Wednesday, September 19, 2007

നോമ്പിനെ അസാധുവാക്കുന്ന (മുറിക്കുന്ന) കാര്യങ്ങള്‍. റമദാന്‍ ഏഴ്

താഴെപ്പറയുന്ന ഏഴു കാര്യങ്ങള്‍ ഒരാളുടെ നോമ്പിനെ അസാധുവാക്കും.

1.ശരീരത്തിലെ ദ്വാരങ്ങളിലൂടെ എന്തെങ്കിലും വസ്തു ശരീരത്തിനകത്തേക്ക് പ്രവേശിപ്പിക്കല്‍.
2.മനഃപൂര്‍വ്വം ഛര്‍ദ്ദിക്കല്‍
3.ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍
4.സ്വയംഭോഗത്തിലൂടെയോ മറ്റു പ്രവര്‍ത്തനങ്ങളിലൂടെയോ സ്‌ഖലനം ഉണ്ടാക്കല്‍.
5.ആര്‍ത്തവം അല്ലെങ്കില്‍ പ്രസവാനന്തര രക്തസ്രാവം.
6. ചിത്തഭ്രമം
7.അബോധാവസ്ഥയിലാകല്‍.


ഇനി ഓരോന്നും അല്‍‌പം വിശദമായി നോക്കാം.

1. ശരീരത്തിലെ ദ്വാരങ്ങളിലൂടെ എന്തെങ്കിലും വസ്തു ശരീരത്തിനകത്തേക്ക് പ്രവേശിപ്പിക്കല്‍.

വയറ്റിലേക്കോ തൊണ്ടയിലേക്കോ തലയിലേക്കോ ചെവികള്‍ക്കുള്ളിലേക്കോ ഏതെങ്കിലും പദാര്‍ത്ഥം വായ, മൂക്ക്, ചെവി, ഗുദദ്വാരം തുടങ്ങിയ ദ്വാരങ്ങളിലൂടെ പ്രവേശിക്കപ്പെട്ടാല്‍ നോമ്പ് മുറിയും. ഇവിടെ വസ്തു (substance) എന്നു പറഞ്ഞതില്‍ യഥാര്‍ത്ഥ വസ്തുവിന്റെ ഗുണങ്ങളില്ലാത്ത നേരിയ മണം, രുചി എന്നിവ ഒഴിവാകും.

ഒരാള്‍ അനുവദിനീയമല്ല എന്ന അറിവോടെ തന്നെ മനഃപൂര്‍വ്വം ഭക്ഷണമോ പാനീയമോ അല്ലെങ്കില്‍ ഭക്ഷ്യയോഗ്യമായതോ അല്ലാത്തതോ ആയ ഏതെങ്കിലും വസ്തുവോ മേല്‍പ്പറഞ്ഞ ഏതെങ്കിലും ദ്വാരത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിപ്പിച്ചാല്‍ അയാളുടെ നോമ്പ് മുറിയും. എന്നാല്‍ മറന്നു കൊണ്ടോ, ഭീഷണിക്ക് വിധേയനായോ അല്ലെങ്കില്‍ അറിവില്ലായ്‌മ കൊണ്ടോ അപ്രകാരം ചെയ്താല്‍ നോമ്പ് മുറിയുകയില്ല.

