന മാസം.

എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍..

Appu Adyakshari said...

ഈ നോമ്പ് എടുത്തിരിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍! ഇത് അനുഗ്രഹങ്ങളുടെ ഒരു മാസമായിത്തീരട്ടെ.

ഏ.ആര്‍. നജീം said...

റമദാന്‍ മുബാറക്ക്..!

Areekkodan | അരീക്കോടന്‍ said...

നല്ല ലേഖനം

Areekkodan | അരീക്കോടന്‍ said...

pinmozhikal@gmail.com ന്‍ പകരം കമന്റുകള്‍ എങ്ങോട്ട്‌ റീഡയരക്റ്റ്‌ ചെയ്യണം എന്നറിയിക്കണം.മെയില്‍ ചെയ്താല്‍ മതി.

പൊഴിക്കരക്കാരന്‍ said...

എഴുപതില്‍ പരം വര്‍ഷം പുണ്യം ചെയ്തതിന്റെ പ്രതിഫലം ഒരു ദിവസത്തിന്റെ ആരാധനകള്‍ക്കും പുണ്യകര്‍മ്മങ്ങള്‍ക്കും ലഭിക്കും എന്നു വിശ്വസിക്കുന്ന ലൈലത്തുല്‍ ഖദ്‌റ് ഈ രാവുകളിലാണുണ്ടാവുന്നത്.

ആയിരം മാസത്തെക്കാൾ പ്രത്ഫലം കിട്ടുന്ന രാത്രി അല്ലേ?
ലൈലതുൽ ഖദ്‌ രി ഖൈറുമ്മിൻ അൽഫി ശഹ്‌ രി എന്നല്ലേ ഖുർ ആനിൽ പറഞ്ഞത്‌?
1000/12= 83.333

നല്ല ലേഖനം