ബന്ധപ്പെട്ട ‍കാര്യങ്ങള്‍:-

1. ആരുടെയെങ്കിലും മോണയില്‍ നിന്ന് രക്തം വന്നാല്‍ നിര്‍ബന്ധമായും വായ വെള്ളം കൊണ്ട് വൃത്തിയായി കഴുകേണ്ടതാണ്. ചോര തുപ്പിക്കളഞ്ഞാല്‍ മാത്രം മതിയാവില്ല.
2. ഉമിനീരോ തുപ്പലോ വിഴുങ്ങതു കൊണ്ട് നോമ്പ് മുറിയുകയില്ല. എന്നാല്‍ തുപ്പലില്‍ മോണയില്‍ നിന്നുള്ള രക്തമോ ഭക്ഷണാവശിഷ്‌ടങ്ങളോ കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് മനഃപൂര്‍വ്വം ഇറക്കാന്‍ പാടില്ല.
3. കഫം, മൂക്കട്ട (Mucus) മുതലായവ തുപ്പുവാനോ നീക്കംചെയ്യുവാനോ കഴിയുന്ന സന്ദര്‍ഭത്തില്‍ അങ്ങനെ ചെയ്യല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അശ്രദ്ധ കാരണമായി ഇവ ശരീരത്തിലെത്തുകയും നീക്കം ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന പക്ഷം നോമ്പ് മുറിയുകയില്ല.
4. വുദു( അംഗശുദ്ധി Ablution) ചെയ്യുന്ന അവസരത്തില്‍ ശക്തിയായി കുലുക്കുഴിയാതെ വായ കഴുകുമ്പോള്‍ അറിയാതെ അല്‌പം ജലം ഉള്ളില്‍ പോയാല്‍ നോമ്പ് മുറിയുകയില്ല. ശക്തിയായി കുലുക്കുഴിഞ്ഞ് കഴുകരുത് എന്ന കാര്യം ഓര്‍ക്കുക. അങ്ങനെ ചെയ്യുമ്പോഴാണ് വെള്ളം ശരീരത്തില്‍ കടക്കുന്നതെങ്കില്‍ നോമ്പ് മുറിയുന്നതാണ്.
വുദു അല്ലാതെ സാധാരണ വായ കഴുകുമ്പോഴാണ് ജലം ഉള്ളിലെത്തുന്നതെങ്കില്‍ കുലുക്കുഴിയാതെ കഴുകുന്നതാണെങ്കിലും നോമ്പ് അസാധുവാകും.
5. വലിയ അശുദ്ധിയില്‍ നിന്ന് മുക്തമാകുന്നതിനുള്ള നിര്‍ബന്ധമായ കുളി കുളിക്കുമ്പോഴോ (ലൈംഗിക ബന്ധത്തിനോ ആര്‍ത്തവത്തിനോ ശേഷം) , വെള്ളിയാഴ്‌ചയിലെ സുന്നത്തായ കുളി കുളിക്കുമ്പോഴോ വെള്ളം ചെവിക്കുള്ളില്‍ കടന്നാല്‍ നോമ്പ് മുറിയുകയില്ല. എന്നാല്‍ നിര്‍ബന്ധമോ സുന്നത്തോ അല്ലാത്ത കുളികുളിക്കുമ്പോഴാണ് ഇങ്ങനെ വെള്ളം കടക്കുന്നത് എങ്കില്‍ നോമ്പ് അസാധുവാകുന്നതാണ്.
6. വായ കഴുകിക്കഴിയുമ്പോള്‍ ജലത്തിന്റെ അംശം തുപ്പലില്‍ ഉണ്ടെങ്കിലും തുപ്പല്‍ വിഴുങ്ങതിനു കുഴപ്പമില്ല. കാരണം ഒഴിവാക്കാന്‍ പ്രയാസമുള്ള സാഹചര്യമാണത്.
7. വായിലേക്ക് ഒന്നും കടക്കാതെ നാവിന്റെ തുമ്പ് കൊണ്ട് ഭക്ഷണത്തിന്റെ രുചി നോക്കല്‍ നല്ലതല്ലെങ്കിലും അനുവദനീയമാണ്.
8. ആഹാരമോ സുഗന്ധദ്രവ്യങ്ങളോ പൂക്കളോ മണപ്പിക്കുന്നത് കൊണ്ട് നോമ്പ് മുറിയില്ല. എങ്കിലും നല്ലതല്ല.
9. പുകവലി നോമ്പ് മുറിക്കും.
10. നിരത്തിലെ പൊടിയോ ധാന്യം പൊടിക്കുമ്പോളുണ്ടാകുന്ന പൊടിയോ വാഹനങ്ങളുടെ പുകയോ ശരീരത്തിനകത്ത് ചെന്നാല്‍ നോമ്പ് മുറിയുകയില്ല. പുകവലിക്കുന്ന അടുത്ത് നില്‍ക്കുന്നത് കാരണം പുക ഉള്ളില് ‍ചെന്നാലും (Passive smoking) നോമ്പ് മുറിയുകയില്ല.
11. മൂക്കില്‍ മരുന്നൊഴിക്കുന്നത് നോമ്പിനെ അസാധുവാക്കും. നിര്‍ബന്ധമായ അവസ്ഥയില്‍ (രോഗം കലശലായാലോ മറ്റോ) ചെവിയിലോ കണ്ണിലോ മരുന്നൊഴിക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല എന്ന് പണ്ഡിതാഭിപ്രായമുണ്ടെങ്കിലും കഴിയുമെങ്കില്‍ അത്തരം മരുന്നുകള്‍ സൂര്യാസ്തമയത്തിനു ശേഷം ഉപയോഗിക്കുകയാണ് ഏറ്റവും ഉത്തമം.
12. എനിമ, തിരിവെക്കല്‍ തുടങ്ങി ഗുദദ്വാരത്തില്‍ മരുന്നും മറ്റും പ്രവേശിപ്പിക്കുന്ന ചികിത്സകള്‍ (Anal suppository) കാരണമായി നോമ്പ് മുറിയും. സൂര്യാസ്തമയത്തിനു ശേഷം ചെയ്യാന്‍ പറ്റുന്നവര്‍ അങ്ങനെ പിന്തിപ്പിക്കല്‍ ‍ നിര്‍ബന്ധമാണ് താനും. ഇനി അതിനു കഴിയില്ലെങ്കില്‍ ഇങ്ങനെ ചികിത്സിക്കാമെങ്കിലും നോമ്പ് മുറിയും. ആ നോമ്പ് പിന്നീട് മടക്കി അനുഷ്‌ടിക്കുകയും വേണം(ഖദാ‍അ‌്)
13. സിറിഞ്ച് ഉപയോഗിച്ച് ഇന്‍‌ജക്ഷന്‍ എടുക്കുന്നതിനെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ വിരുദ്ധാഭിപ്രായമാണുള്ളത്. നോമ്പ് മുറിയുമെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ഇന്‍‌ജക്ഷന്‍ സൂര്യാസ്തമയത്തിനു ശേഷം എടുത്താല്‍ മതിയെങ്കില്‍ അങ്ങനെ ആവുന്നതാണ് നല്ലത്. അതിനു കഴിയാത്ത സാഹചര്യത്തില്‍ ഇന്‍‌ജക്ഷന്‍ എടുക്കാവുന്നതാണെന്ന് പ്രബലമായ അഭിപ്രായമുണ്ട്. നോമ്പ് മുറിയുകയില്ല. മനുഷ്യ ശരീരത്തിനു കഴിയാത്തതൊന്നും അല്ലാഹു ത‌ആലാ കല്‍‌പ്പിച്ചിട്ടില്ല. പണ്ഡിതരുടെ അഭിപ്രായ വ്യത്യാസത്തില്‍ ജനങ്ങള്‍ക്ക് കരുണയും എളുപ്പവുമുണ്ട്. എന്നാല്‍ ശരീരക്ഷീണമകറ്റുന്നതിനു വേണ്ടി ഇന്‍‌ജക്ഷനോ ഗ്ലൂകോസ് ഡ്രിപ്പ്‌ഡ് ഇന്‍‌ജക്ഷനോ എടുത്താല്‍ നിശ്‌ചയമായും നോമ്പ് മുറിയും.
14. ചെവി വൃത്തിയാക്കുന്നതിനായി ചെവിക്കോലോ ബഡ്‌സോ ചെവിയിലേക്കിട്ടാല്‍ നോമ്പ് മുറിയും എന്ന നിയമം അറിഞ്ഞു കൊണ്ട് ഒരാള്‍ അങ്ങനെ ചെയ്‌താല്‍ നോമ്പ് മുറിയും. എന്നാല്‍ നിയമത്തെ കുറിച്ച് അജ്‌ഞനായിട്ടോ ഓര്‍ക്കാതെയോ ആണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ നോമ്പ് മുറിയുകയില്ല.
15. ആസ്ത്മാ രോഗികള്‍ ഇന്‍‌ഹേലര്‍ ഉപയോഗിക്കുന്നത് കൊണ്ട് നോമ്പ് മുറിയും. മരുന്നിലെ ജലാംശം ഉമിനീരില്‍ കലര്‍ന്ന് ശരീരത്തിലെത്തുന്നത് കൊണ്ടാണിത്.

ശ്രദ്ധിക്കേണ്ട വസ്തുത:-

റമദാന്‍ മാസം പകല്‍ സമയത്ത് നോമ്പെടുക്കാന്‍ ബാധ്യസ്ഥനായ ഒരാള്‍ ഭക്ഷണം കഴിക്കും (ഒഴിവാകുന്ന കാരണങ്ങളൊന്നുമില്ലാതെ) എന്ന് അറിയാമെങ്കില്‍ അയാള്‍ക്ക് ഭക്ഷണം സമ്മാനിക്കുകയോ അയാള്‍ക്ക് വേണ്ടി ഭക്ഷണം വാങ്ങുകയോ അയാള്‍ക്ക് ഭക്ഷണം വില്‍ക്കുകയോ ചെയ്യുന്നത് അങ്ങേയറ്റം കുറ്റകരമായ കാര്യമാണ്.

18 comments:

Ziya said...

താഴെപ്പറയുന്ന ഏഴു കാര്യങ്ങള്‍ ഒരാളുടെ നോമ്പിനെ അസാധുവാക്കും.

1.ശരീരത്തിലെ ദ്വാരങ്ങളിലൂടെ എന്തെങ്കിലും വസ്തു ശരീരത്തിനകത്തേക്ക് പ്രവേശിപ്പിക്കല്‍.
2.മനഃപൂര്‍വ്വം ഛര്‍ദ്ദിക്കല്‍
3.ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍
4.സ്വയംഭോഗത്തിലൂടെയോ മറ്റു പ്രവര്‍ത്തനങ്ങളിലൂടെയോ സ്‌ഖലനം ഉണ്ടാക്കല്‍.
5.ആര്‍ത്തവം അല്ലെങ്കില്‍ പ്രസവാനന്തര രക്തസ്രാവം.
6. ചിത്തഭ്രമം
7.അബോധാവസ്ഥയിലാകല്‍.

ഇനി ഓരോന്നും അല്‍‌പം വിശദമായി നോക്കാം.

Mubarak Merchant said...

14. ചെവി വൃത്തിയാക്കുന്നതിനായി ചെവിക്കോലോ ബഡ്‌സോ ചെവിയിലേക്കിട്ടാല്‍ നോമ്പ് മുറിയും എന്ന നിയമം അറിഞ്ഞു കൊണ്ട് ഒരാള്‍ അങ്ങനെ ചെയ്‌താല്‍ നോമ്പ് മുറിയും. എന്നാല്‍ നിയമത്തെ കുറിച്ച് അജ്‌ഞനായിട്ടോ ഓര്‍ക്കാതെയോ ആണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ നോമ്പ് മുറിയുകയില്ല.
വിശദീകരണം വേണം

Rasheed Chalil said...

തികച്ചും വിജ്ഞാനപ്രദം.

Anonymous said...

(റമദാന്‍ മാസം പകല്‍ സമയത്ത് നോമ്പെടുക്കാന്‍ ബാധ്യസ്ഥനായ ഒരാള്‍ ഭക്ഷണം കഴിക്കും (ഒഴിവാകുന്ന കാരണങ്ങളൊന്നുമില്ലാതെ) എന്ന് അറിയാമെങ്കില്‍ അയാള്‍ക്ക് ഭക്ഷണം സമ്മാനിക്കുകയോ അയാള്‍ക്ക് വേണ്ടി ഭക്ഷണം വാങ്ങുകയോ അയാള്‍ക്ക് ഭക്ഷണം വില്‍ക്കുകയോ ചെയ്യുന്നത് അങ്ങേയറ്റം കുറ്റകരമായ കാര്യമാണ്)ദൈവമെ, അടുത്തിരിക്കുന്ന പാക്കിസ്താനി പെണ്ണിനോടു ഇപ്പൊ ചോദിച്ചേയുള്ളു, കഴിക്കാന്‍ വരുന്നോ എന്നു, കാരണം അവള്‍ നോമ്പ് എടുത്തിട്ടില്ലായിരുന്നു, ഇനി ചോദിക്കില്ല

കുഞ്ഞന്‍ said...

വളരെ വിജ്ഞാനപ്രദമായത്..

എന്റെ ഈ സംശയം ഒന്നു പറഞ്ഞുതരണേ..

“5. വലിയ അശുദ്ധിയില്‍ നിന്ന് മുക്തമാകുന്നതിനുള്ള നിര്‍ബന്ധമായ കുളി കുളിക്കുമ്പോഴോ (ലൈംഗിക ബന്ധത്തിനോ ആര്‍ത്തവത്തിനോ ശേഷം) , വെള്ളിയാഴ്‌ചയിലെ സുന്നത്തായ കുളി കുളിക്കുമ്പോഴോ വെള്ളം ചെവിക്കുള്ളില്‍ കടന്നാല്‍ നോമ്പ് മുറിയുകയില്ല. എന്നാല്‍ നിര്‍ബന്ധമോ സുന്നത്തോ അല്ലാത്ത കുളികുളിക്കുമ്പോഴാണ് ഇങ്ങനെ വെള്ളം കടക്കുന്നത് എങ്കില്‍ നോമ്പ് അസാധുവാകുന്നതാണ്“

അപ്പോള്‍ മുങ്ങിക്കുളിക്കുമ്പോള്‍ തീര്‍ച്ചയായും നോമ്പ് മുറിയില്ലേ?

മനപ്പൂര്‍വ്വം ഛര്‍ദ്ദിക്കല്‍.. ഒന്നു വിശദീകരിക്കാമൊ?

ഉണ്ണിക്കുട്ടന്‍ said...

പണ്ടു കൂടെ പഠിച്ചിരുന്ന ഒരു മുസ്ലീം സുഹൃത്ത് നോമ്പു കാലത്ത് ദിവസവും ഉച്ചക്കൊരു മൂന്നു മണിയാവുമ്പോ..പിടി വിട്ട് എന്നോടു "വണ്ടിയേടുക്കെടാ.." എന്നു പറയുമായിരുന്നു. നേരെ അടുത്തുള്ള ഹോട്ടലില്‍ പോയി കോഴി ബിരിയാണി വാങ്ങിക്കഴിക്കും. അവനെ പിന്നിലിരുത്തി ഹോട്ടല്‍ വരെ വണ്ടിയോടിച്ചു എന്നൊരു തെറ്റു മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളൂ..കുഴപ്പമുണ്ടോ..?

കുഞ്ഞന്‍ said...

ഓ.ടോ. ഉണ്ണിക്കുട്ടാ ഇത്തിരി അസ്വഭാവികത തോന്നുന്നു. ഒരു ദിവസമെന്നൊക്കെ പറഞ്ഞാല്‍ ബൂലോകത്തുള്ളവര്‍ വിശ്വസിച്ചേക്കും, പക്ഷെ ദിവസവും എന്നൊക്കെ പറയല്ലെ, അതും ഈ പുണ്യമാസക്കാലത്ത്.

ആദ്യമായി മുസല്‍മാന്‍ എന്താണെന്ന് അറിയുക,(നോമ്പിനെ പറ്റി മുസല്‍മാന്റെ കാഴ്ചപ്പാട്)അസംബന്ധം വിളമ്പല്ലേ...

Ziya said...

ഇക്കാസ്,
ചെവി വൃത്തിയാക്കുന്നതിനായി ബഡ്‌സ്, അല്ലെങ്കില്‍ ചെവിക്കോല്‍ ചെവിക്കുള്ളിലേക്ക് ആഴത്തില്‍ പ്രവേശിപ്പിച്ചാല്‍ നോമ്പ് മുറിയും എന്നു തന്നെയാണ് ശഫീഈ മദ്‌ഹബിന്റെ ഫിഖ്‌ഹീ (കര്‍മ്മശാസ്ത്ര) ഗ്രന്ഥങ്ങളില്‍ പറയുന്നത്. എന്നാല്‍ ചൊറിച്ചിലോ മറ്റോ മാറ്റാന്‍ അധികം ഉള്ളിലേക്കല്ലാതെ ബഡ്‌സ് ഇടുന്നത് കൊണ്ട് കുഴപ്പമില്ല. ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഇത് ഒരു നിയമമാണ്. ഇസ്‌ലാമില്‍ സാഹചര്യമനുസരിച്ച് നിയമങ്ങളില്‍ ഇളവുണ്ടാകാറുണ്ടല്ലോ. വിശന്നോ ദാഹിച്ചോ മരിക്കുമെന്ന് തോന്നിയാല്‍ പന്നിമാംസം ഭക്ഷിക്കാനും മദ്യം കുടിക്കാനും ഇസ്‌ലാം അനുവദിക്കുന്നുണ്ട്.

വൃത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബഡ്‌സ് ഉപയോഗിക്കുന്നതെങ്കില്‍ അത് രാത്രി ആയിരിക്കലാണ് ഉത്തമം. അതല്ല ചൊറിച്ചിലോ മറ്റോ കാരണമായിട്ടാണെങ്കില്‍ അധികം ഉള്ളിലേക്കല്ലാതെ വളരെ ലഘുവായി ബഡ്‌സ് ഉപയോഗിക്കാവുന്നതാണ്. അല്ലാഹു എല്ലാമറിയുന്നവനാണ്.

കുഞ്ഞന്‍:-
വലിയ അശുദ്ധിയില്‍ നിന്ന് മുക്തമാകുന്നതിനുള്ള നിര്‍ബന്ധമായ കുളി കുളിക്കുമ്പോള്‍ മുങ്ങിക്കുളിച്ചാല്‍ നോമ്പ് മുറിയില്ല. എങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്. സാധാരണകുളികള്‍ക്ക് മുങ്ങിക്കുളി തീരെ നല്ലതല്ലെന്ന് മാത്രമല്ല നോമ്പ് മുറിയാന്‍ സാധ്യതയുമുണ്ട്.
വേനല്‍, ഉണ്ണിക്കുട്ടാ...
:)
:)

Ziya said...

ഉണ്ണിക്കുട്ടന്‍ ഒരു തമാശ പറഞ്ഞതല്ലേ കുഞ്ഞാ...
അതിനെ ഇങ്ങനെ നേരിടേണ്ട കാര്യമുണ്ടോ?
വിവദമാക്കല്ലേ :)

പിന്നെ മുസ്‌ലിമിന്റെ മുഴുവന്‍ കാഴ്‌ച്ചപ്പാടല്ലല്ലോ ഉണ്ണിക്കുട്ടന്‍ പറഞ്ഞത്....വികൃതിയായ ഒരു കൂട്ടുകാരന്റെ തോന്ന്യാസം...അത്രല്ലേ ഉള്ളൂ...:)

കുട്ടിച്ചാത്തന്‍ said...

വിയര്‍പ്പ് തിരിച്ച് ശരീരത്തില്‍ കടന്നാല്‍ നോമ്പ് മുറിയോ?

Ziya said...

വിയര്‍പ്പെങ്ങനെ തിരിച്ച് ശരീരത്തില്‍ കടക്കും?
Body cavity യിലേക്ക് open orifice അഥവാ ശരീരത്തിലെ സ്വാഭാവികമായ തുറന്ന ദ്വാരങ്ങളിലൂടെ വല്ല വസ്തുവും പ്രവേശിച്ചാലേ നോമ്പ് മുറിയൂ...ത്വക്കിലൂടെ വല്ലതും absorb ചെയ്യപ്പെട്ടാല്‍ നോമ്പ് മുറിയില്ല.

വിയര്‍പ്പ് കുടിച്ചാല്‍ മുറിയും :)

അഞ്ചല്‍ക്കാരന്‍ said...

നല്ല ഉദ്യമം.

Mubarak Merchant said...

കുഞ്ഞന്റെ സംശയത്തിനു ചെറിയൊരു വിശദീകരണം ഞാന്‍ മനസ്സിലാക്കിയ വിവരങ്ങളില്‍ നിന്ന് തരാം:
അതായത്, വലിയ അശുദ്ധി നിര്‍ബന്ധമായും നീക്കപ്പെടേണ്ട ഒന്നാണ്. അതിനു മുങ്ങിക്കുളി അല്ലാതെ വേറെ മാര്‍ഗ്ഗം ഒന്നും ഇല്ല എങ്കില്‍ (വെള്ളം കോരിയെടുത്ത് കുളിക്കാനുള്ള സംവിധാനങ്ങള്‍ ഒന്നും ഇല്ലെങ്കില്‍) അശുദ്ധിയില്‍ നിന്ന് മുക്തനാവുക എന്ന ലക്ഷ്യ്ത്തെ മുന്‍ നിര്‍ത്തി നോമ്പുകാരന്‍ മുങ്ങിക്കുളിച്ചാലും അവന്റെ നോമ്പ് മുറിയില്ല എന്നാണു ഞാന്‍ മനസ്സിലാക്കിയത്. ശരിയാണോ സിയ ഉസ്താദ്?

Ziya said...

ഇക്കാസുസ്‌താദ് പറഞ്ഞത് ശരിയാണ്.
വലിയ അശുദ്ധിയെ മാറ്റാന്‍ വെള്ളം കോരിയെടുത്ത് കുളിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അതിനാണ് മുന്‍‌ഗണന നല്‍‌കേണ്ടത്. അല്ലാത്ത സാഹചര്യത്തില്‍ മാത്രം മുങ്ങിക്കുളി സ്വീകാര്യമാവും. അതും സൂക്ഷ്‌മതയോടെ കുളിക്കുക.

കുഞ്ഞന്‍ said...

വിശദീകരണത്തിനു നന്ദി, പക്ഷെ ഞാന്‍ ചോദിച്ചത്, എന്റെ വീട് പെരിയാ‍റിനു സമീപമാണ്, ആയതിനാല്‍ സമീപ വാസികളെല്ലാം ഈയടുത്ത കാലം വരെ കുളിക്കാനാശ്രയിച്ചിരുന്നത് ഈ പുഴയിലാണ്. അപ്പോള്‍ വലിയ അശുദ്ധിയില്ലാത്ത സാദ നോമ്പുകാര്‍ മുങ്ങിക്കുളിക്കുമ്പോള്‍ സ്വാഭാവികമായി ചെവിയിലും മറ്റും വെള്ളം കയറുവാന്‍ സാദ്ധ്യതയുണ്ട് ഇതു നോമ്പിനെ മുറിക്കുമൊ?

ഛര്‍ദ്ദിക്കുന്നത് നോമ്പു മുറിക്കുമെന്ന് പറയുന്നതിലെ യുക്തിയെന്താണ്? നാക്കില്‍ രുചി വരുമെന്നുള്ളതു കൊണ്ടാണൊ?

നോമ്പിനു പിന്നിലെ ഐതീഹ്യമൊന്നു വിശദമാക്കാമൊ? നബി തിരുമേനി പറഞ്ഞതു കൊണ്ടാണൊ നോമ്പ് ആചരിക്കുന്നത്?

Ziya said...

പ്രിയ കുഞ്ഞന്‍...
നദിയില്‍ മുഴുവന്‍ മുങ്ങാതെ തലയില്‍ മാത്രം വെള്ളം കോരിയൊഴിക്കാമല്ലോ?

ഛര്‍ദ്ദിയുടെ കാര്യം അടുത്ത കുറിപ്പില്‍ വരുന്നുണ്ട്.

നോമ്പിനു പിന്നില്‍ ഐതിഹ്യമൊന്നുമില്ല, അത് പടച്ചതമ്പുരാന്റെ കല്‍‌പനയാണ്.
അല്ലാഹു പറയുന്നു: യാ അയ്യുഹല്ലദീന ആമനൂ, കുതിബ അലൈക്കുമു സ്വിയാമു കമാ കുതിബ അലല്ലദീന മിന്‍ ഖബ്‌ലിക്കും ല അല്ലക്കും തത്തഖൂന്‍= അല്ലയോ സത്യവിശ്വാസികളേ, നിങ്ങളുടെ മുന്‍‌ഗാമികളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതു പോലെ നിങ്ങളുടെ മേലും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്‌മതയുള്ളവരാകുന്നതിനു വേണ്ടി.

അതായത് പ്രവാചകന്‍ മുഹമ്മദ്(സ)നും മുമ്പുണ്ടായിരുന്ന സമൂഹങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായിരുന്നു.

അല്ലാഹു പറയുന്നു: മനുഷ്യരുടെ എല്ലാ ആരാധനയും അവരവര്‍ക്കു വേണ്ടിയുള്ളതാണ്. നോമ്പ് എനിക്ക് മാത്രമുള്ളതാണ്.

സാജന്‍| SAJAN said...

സിയാ നല്ല വിഞ്ജാനപ്രദമായ ലേഖനം, റംസാനെ പ്പറ്റി ഇത്രയും വിശദമാക്കിയതിനു നന്ദി!

മുസ്തഫ|musthapha said...

സിയ വളരെ നന്നായി ഈ ഭാഗവും, തികച്ചും അറിവ് പകരുന്ന ലേഖനം - അഭിനന്ദനങ്ങള്‍.

പകല്‍ നിയ്യത്ത് ആവര്‍ത്തിച്ചാലും ഉമിനീരിറക്കിയാലുമൊക്കെ നോമ്പ് മുറിയുമെന്ന തെറ്റായ പല ധാരണകളും കുട്ടിക്കാലത്തുണ്ടായിരുന്നു... മുതിര്‍ന്നവര്‍ക്കിടയില്‍ നിന്ന് തന്നെ പകര്‍ന്ന് കിട്ടിയ തെറ്റിദ്ധാരണകള്‍...!